മകളുടെ ജനനശേഷം പേളി മാണിയുടെയും ശ്രീനിഷിന്റെയും ലോകം അവൾക്കു ചുറ്റുമാണ്. നിലയ്‌ക്കൊപ്പമുളള സന്തോഷ നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നിലയുടെ ആദ്യ ഓണം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയയുടെ ഇഷ്ടദമ്പതികൾ.
നിലയുടെ ആദ്യ ഓണാഘോഷത്തിന്റെ ചിത്രങ്ങളാണ് പേളിയും ശ്രീനിഷും ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. പേളിയും ശ്രീനിഷും കുഞ്ഞു നിലയെയും എടുത്ത് സ്നേഹചുംബനം നൽകുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിലക്കുട്ടിക്ക് ഓണാശംസകൾ നൽകികൊണ്ട് നിരവധിപേർ ചിത്രത്തിന് കമന്റ് ചെയ്യുന്നുണ്ട്.
Also read: ക്യൂട്ട് ചിരിയുമായി നില; മാമോദീസ ചടങ്ങിലെ ചിത്രവുമായി പേളിയും ശ്രീനിഷും
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. പേളിയ്ക്കും ശ്രീനിഷിനും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്, പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും വിളിക്കുന്നത്.
മാർച്ച് 20നായിരുന്നു നിലയുടെ ജനനം. മകളുടെ ബർത്ത് സ്റ്റോറി പേളി ആരാധകർക്കായി ഷെയർ ചെയ്തിരുന്നു. മകളുടെ വിശേഷങ്ങളും വീഡിയോകളുമെല്ലാം ഇരുവരും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.