മലയാളത്തിൽ നിന്നും ഒരു നടി കൂടെ ബോളിവുഡിലേക്ക്. അവതാരക, അഭിനേത്രി എന്നീ നിലകളിലൊക്കെ ശ്രദ്ധേയയായ പേളി മാണിയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. അഭിഷേക് ബച്ചനും ആദിത്യറോയ് കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനുരാഗ് ബസുവിന്റെ ഹിന്ദി ചിത്രത്തിലൂടെയാണ് പേളിയുടെ ബോളിവുഡ് അരങ്ങേറ്റം. ഈ ഡാർക്ക് കോമഡി പരീക്ഷണചിത്രത്തിൽ രാജ്കുമാർ റാവു, പങ്കജ് ത്രിപാദി, സന്യ മൽഹോത്ര, ഫാത്തിമ സന ഷെയ്ഖ്, റോഹിത് സറഫ് തുടങ്ങിയ പ്രഗത്ഭരുമുണ്ട്.
ബോളിവുഡിലെ തന്റെ ആദ്യ ഷോട്ട് അഭിഷേക് ബച്ചനൊപ്പമായിരുന്നുവെന്നും വളരെ കൂളായൊരു വ്യക്തിയാണ് അഭിഷേക് എന്നും പേളി പറയുന്നു. “അദ്ദേഹം എന്നെയെപ്പോഴും ചാച്ചി എന്നു വിളിക്കും, ഞാനത് ചേച്ചി എന്നു തിരുത്തികൊണ്ടേയിരുന്നു,” അഭിഷേകിനൊപ്പമുള്ള അനുഭവങ്ങൾ പേളി പങ്കുവയ്ക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പേളി. ബിഗ് ബോസിൽ ഇരിക്കുമ്പോഴാണ് അനുരാഗ് ബസു ചിത്രത്തിൽ നിന്നും ഓഫർ വരുന്നതെന്നനും ഒരു സ്വപ്നം പോലെയാണ് തോന്നിയതെന്നും പേളി പറയുന്നു.
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത ശ്രീനിഷ് അരവിന്ദുമായി അടുത്തിടെയാണ് പേളിയുടെ വിവാഹം കഴിഞ്ഞത്. ബിഗ്ഗ് ബോസിനകത്തെ ഇരുവരുടെയും പ്രണയവും വിവാഹവിശേഷങ്ങളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. മേയ് ആദ്യവാരം ആയിരുന്നു ഇരുവരുടെയും വിവാഹം. മേയ് നാലിന് വൈകുന്നേരം നാലരയ്ക്ക് സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തില്‍ ചൊവ്വര പള്ളിയില്‍ വച്ചാണ് പേളിയും ശ്രീനിഷും വിവാഹിതരായത്. തുടർന്ന് മേയ് എട്ടിന് പാലക്കാട്ട് വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹവും നടന്നു.
Read more: സാരിയിലും ശ്രീനിഷിനോടുളള പ്രണയം പറഞ്ഞ് പേളി മാണി
സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള പേളിയ്ക്കും ശ്രീനിഷിനും ആരാധകർ നൽകിയ പേരാണ് പേളിഷ് എന്നത്. അതേ പേരിൽ ഇരുവരും ഒന്നിച്ച് ഒരു വെബ് സീരീസും ആരംഭിച്ചു. സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒന്നാം സീസണു പിന്നാലെ വെബ് സീരിസിന്റെ രണ്ടാം സീസണും അവതരിപ്പിച്ചിരിക്കുകയാണ് പേളി- ശ്രീനിഷ് ദമ്പതികൾ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook