ഓരോ കോളേജ് ഇടനാഴികളും ഒരുപാട് കാഴ്ചകള്‍ക്ക് സാക്ഷികളാണ്. മറ്റാരും കാണാത്തത് കണ്ടും, മറ്റാരും കേള്‍ക്കാത്തത് കേട്ടും, ഓരോ ബാച്ചുകള്‍ പടിയിറങ്ങുമ്പോഴും ഓര്‍മ്മകള്‍ നെഞ്ചോടു ചേര്‍ത്ത വരാന്തകള്‍ ബാക്കിയാകുന്നു.
‘പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ ഞാന്‍ ആയിശയോടൊപ്പം നടന്നു… വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേകതരം പാതിരാ കാറ്റ് ഉണ്ട്…. അതു അവളുടെ തട്ടത്തിലും മുടിയുലുമൊക്കെ തട്ടി തടഞ്ഞു പോകുന്നുണ്ടായിരുന്നു.. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് ഓരോ തവണ വരുമ്പോഴും പെണ്ണിന്റെ മൊഞ്ച് കൂടി കൂടി വന്നു.. അന്ന്… ആ വരാന്തയില്‍ വച്ച്.. ഞാന്‍ മനസിലുറപ്പിച്ചു…മറ്റൊരുത്തനും ഇവളെ വിട്ടു കൊടുക്കൂല്ലാന്ന്…. ഈ ഉമ്മച്ചികുട്ടി…. ഇവള്‍ എന്റെയെന്ന്…..’, പയ്യന്നൂര്‍ കോളേജിന്റെ ആ ഇടനാഴി പൊളിച്ചു മാറ്റുകയാണ്.
നടനും ഈ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ സുബീഷ് സുധി തന്റെ സങ്കടം ഫെയ്‌സ്ബുക്കില്‍ പങ്കു വച്ചു.
ഏതുറക്കത്തില്‍ ചോദിച്ചാലും മലയാളികള്‍ക്ക് കാണാപ്പാഠമാണ് ഈ വരികള്‍. ‘തട്ടത്തിന്‍ മറയത്ത്’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ നെഞ്ചേറ്റിയത് വിനോദിനേയും ആയിഷയേയും മാത്രമല്ല, ആ കോളേജ് വരാന്തയും പാതിരാക്കാറ്റുമൊക്കെയായിരുന്നു. അവിടം ഇനി ഓര്‍മകളില്‍ മാത്രമാണെന്നു പറയുമ്പോള്‍ ‘അയ്യോ’ എന്നു ഒരുനിമിഷം ചിന്തിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. പയ്യന്നൂര്‍ കോളേജിന്റെ വരാന്ത പൊളിച്ചുമാറ്റുകയാണ്. പുതിയ ബില്‍ഡിങ്ങിലേക്കുള്ള വഴിയാക്കാനാണ് വരാന്ത പൊളിക്കുന്നത്.