വലിയ പദ്ധതികളുമായി, “എല്ലാം ഇപ്പോ ശരിയാക്കി തരാമെന്ന്” വീരവാദം പറഞ്ഞ് പോയിട്ട്, പരാജിതരായി മടങ്ങിയവരെയെല്ലാം മലയാളി കളിയാക്കി വിളിച്ചു: “ദേ പവനായി…”

അപ്പോഴെല്ലാം വിജയിച്ചു കയറിയത്, ക്യാപ്റ്റൻ രാജു എന്ന പ്രതിഭാധനനായ അഭിനേതാവായിരുന്നു. ഒപ്പം, കൊടും ക്രൂരതകൾ നിറഞ്ഞ , വെള്ളിത്തിരയിൽ സംഘർഷവും പ്രേക്ഷകരിൽ ഭയവും നിറയ്ക്കുന്ന സ്റ്റീരിയോ ടൈപ്പ് വില്ലൻ വേഷങ്ങളിൽ നിന്ന് തനിക്കൊരു മോചനം വേണമെന്ന ഉറച്ച തീരുമാനമെടുത്ത ക്യാപ്റ്റൻ രാജു എന്ന അഭിനേതാവിന്റെ ഇച്ഛാശക്തി കൂടിയായിരുന്നു.

ആകാരസൗഷ്ഠവും ഉയരവും തലപ്പൊക്കവും നോക്കി പ്രതിനായക വേഷങ്ങൾ മാത്രം സംവിധായകർ ക്യാപ്റ്റനു നേരെ നീട്ടിയപ്പോൾ, അതിനപ്പുറം തനിക്കു ചെയ്യാൻ ഒരുപാടുണ്ടെന്ന വിശ്വാസത്തോടെ തന്റെ ഉള്ളിലെ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞത് ചിലപ്പോൾ ക്യാപ്റ്റൻ രാജു തന്നെ ആയിരിക്കും.

Read More: വിട, ക്യാപ്റ്റന്‍

ആത്മാഭിമാനത്തിനും മൂല്യബോധത്തിനും ദേശസ്നേഹത്തിനുമൊക്കെ ജീവിതത്തിൽ ഏറെ പ്രാധാന്യം നൽകിയ ക്യാപ്റ്റൻ രാജുവെന്ന മനുഷ്യസ്നേഹിക്ക്, തന്റെ കഥാപാത്രങ്ങൾ ചെയ്യുന്ന നീചപ്രവൃത്തികൾ പോലും അസഹ്യമായി തോന്നിയിരുന്നു. താൻ ചെയ്യുന്ന പ്രതിനായക കഥാപാത്രങ്ങളുടെ തിന്മ, തന്റെ ഉള്ളിലെ മനുഷ്യനോട് വരെ പുച്ഛം തോന്നുന്ന രീതിയിലേക്ക് മനസ്സിനെ അസ്വസ്ഥമാക്കാൻ തുടങ്ങിയപ്പോഴായിരുന്നു ക്യാപ്റ്റൻ രാജുവിന്റെ ആ ഉറച്ച തീരുമാനം, ഇനി നെഗറ്റീവ് റോളുകൾ ചെയ്യില്ല!

ആർജവത്തോടെ അത്തരമൊരു തീരുമാനം ക്യാപ്റ്റൻ എടുത്തില്ലായിരുന്നെങ്കിൽ, ചിലപ്പോൾ ഒരു സ്റ്റീരിയോ ടൈപ്പ് വില്ലന്റെ ഇമേജിനകത്ത് ക്യാപ്റ്റനും കുടുങ്ങിപ്പോയേനെ. പവനായി എന്ന കാലത്തെ അതിജീവിച്ച കഥാപാത്രം പോലും ഇത്രയേറെ ജനശ്രദ്ധ നേടില്ലായിരുന്നു.

പവനായി എന്ന ആ കഥാപാത്രത്തിന്റെ സ്ഥാനത്ത് ക്യാപ്റ്റൻ രാജുവിനെ അല്ലാതെ മറ്റൊരു പകരക്കാരനെ സങ്കൽപ്പിക്കാൻ കൂടി മലയാളിക്ക് ഇന്ന് കഴിയില്ല! അഭിനയത്തോട് അത്രയേറെ നീതി പുലർത്തി, പ്രതിഭ കൊണ്ട് ക്യാപ്റ്റൻ അടയാളപ്പെടുത്തിയ കഥാപാത്രമാണ് പവനായി.

Read More: Captain Raju Dies in Kochi: ‘രാജുച്ചായ’ന് വിട നൽകി താരങ്ങൾ

Captain Raju, Thilakan in Nadodikattu

‘നാടോടിക്കാറ്റി’ലെ പവനായി

കേരളത്തിലെ ചെറുപ്പക്കാർ ഒരുകാലത്ത് നേരിട്ട തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായി ഹാസ്യത്തിന്റെ മേമ്പൊടിയോടെ ആവിഷ്കരിച്ച ചിത്രമായിരുന്നു സത്യൻ അന്തിക്കാടിന്റെ ‘നാടോടിക്കാറ്റ്’. ദാസൻ- വിജയൻ ജോഡികൾ മലയാളി യുവത്വത്തിന്റെ പ്രതീകമായപ്പോൾ തന്നെ, വില്ലനായെത്തി കുടുകുടാചിരിപ്പിച്ച് ഒടുക്കം ‘ശവമായി’ മാറിയ പവനായിയും ഹിറ്റായി.

ദാസൻ- വിജയൻ കൂട്ടുകെട്ടിനോട് സാമ്യമുള്ള, മലയാളി യുവത്വത്തിനെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങൾ മലയാള സിനിമയിൽ വീണ്ടും പലതവണ ആവർത്തിക്കപ്പെട്ടു, അവയിൽ പലതും യുവാക്കളുടെ ഹൃദയം കവരുകയും ചെയ്തു. എന്നാൽ, സിനിമയിറങ്ങി മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും പവനായിയെ മാത്രം മലയാളി മറന്നില്ല. ‘പവനായി’ എന്നത് മലയാളിയുടെ നിഘണ്ടുവിലെ ഒരു നിത്യോപയോഗ പദമായി മാറി!

ഗൾഫാണെന്നു കരുതി ചെന്നൈയിലെത്തിയ അന്നു മുതൽ ദാസന്റെയും വിജയന്റെയും ജീവിതത്തിലേക്ക് കടന്നുവന്ന തലവേദനയാണ് അധോലോക നേതാവായ അനന്തൻ നമ്പ്യാർ. തന്റെ അധോലോക പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന ദാസ-വിജയന്മാരെ അവസാനിപ്പിക്കുന്നതിനായി ഒടുവിൽ അനന്തൻ നമ്പ്യാർ പവനായിയെ രംഗത്തിറക്കുമ്പോഴാണ് സിനിമയിലേക്ക് പവനായിയുടെ വരവ്.

മലപ്പുറം കത്തിയും ട്രാൻസിസ്റ്റർ ബോംബും മുതൽ അൾട്രാ മോഡേൺ മെഷീൻ ഗണും ഖൂർഗാ ഗറില്ലകൾ ഉപയോഗിക്കുന്ന അമ്പും വില്ലും വരെ കൊണ്ടുനടക്കുന്ന പ്രൊഫഷണൽ കില്ലറായി ഗംഭീര എൻട്രിയാണ് പവനായി നടത്തുന്നത്.

Read More: വില്ലന്‍ വേഷങ്ങള്‍ക്ക് പുതുമാനം നല്‍കിയ കലാകാരന്‍

കാഞ്ഞങ്ങാട് രാവണേശ്വരം ഗ്രാമത്തിൽ ജനിച്ചുവളർന്ന പി.വി.നാരായണൻ, പവനായി ആവുന്നത് കൊലയാളിക്ക് നാരായണനെന്ന പേരിട്ടാൽ ഒരു ‘വെയ്റ്റ് കിട്ടില്ലെ’ന്ന തോന്നലിന്റെ പുറത്താണ്. പി.വി.നാരായണൻ എന്ന പേരിൽ ചില്ലറ ‘പരിഷ്കാരങ്ങൾ’ ഒക്കെ വരുത്തി നാരായണൻ അങ്ങനെ ‘പവനായി’ ആയി മാറി, പൊലീസിനെയും പട്ടാളത്തിനെയും വിറപ്പിക്കുന്ന ‘കൊടുംഭീകരൻ.’

കൈയ്യിലുള്ള മാരക ആയുധങ്ങളിൽ നിന്ന് ഏതുവേണം എന്നു തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കൂടി നൽകി ദാസവിജയന്മാർക്ക് മുന്നിൽ ഹൃദയവിശാലത പ്രകടിപ്പിക്കുന്നുണ്ട് പവനായി. പക്ഷേ പറഞ്ഞിട്ടെന്ത്, വിജയനേയും ദാസനേയും കൊല്ലാനുള്ള ശ്രമത്തിനിടയിൽ കൊല്ലപ്പെടാനായിരുന്നു ആ ചെറുപ്പക്കാർ കാരണം ‘മാനം പോയ പാവം പ്രൊഫഷണൽ കില്ലറുടെ’ ദുര്യോഗം.

മലയാള സിനിമയിലെ​ ആദ്യത്തെ ‘സ്വയം പ്രഖ്യാപിത പ്രൊഫഷണൽ കില്ലറാ’ണ് പവനായിയെന്നു തന്നെ പറയാം. സിനിമയിൽ ഏതാനും ചില സീനുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട് (ആറു മിനിറ്റ് ദൈർഘ്യം പോലുമില്ല പവനായി എന്ന കഥാപാത്രത്തിന് സിനിമയിൽ) ഒരു കഥാപാത്രത്തെ അനശ്വരനാക്കുക എന്നത് ഒരു​ അഭിനേതാവിന് ഒരായുഷ്കാലത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഭാഗ്യമാണ്.

ക്യാപ്റ്റന് ബാക്കിവച്ചു പോയ അനശ്വര കഥാപാത്രങ്ങൾക്ക് നന്ദി പറയുമ്പോഴെല്ലാം, മലയാളിക്ക് പവനായിയെയും ഓർക്കാതിരിക്കാൻ ആവില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ