Pathrosinte Padappukal Movie Review & Rating: പേര് സൂചിപ്പിക്കും പോലെ പത്രോസിന്റെ കുടുംബത്തിന്റെയും മക്കളുടെയും കഥയാണ് മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്സല് അബ്ദുല്‍ ലത്തീഫ് സംവിധാനം സംവിധാനം ചെയ്ത ‘പത്രോസിന്റെ പടപ്പുകൾ’. ഒരു മുഴുനീള ഫാമിലി കോമഡി എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വൈപ്പിൻ എന്ന തീരദേശ ഗ്രാമത്തിലാണ് പത്രോസും നാല് മക്കളും താമസിക്കുന്നത്. ഇതിൽ മൂന്നേണം ആണും ഒരാൾ പെൺകുട്ടിയുമാണ്. വ്യത്യസ്ത സ്വഭാവക്കാരായ മൂന്ന് ആൺമക്കളും പത്രോസിന് തലവേദനയാണ്. കുടുംബം നോക്കാതെ നടക്കുന്ന മൂത്തയാൾ സോണി (ഷറഫുദീൻ) പണ്ടേ വീട്ടിൽ നിന്ന് പുറത്തായതാണ്. മൂന്നാറും മറ്റും ബൈക്ക് ട്രിപ്പും മറ്റുമായി കറങ്ങി നടക്കുന്ന സോണിയുടെ സ്ഥാനം വീടിന്റെ മുറ്റത്തെ ടെന്റാണ്. രണ്ടാമത്തെയാൾ ടോണി (ഡിനോയ് പൗലോസ്), യാതൊരു പണിയുമില്ലാതെ വെള്ളമടിച്ച് കൂട്ടുകാർക്ക് ഒപ്പം കമ്പനി കൂടി നടക്കലാണ് ആളുടെ പണി. മൂന്നാമത്തവൻ ബോണി (നസ്ലെൻ), നാട്ടിൽ അല്ലറചില്ലറ മോഷണങ്ങളുമായി നടക്കുകയാണ് ഇവൻ. ചെറിയ പോത്ത്, വാഴക്കുല, വഴക്കണ് തുടങ്ങിയ സാധനങ്ങളാണ് ആശാൻ പ്രധാനമായും മോഷ്ടിക്കുക. ഇതിന്റെ പേരിൽ പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ കയറേണ്ടി വരാറുണ്ട് ഈ അപ്പന്. ഇവരെ കൂടാതെ വീട്ടിലുള്ളത് ഇളയമകൾ നീനുവും, ഭാര്യയും പിന്നെ പത്രോസിന്റെ അമ്മച്ചിയുമാണ്.
രണ്ടമത്തെ മകൻടോണിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. സഹോദരിയുടെ വീട്ടിലായിരുന്ന അമ്മച്ചി പത്രോസിന്റെ വീട്ടിലേക്ക് തിരിച്ചെടുന്നതോടെയാണ് ‘പത്രോസിന്റെ പടപ്പുകൾ’ വേത നേടുന്നത്. പല രസകരമായ സംഭവങ്ങളും കുടുംബത്തിൽ അരങ്ങേറുന്നു. അതിനിടെ ടോണി കുട്ടിക്കാലം മുതൽ സുഹൃത്തായ അമ്മു(രഞ്ജിത മേനോൻ) വുമായി പ്രണയത്തിലാകുന്നത്. നാട്ടിലെ അത്യാവശ്യം ധനികനായ ടോണിയും കുടുംബവും അവന്റെ കൂട്ടുകാരുമെല്ലാം നല്ല ബന്ധം പുലർത്തുന്ന കുര്യാക്കോസിന്റെ (ജോണി ആന്റണി) മകളാണ് അമ്മു. ഈ പ്രണയം അതുവരെയുള്ള ടോണിയെ മാറാൻ നിർബന്ധിതനാക്കുകയാണ്. തുടർന്നുള്ള സംഭവവികാസങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
വലിയ പുതുമകളൊന്നും അവകാശപ്പെടാനില്ലാതെ, എന്നാൽ വളരെ നർമ്മരസമുള്ള മുഹൂർത്തങ്ങളും അല്പം പ്രണയവുമൊക്കെയായി പ്രേക്ഷകരെ തെല്ലും ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോവുകയാണ് ‘പത്രോസിന്റെ പടപ്പുകൾ’. ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിന് ശേഷം ഡിനോയ് എഴുതിയ ഈ ചിത്രവും പ്രേക്ഷകരെ ചിരിപ്പിക്കാൻ മറക്കുന്നില്ല. കഥാപാത്രങ്ങളുടെ നിർമ്മിതി കൊണ്ട് തന്നെ പ്രേക്ഷകരിൽ ഡിനോയ് ചിരി ഉണർത്തുന്നുണ്ട്.
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപാരമ്പരയായ ഉപ്പും മുളകും എഴുതിയ അഫ്സല് അബ്ദുല്‍ ലത്തീഫിന് കുടുംബപ്രേക്ഷകരുടെ പൾസ് അറിയുന്ന എഴുത്തുകാരനിൽ നിന്ന് സംവിധായകനിലേക്ക് മികച്ചൊരു ട്രാൻസിഷൻ തന്നെയാണ് നടത്തിയിരിക്കുന്നത്. വലിയ ട്വിസ്റ്റുകളൊന്നുമില്ലാതെ ഒരു കുഞ്ഞു കഥയെ വളരെ ലൈറ്റയി അവതരിപ്പിച്ചിരിക്കുകയാണ് അബ്ദുൽ ലത്തീഫ്.
അഭിനേതാക്കളുടെ പ്രകടനമാണ് എടുത്തു പറയേണ്ട മറ്റൊന്ന്. ഓരോ താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ യാതൊരു അതിഭാവുകത്വവും തോന്നാതെ ഏറ്റവും മികച്ചതായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ടോണി എന്ന പ്രധാന കഥാപാത്രത്തെ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ ഡിനോയ് പൗലോസ് മികച്ചതാക്കി. സോണി എന്ന കഥാപാത്രത്തിലൂടെ ഷറഫുദീൻ ഒരിക്കൽ കൂടി തിയേറ്ററിൽ ചിരി തീർക്കുന്നുണ്ട്. സിറ്റുവേഷണൽ കോമഡികളൊക്കെ മികച്ച ടൈമിങ്ങോടെയാണ് ഷറഫുദീൻ കൈകാര്യം ചെയ്യുന്നത്. വീട്ടിലെ ഏറ്റവും കുരുത്തംകെട്ടവനായ ബോണിയെ നസ്ലന് നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ കൂടി ശ്രദ്ധേയമായ പ്രകടനത്തിലൂടെ ജോണി ആന്റണിയും പ്രേക്ഷകരുടെ ഇഷ്ടം കവരുന്നുണ്ട്.
പത്രോസായി ജെയിംസ് ഏലിയയും ഭാര്യ ജോളിയായി ഷൈനിയും തിളങ്ങിയിട്ടുണ്ട്. അമ്മു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രഞ്ജിത മേനോനും മികച്ചു നിന്നു. എന്നാൽ തിയേറ്ററിൽ ഏറ്റവും കൂടുതൽ കയ്യടി വാങ്ങിയത് പത്രോസിന്റെ അമ്മച്ചി കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ്. ചിത്രത്തിൽ ഗ്രേസ് ആന്റണിയും ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ശ്യാം മോഹൻ, രാഹുൽ രഘു, സുരേഷ് കൃഷ്ണ ചിത്രത്തിന്റെ എഡിറ്ററും ക്രീയേറ്റീവ് ഡയറക്ടറുമായ സംഗീത് പ്രതാപും ശ്രദ്ധേയകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ജേക്സ് ബിജോയുടെ സംഗീതത്തിൽ ഒരുങ്ങിയ ഗാനങ്ങളും ജയേഷ് മോഹന്‍ ക്യാമറയും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്. കോമഡിരംഗങ്ങളെ കൂടുതൽ ആസ്വാദ്യകരമാക്കാൻ പശ്ചാത്തല സംഗീതത്തിനും കഴിയുന്നു.
രണ്ടര മണിക്കൂർ കുടുംബപ്രേക്ഷകർക്ക് കണ്ട് ആസ്വദിക്കാൻ കഴിയുന്ന സിറ്റുവേഷൻ കോമഡികൾ ധാരാളമുള്ള കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ട് മികച്ച അനുഭവം നൽകുന്ന ഒരു ഫാമിലി കോമഡി എന്റർടൈനറാണ് ‘പത്രോസിന്റെ പടപ്പുകൾ’ എന്ന ഈ കുഞ്ഞു ചിത്രം.
Also Read: Oruthee Movie Review & Rating: പവർഫുൾ പ്രകടനവുമായി നവ്യ നായർ; ‘ഒരുത്തീ’ റിവ്യൂ