Pathaan OTT: അഞ്ചു വർഷങ്ങൾക്കു ശേഷം കിങ്ങ് ഖാൻ ബിഗ് സ്ക്രീനിലെത്തിയ ചിത്രമാണ് ‘പഠാൻ.’ 1000 കോടി എന്ന സ്വപ്നം 27 ദിവസം കൊണ്ടാണ് ‘പഠാൻ’ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യൻ സിനിമകളിൽ 1000 കോടി കളക്റ്റ് ചെയ്ത് അഞ്ചാമത്തെ ചിത്രമായി മാറി ‘പഠാൻ.’ ദീപിക പദുക്കോൺ, ജോൺ എബ്രഹാം, സൽമാൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ വേഷമിട്ടിരുന്നു. ഒരുപാട് പ്രതിഷേധങ്ങൾ നേരിട്ടതിനു ശേഷമാണ് ‘പഠാൻ’ ഈ ഹിറ്റ് സ്വന്തമാക്കിയതെന്നും ശ്രദ്ധേമായ ഒന്നാണ്.
യാഷ് രാജ് സ്‌പൈ യൂണിവേഴ്സിന്റെ എല്ലാ പൊതു സ്വഭാവങ്ങളുമുള്ള മറ്റൊരു സിദ്ധാർഥ് ആനന്ദ് സിനിമ, മിഷൻ ഇമ്പോസിബിളിന്റെയും മാർവെൽ യൂണിവേഴ്സിന്റെയും പ്രകട സ്വാധീനമുള്ള ആക്ഷൻ രംഗങ്ങളും വി എഫ് എക്സ്സും, ബൊളീവുഡ് സിനിമയിൽ മാത്രം കാണുന്ന പ്രണയവും ദേശ ഭക്തിയും -‘ പഠാനെ’ കുറിച്ച് പറയാനുള്ളതൊക്കെ തികച്ചും പ്രതീക്ഷിച്ച കാര്യങ്ങളാണ്. ഒരു ഓവർ ദി ടോപ് ബോളിവുഡ് സിനിമ കാണിക്കൾക്കെന്ത് തരുമെന്ന് പ്രതീക്ഷിച്ചോ അത് അതേ ലെവലിൽ തന്നു സിനിമ തുടങ്ങിയവസാനിക്കുന്നു.
സാധാരണ സ്‌പൈ യൂണിവേഴ്സിൽ രംഗങ്ങളും വേഷങ്ങളും കഥയും കഥാപാത്രങ്ങളുമൊക്കെ നിൽക്കുന്നിടത്ത് തന്നെ നിൽക്കുമ്പോഴും ‘പഠാൻ’ പക്ഷെ ബാക്കി വയ്ക്കുന്നത് സിനിമക്ക് മുൻപും ശേഷവും ഷാരുഖ് ഖാൻ എന്ന നടനെയും താരത്തെയും മനുഷ്യനേയുമാണ്.
ജനുവരി 25 ന് റീലിസിനെത്തിയ ചിത്രം ഒടിടിയിലെത്തുകയാണ്. ആമസോൺ പ്രൈം ആണ് പഠാന്റെ സ്ട്രീമിങ്ങ് അവകാശം നേടിയത്. മാർച്ച് 22 മുതൽ ചിത്രം ഒടിടിയിൽ കാണാനാകും. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം ലഭ്യമാകും. കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രം കൂടിയാണ് ‘പഠാൻ.’