ഒരിടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ തിരികെയെത്തുന്ന ചിത്രം ‘പത്താനെ’ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ഷാരൂഖ് ആരാധകരും പ്രേക്ഷകരും. ഷാരൂഖിനൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും കൈകോർക്കുന്ന ഈ ആക്ഷൻ-ത്രില്ലർ ചിത്രം തിയേറ്ററുകളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താന്റെ ടിക്കറ്റുകൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും അതിവേഗമാണ് വിറ്റഴിയുന്നത്. റെക്കോർഡ് അഡ്വാൻസ് വിൽപ്പനയാണ് ചിത്രം രേഖപ്പെടുത്തിയത്.ബുക്കിംഗ് ഓപ്പണായതിന്റെ ആദ്യ ദിവസം തന്നെ 23 കോടിയിലധികം രൂപയുടെ ടിക്കറ്റുകൾ ആണ് വിറ്റത്. രണ്ടാം ദിവസം 13.3 കോടി രൂപയുടെയും മറ്റ് ദിവസങ്ങളിലായി 13.9 കോടി രൂപയുടെയും ടിക്കറ്റുകൾ വിറ്റു. മൊത്തം പ്രീ-സെയിൽസ് 50 കോടിയിലധികം വരുമെന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്റെ കണക്ക്.
ജനുവരി 20-നാണ് പത്താന്റെ അഡ്വാൻസ്ഡ് ബുക്കിംഗ് ആരംഭിച്ചത്. ആദ്യ ദിവസം മാത്രം ചിത്രം 4 ലക്ഷം ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. വ്യാപാര വിദഗ്ധൻ തരൺ ആദർശിന്റെ അഭിപ്രായത്തിൽ PVR, INOX, Cinepolis തുടങ്ങിയ ദേശീയ മൾട്ടിപ്ലെക്സ് ശൃംഖലകൾ ആദ്യ ദിവസം 4.19 ലക്ഷം ടിക്കറ്റുകൾ വിറ്റിട്ടുണ്ട്.
പത്താന്റെ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദിന്റെ അവസാന ചിത്രമായ ഹൃത്വിക് റോഷന്റെയും ടൈഗർ ഷ്റോഫിന്റെയും വാർ (2019), ആമിർ ഖാന്റെയും കത്രീന കൈഫിന്റെയും തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ (2018) എന്നിവയേക്കാൾ കൂടുതലാണ് പത്താന്റെ മുൻകൂർ വിൽപ്പന. ബാഹുബലി 2, KGF: ചാപ്റ്റർ 2 എന്നിവയുടെ ഹിന്ദി ഡബ്ബ് ചെയ്ത പതിപ്പുകൾ മാത്രമാണ് ഈ നിലയിൽ റെക്കോർഡ് വിൽപ്പന അവകാശപ്പെടാവുന്ന മറ്റു ചിത്രങ്ങൾ.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ഷാരൂഖ് ചിത്രമെന്ന രീതിയിൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ പത്താനെ ഉറ്റുനോക്കുന്നത്. അഭൂതപൂർവമായ ഈ ഹൈപ്പ് ചിത്രത്തിന് ബോക്സ് ഓഫീസിൽ മികച്ച വിജയം നേടാൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.