ഷാരൂഖ് ഖാൻ നായകനായ ‘പഠാൻ’ ബോക്‌സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. റിലീസ് ചെയ്ത് ഒമ്പതാം ദിവസം ചിത്രം ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ 700 കോടി കടന്നതായി ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പറഞ്ഞു. റിലീസ് ചെയ്ത രണ്ടാം വ്യാഴാഴ്ച 15 കോടി മുതൽ 16 കോടി രൂപ വരെ സമ്പാദിക്കാൻ ചിത്രത്തിന് കഴിഞ്ഞതായി ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നു.
ബുധനാഴ്ച 57 കോടി രൂപയുമായി ആഭ്യന്തര ബോക്സോഫീസിൽ അത്ഭുതകരമായ ഓപ്പണിംഗ് നേടിയ ചിത്രത്തിന് (ആഴ്ചയുടെ മധ്യത്തിൽ റിലീസ് ചെയ്‌തതിനാൽ,) അഞ്ച് ദിവസത്തെ നീണ്ട വീക്കെൻഡ് ലഭിക്കുകയും ആ സമയം കൊണ്ട് ലോകമെമ്പാടും 500 കോടി രൂപ നേടാനാവുകയും ചെയ്തു. അങ്ങനെ ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് വാരാന്ത്യ ഗ്രോസറായി ‘പഠാൻ’ മാറി.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ‘പഠാൻ’ ഇതു വരെ ‘കെജിഎഫ് ചാപ്റ്റർ 2,’ ‘ബാഹുബലി 2’ എന്നിവയുടെ ആഭ്യന്തര കളക്ഷനുകൾ മറി കടന്നിട്ടില്ല. നിലവിൽ 387.38 കോടി രൂപ (നെറ്റ്) ഉള്ള ആമിർ ഖാന്റെ ‘ദംഗലിന്റെ’ റെക്കോർഡ് ‘പഠാൻ’ ഉടൻ മറികടക്കും എന്ന് പ്രതീക്ഷിക്കുന്നു.
ഷാരൂഖിനെ കൂടാതെ ദീപിക പദുക്കോണും ജോൺ എബ്രഹാമും അഭിനയിച്ച ‘പഠാൻ’ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്, ഈ വാരാന്ത്യത്തിൽ വലിയ റിലീസുകളൊന്നുമില്ലാത്തതിനാൽ തന്നെ, ചിത്രം ബോക്‌സ് ഓഫീസിൽ വിജയ യാത്ര തുടരും എന്നാണു കരുതപ്പെടുന്നത്.