ബോളിവുഡിന് ജീവവായു നൽകി ‘പഠാൻ’ കുതിക്കുകയാണ്. നാലു വർഷങ്ങൾക്കു ശേഷം കിങ്ങ് ഖാൻ ബിഗ് സ്ക്രീനിലെത്തിയപ്പോൾ ആവേശത്തിൽ ആറാടുകയായിരുന്നു ആരാധകർ. ലോകത്തെ പല രാജ്യങ്ങളിൽ നിന്നായി ചിത്രം കൊയ്‌തത് 875 കോടിയാണ്. ഈ ആഴ്ചയോടെ ചിത്രം 900 കോടിയിലേക്ക് അടുക്കുമെന്നാണ് സൂചന. വെറും 15 ദിവസങ്ങൾ കൊണ്ടാണ് ചിത്രം ഈ സുവർണനേട്ടം കൊയ്തതെന്നും കൗതുകമുണർത്തുന്ന കാര്യമാണ്.
ഷാരൂഖിന്റെ തിരിച്ചുവരവ് ബോളിവുഡിൽ മാത്രമല്ല ഇങ്ങ് കേരളക്കരയിലും ചരിത്രം സൃഷ്ടിക്കുകയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമാണ് ‘പഠാൻ’ എന്ന് വിവിധ തിയേറ്റർ ഉടമകൾ പറയുന്നു. “ഈയടുത്തൊന്നും ഇത്രയധികം കളക്ഷൻ ലഭിച്ച ഒരു ഹിന്ദി ചിത്രമുണ്ടായിട്ടില്ല. ഏഴു ദിവസം കൊണ്ട് പഠാൻ കളക്റ്റ് ചെയ്തത് 5,87,133 ലക്ഷം രൂപയാണ്,” മുക്കം അഭിലാഷ് തിയേറ്റർ ഉടമ കെ ഒ ജോസഫ് പറയുന്നു.
കോഴിക്കോട് മാത്രമല്ല കൊച്ചിയിലെ തിയേറ്ററുകളിലും ‘പഠാൻ’ തിളങ്ങി. “പഠാൻ തന്നെയാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രം. ഇതിനു മുൻപ് റൺബീർ കപൂറിന്റെ ‘സഞ്ജു’ ആയിരുന്നു ഞങ്ങളുടെ തിയേറ്ററിൽ ഏറ്റവും കൂടുതൽ കളക്റ്റ് ചെയ്തത്. വളരെ പെട്ടെന്നാണ് ‘പഠാൻ’ അത് മറികടന്നത്,” ഇടപ്പള്ളി വനിത- വിനീത തിയേറ്ററുകളുടെ ടെക്നിക്കൽ മാനേജറായ ഷൈനിന്റെ വാക്കുകളിങ്ങനെ.
ആദ്യ ആഴ്ച കേരളത്തിൽ നിന്ന് 10 കോടിയാണ് ‘പഠാൻ’ കൊയ്‌തത്. ബോളിവുഡ് ചിത്രങ്ങൾക്ക് കേരളത്തിലുള്ള മാർക്കറ്റ് തിരിച്ചുപിടിക്കാൻ ഷാരൂഖ് ചിത്രത്തിനു സാധിച്ചു എന്നാണ് ചലച്ചിത്ര മാധ്യമ പ്രവർത്തകനായ ശ്രീധർ പിള്ള ട്വിറ്ററിൽ കുറിച്ചത്.

ആമിർ ഖാൻ കേന്ദ്ര കഥാപാത്രമായെത്തിയ ‘ദംഗലാ’ണ് ഇതിനു മുൻപ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രം. 2016ൽ പുറത്തിറങ്ങിയ ചിത്രം 387 കോടിയാണ് നേടിയത്. ദംഗലിനേക്കാളും പകുതി ഷോ മാത്രമാണ് റെക്കോർഡ് തകർക്കാനായി പഠാനു വേണ്ടി വന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നാല് വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ഷാരൂഖ് ഖാനെ സംബന്ധിച്ചിടത്തോളം ആഘോഷവും ആശ്വാസവുമാണ് ‘പഠാന്റെ’ ഈ വിജയം. ഷാരൂഖിന്റെ മുൻ ചിത്രങ്ങളായ സീറോ, ഫാൻ, ജബ് ഹാരി മെറ്റ് സേജൽ എന്നിവ ബോക്സോഫീസിൽ കാര്യമായ വിജയം നേടിയില്ല. ഷാരൂഖിനു മാത്രമല്ല, ബോളിവുഡിനും പുതിയ ഉണർവ്വാണ് പഠാന്റെ വിജയം സമ്മാനിക്കുന്നത്. കഴിഞ്ഞ വർഷം ബോളിവുഡ് സിനിമാ വ്യവസായത്തിലും വിരലിലെണ്ണാവുന്ന ഹിറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിൽ തന്നെ അപൂർവ്വം ചിത്രങ്ങൾ മാത്രമാണ് 200 കോടി കടന്നത്.