സ്കൂളിൽ പഠിക്കുമ്പോഴാണ് ജീവിതത്തിൽ ഞാനാദ്യമായി ഒരു സെലബ്രിറ്റിയെ നേരിൽ കാണുന്നത്, അത് മാമുക്കോയ ആയിരുന്നു. മാമുക്കോയയെ കുറിച്ചുള്ള ആദ്യ ഓർമ തുടങ്ങുന്നത് കോഴിക്കോട്ടെ മിഠായിത്തെരുവിൽ നിന്നാണ്. ഒരു പരിപാടിയ്ക്കിടയിൽ വെള്ളമുണ്ടും ഷർട്ടും ധരിച്ച് ചങ്ങാതിമാരോട് സൊറ പറഞ്ഞും തമാശകൾ പൊട്ടിച്ചും പൊട്ടിച്ചിരിക്കുന്ന മാമുക്കോയയുടെ മുഖം ഇപ്പോഴും ഓർമയുണ്ട്.
ജേർണലിസ്റ്റായതിനു ശേഷം സ്റ്റോറികളുമായി ബന്ധപ്പെട്ട് പിന്നീട് പല തവണ മാമുക്കോയയുമായി സംസാരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും രാജ്യം ലോക്ക്ഡൗണിലൂടെ കടന്നുപോവുന്ന കോവിഡ് കാലത്താണ് അദ്ദേഹവുമായി കൂടുതൽ സംസാരിക്കുന്നതും പരിചയം പുതുക്കുന്നതും. ലോക്ക്ഡൗൺകാലജീവിതത്തെ കുറിച്ചുള്ള ഒരു അഭിമുഖമായിരുന്നു അത്. ചോദ്യം ചോദിക്കലൊക്കെ കഴിഞ്ഞ് ഓരോന്നു മിണ്ടിപറഞ്ഞിരിക്കുന്നതിനിടയിലാണ് ‘എവിടെയാണ് വീട്?’ എന്ന് തിരക്കിയത്. ‘മലപ്പുറത്തുകാരിയാണ്, കോഴിക്കോടിന്റെ മരുമകളാണ്’ എന്നൊക്കെ പറഞ്ഞപ്പോൾ, ‘അത് ശരി, കോഴിക്കോടിന്റെ പാസ്പോർട്ടുള്ളയാളാണോ? അപ്പോ അതല്ലേ ആദ്യം പറയേണ്ടത്?’ എന്നായി. കോഴിക്കോടിനെ കുറിച്ച്, എന്റെ നാട്ടുകാരിയും ഗായികയുമായ വിളയിൽ ഫസീലയെ കുറിച്ച്, വിഎം കുട്ടിയെ കുറിച്ച്, അവരുടെ മാപ്പിള പാട്ടുകളെ കുറിച്ച് ഞങ്ങളുടെ സംസാരം ഏറെനേരം നീണ്ടു. ഇടയ്ക്ക് ഫസീലയുടെ പ്രശസ്തമായ ചില മാപ്പിളപ്പാട്ടിന്റെ വരികൾ മൂളി… പതിയെ, അപരിചിതത്വമൊക്കെ മാറി, സൊറ പറഞ്ഞിരിക്കുന്ന രണ്ടു കോഴിക്കോടുകാരായി ഞങ്ങൾ മാറി. തമാശ പറഞ്ഞും ചിരിച്ചും ആ സംസാരം നീണ്ടുപോയി.
ലോക്ക്ഡൗൺ സമയത്ത്, സോഷ്യൽ ജീവിതമെല്ലാം റദ്ദ് ചെയ്യപ്പെട്ട് ഒറ്റപ്പെട്ട തുരുത്തുകളായി വീടുകളിൽ കഴിയുന്ന മനുഷ്യരുമായി സിനിമാതാരങ്ങൾക്കും ഗായകർക്കുമൊക്കെ സംവദിക്കാനായി ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം ഒരു ഫേസ് ബുക്ക് ലൈവ് സീരീസ് സംഘടിപ്പിച്ചിരുന്നു. എന്തുകൊണ്ട് ആ ലൈവിലേക്ക് മാമുക്കോയയെ ക്ഷണിച്ചുകൂടാ എന്ന് തോന്നി. കാര്യം പറഞ്ഞപ്പോൾ, ‘ഞാനീ ഫേസൂക്കിലൊന്നുമില്ല, എനിക്കതിന്റെ പോളി ടെക്നിക്കും അറിയില്ലെ’ന്ന് പറഞ്ഞ് ആദ്യം മുങ്ങാൻ നോക്കി. ‘പോളി ടെക്നിക് കാര്യങ്ങളൊക്കെ ഇങ്ങള് വിടു, അതു ഞാൻ ശരിയാക്കി തന്നാൽ ഇക്കാക്ക് വരാൻ പറ്റുമോ?’ എന്നു ചോദിച്ചപ്പോൾ ‘എന്നാ ഒരു കൈ നോക്കാ’മെന്നായി.
ചോദ്യങ്ങൾ വായിച്ചുകൊടുക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ ഫേസ് ബുക്ക് ലൈവ് അദ്ദേഹത്തിനു എളുപ്പമാവുമെന്ന് തോന്നി. വീട്ടിൽ ഇക്കായെ സഹായിക്കാൻ ആരെങ്കിലുമുണ്ടാവുമോ? എന്നു തിരക്കിയപ്പോൾ പേരക്കുട്ടി ഹിബയുടെ നമ്പർ തന്നു. പിന്നെ ഹിബയുമായിട്ടായിരുന്നു ബാക്കി പ്ലാനിംഗ് എല്ലാം. “ഉപ്പൂപ്പായെ ഞാൻ ലൈവിൽ കൊണ്ടുവരാം ചേച്ചി. പക്ഷേ മൂപ്പര് ഒന്നും നോക്കാതെ ചിലപ്പോൾ മറുപടിയൊക്കെ പറഞ്ഞുകളയും, ലൈവല്ലേ, എഡിറ്റിംഗൊന്നും പറ്റൂലല്ലോ… അതെന്താ ചെയ്യാനെനിക്കൊരു പിടിയുമില്ല,” ഹിബ അൽപ്പം ടെൻഷനിലായിരുന്നു. ‘അതു സാരമില്ല, നമുക്ക് നോക്കാം, അങ്ങനെ ടെൻഷനുണ്ടെങ്കിൽ വരുന്ന ചോദ്യങ്ങളിൽ നിന്ന് ഹിബ കുഴപ്പമില്ലാത്തതു നോക്കി പിക്ക് ചെയ്തെടുത്താൽ മതി’യെന്ന് ഞാൻ സമാധാനിപ്പിച്ചു.
അങ്ങനെ 2020 ഏപ്രിൽ 17ന് പേരക്കുട്ടി ഹിബയ്ക്ക് ഒപ്പം മാമുക്കോയ ലൈവിലെത്തി. ലൈവിൽ മാമുക്കോയയുടെ മുഖം തെളിഞ്ഞതോടെ ചോദ്യങ്ങളുടെ പെരുമഴയായിരുന്നു പിന്നെ. ചോദ്യങ്ങൾ ഓരോന്നായി ഹിബ വായിച്ചുകൊടുക്കും. സ്വതസിദ്ധമായ രീതിയിൽ തഗ്ഗ് ഡയലോഗുകളും തമാശകളുമൊക്കെയായി മാമുക്കോയ ഓരോരുത്തരെയും കയ്യിലെടുക്കുന്നതാണ് പിന്നെ കണ്ടത്.
മമ്മൂട്ടിക്കാണോ താങ്കൾക്കാണോ പ്രായം കൂടുതൽ?
മമ്മൂട്ടിക്ക് ആണെന്നു പറഞ്ഞാൽ അയാൾ വിടൂല. മമ്മൂട്ടിയൊക്കെ ചെറിയ കുട്ടിയാ.
ഇക്കയുടെ വയസ്സെത്ര?
നായകനാവാൻ പോവുന്നതോണ്ട് വയസ് പറയാൻ പാടില്ലെന്ന് പ്രൊഡ്യൂസർ പറഞ്ഞിട്ടുണ്ട്. എന്തായാലും 50 കഴിഞ്ഞിട്ടുണ്ട്.
ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രം?
അങ്ങനെ ഒരു കഥാപാത്രം ഒന്നുമില്ല. ഉള്ളതൊക്കെ മോഹൻലാലും മമ്മൂട്ടിയുമാണ് ചെയ്യാറ്. എനിക്ക് കിട്ടാറില്ല.
പുലിമുരുകൻ പാർട്ട് രണ്ടിൽ നായകവേഷം തന്നാൽ സ്വീകരിക്കുമോ?
ഇനി വേണ്ട. മോഹൻലാൽ ചെയ്തില്ലേ, അതിനു മുൻപായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു.
സിനിമാ ഫീൽഡിൽ പ്രേമമുണ്ടായിരുന്നോ?
അന്നതിനൊന്നും നേരം കിട്ടിയില്ലായിരുന്നു മോനേ…
ഇഷ്ടപ്പെട്ട നടി?
സിനിമ കണ്ടുതുടങ്ങിയ കാലത്ത് മരിച്ചുപോയ നടി സാവിത്രിയെ വലിയ ഇഷ്ടമായിരുന്നു.
ഇക്കാ നിങ്ങള് നായകനായി വരുമ്പോ ആരാണ് നായികയായി വരിക? ആരെയാണ് വിളിക്കുക?
അതിനുള്ള കുട്ടികള് ജനിച്ചിട്ട് വേണം. ന്യൂ ജനറേഷൻ പിള്ളേര് വേണം, ആരെങ്കിലും വന്നിട്ട് കാര്യമില്ല.
ദാസനും വിജയനും ഒക്കെ എവിടെയാ?
ആര് കണ്ട്… അന്ന് കയറ്റിവിട്ടതാ… പിന്നൊരു വിവരവുമില്ല.
ഇങ്ങനെ സരസമായ മറുപടികളുമായി ആ ലൈവിനെ ആഘോഷമാക്കുകയായിരുന്നു മാമുക്കോയ. 20 മിനിറ്റ് എന്നു പറഞ്ഞു തുടങ്ങിയ ആ ലൈവ് 46 മിനിറ്റോളം നീണ്ടു. പ്രൊഫെഷണല്‍ ആയ ഒരു ‘ആങ്കര്‍’ കൈകാര്യം ചെയ്യുന്ന മികവോടെ ആരാധകരുടെ കമന്റുകൾ ഉപ്പൂപ്പയ്ക്ക് വായിച്ചു കൊടുത്ത് ഹിബ മിടുക്കോടെ ലൈവ് കൈകാര്യം ചെയ്തു.
“ഉപ്പൂപ്പയൊരു 15 മിനിറ്റൊക്കെ ഇരുന്ന് സംസാരിക്കുള്ളൂ എന്നായിരുന്നു ഞാൻ വിചാരിച്ചത്. അങ്ങനെ എവിടേലും അടങ്ങിയിരിക്കുന്ന ആളൊന്നുമല്ല ഉപ്പൂപ്പ, മതിയെന്ന് പറഞ്ഞ് എണീറ്റുപോവും. 45 മിനിറ്റായി എന്ന് ഞാൻ പറഞ്ഞപ്പോഴും മൂപ്പര് കൂളായി ഇരിക്കായിരുന്നു. ഉപ്പൂപ്പയെ ഇത്രയും വില്ലിംഗ് ആയി ഞാനാദ്യമായാണ് കാണുന്നത്. ലൈവ് കഴിഞ്ഞിട്ടും മൂപ്പര് ചോദ്യങ്ങളെ കുറിച്ചൊക്കെ പറഞ്ഞ് കുറേ ചിരിച്ചു,” ലൈവ് കഴിഞ്ഞ് സംസാരിക്കുന്നതിനിടെ ഹിബ പറഞ്ഞു.
“കുറേ ചോദ്യങ്ങളൊക്കെ കേട്ടപ്പോൾ, ഉപ്പൂപ്പന്റെ പേരക്കുട്ടിയായതിൽ കുറേക്കൂടി അഭിമാനം തോന്നി. വീട്ടിൽ എപ്പോഴും ഉപ്പൂപ്പാനെ കാണാനും ഫോട്ടോ എടുക്കാനും ആളുകൾ വരാറുണ്ട്, ലോക്ക്‌ഡൗൺ ആയപ്പോഴാണ് അതില്ലാതെയായത്. പക്ഷേ ഇത്രയും ആളുകൾ പബ്ലിക് ആയി വന്ന് ഉപ്പൂപ്പയോടുള്ള ഇഷ്ടവും സ്നേഹവുമൊക്കെ കാണിക്കുന്നത് കാണുന്നത് ആദ്യായിട്ടാണ്. കുറേ ചോദ്യങ്ങളൊക്കെ എന്നെ ചിരിപ്പിച്ചു, ‘ഇക്കാ, ഇങ്ങൾക്ക് പ്രേമുണ്ടായിരുന്നോ?’എന്നൊക്കെ കേട്ടപ്പോൾ,” ഹിബയെ സംബന്ധിച്ചും വളരെ കൗതുകമുള്ളൊരു അനുഭവമായിരുന്നു ആ ലൈവ്.
ലൈവിനു ശേഷം നന്ദി പറയാൻ വിളിച്ചപ്പോൾ, “എല്ലാം ഉഷാറായില്ലേ?” എന്നു മാമുക്ക തിരക്കി. ‘ഗംഭീരമായി ഇക്ക’ എന്ന എന്റെ മറുപടിയ്ക്ക്, ‘അതാണ് ഞമ്മളെ വർക്കത്ത്’ എന്നു പറഞ്ഞ് ചിരിച്ചു.
അതൊരു പരിചയത്തിന്റെ തുടക്കമായിരുന്നു. പിന്നീടു പലവട്ടം സ്റ്റോറികളുമായി ബന്ധപ്പെട്ടും അല്ലാതെയും വിളിച്ചു. കല്ലായിയിലെ മരമില്ലിൽ അദ്ദേഹത്തിനൊപ്പം പണ്ട്
ജോലി ചെയ്ത എന്റെ അമ്മാവന്റെ വിശേഷങ്ങളൊക്കെ ചോദിക്കും ചിലപ്പോൾ. അരക്കിണറിലെ വീട്ടിലെ വിശേഷങ്ങളും ചെടികളും കിളികളും മീനുകളുമൊക്കെ സംസാരത്തിലേക്ക് കയറിവരും. ഇനി കോഴിക്കോട് വരുമ്പോൾ വീട്ടിലേക്കും വരൂ എന്ന് ക്ഷണിക്കും.
ഓരോ തവണ അദ്ദേഹവുമായി സംസാരിച്ച് ഫോൺ വയ്ക്കുമ്പോഴും ഒന്ന് ജനശതാബ്ദിയിൽ കയറി കോഴിക്കോട് പോയി വന്ന ഫീലായിരുന്നു. മാമുക്കയോട് സംസാരിക്കുമ്പോൾ അറിയാതെ തനി മലബാറുകാരിയായി മാറും ഞാൻ. എത്രയോ മാസങ്ങളായി എടുത്തുപ്രയോഗിക്കാതെ സൂക്ഷിക്കുന്ന മലബാർ സ്ലാഗും പ്രയോഗങ്ങളുമെല്ലാം സംസാരത്തിലേക്ക് അറിയാതെ കയറിവരും. ‘മലപ്പുറത്തു ജനിച്ചാൽ ഏതു താത കണ്ണനും ഇങ്ങനെയേ പറയൂ’ എന്ന മാമുക്കോയ വചനങ്ങൾ തന്നെയാണ് അപ്പോഴൊക്കെ ഓർമ വരിക.
ഇടയ്ക്ക്, കോട്ടും സ്യൂട്ടും കൂളിംഗ് ഗ്ലാസ്സും തൊപ്പിയുമൊക്കെ അണിഞ്ഞുള്ള മാമുക്കയുടെ ഒരു മേക്ക് ഓവർ ചിത്രം വൈറലായി. അഭിനന്ദിക്കാൻ വിളിച്ചപ്പോൾ “എങ്ങനെയുണ്ട്, സംഭവം ജോറായില്ലേ? ഇതങ്ങട് സ്ഥിരാക്കിയാലോ എന്നാലോചിക്കാ,” എന്നു പറഞ്ഞു ചിരിച്ചു.
“ഇങ്ങള് ബോളിവുഡിലേക്ക് പോവാണെന്നു കരക്കമ്പിയുണ്ടല്ലോ, ഉള്ളതാണോ?” എന്ന് കളിയായി ചോദിച്ചപ്പോൾ “ഷാരൂഖ് ഖാന് വച്ചൊരു വേഷം വന്നിട്ടുണ്ട്, ഒരു കൈ നോക്കട്ടെ,” എന്നായിരുന്നു ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടി.