കൊച്ചി: പാഷാണം ഷാജി എന്ന പേരിൽ സിനിമാ-ടിവി രംഗത്ത് അറിയപ്പെടുന്ന സാജു നവോദയയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ടു പേർ പിടിയിൽ. അഭിഭാഷകനടക്കം രണ്ട് പേരാണ് കൊച്ചിയിൽ പിടിയിലായത്. സ്റ്റേജ് ഷോയുടെ ഭാഗമായി സ്നേക്ക് ഡാൻസ് അവതരിപ്പിച്ചതിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ തുക ആവശ്യപ്പെട്ടത്.

സാജുവിന്റെ പരാതിയിൽ കേസെടുത്ത പാലാരിവട്ടം പൊലീസ് ഇടപ്പള്ളി സ്വദേശികളായ അഡ്വ ദേവസി തോമസ്, കൃഷ്‍ണദാസ് എന്നിവരെ അറസ്റ്റുചെയ്‍തതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കൊച്ചി കാക്കനാട് വച്ച് നടന്ന ഒരു സ്റ്റേജ് ഷോയ്‍ക്കിടെ സാജുവിന്റെ സംഘാംഗങ്ങളിൽ ഒരാൾ പാമ്പിനെ ഉപയോഗിച്ച് നൃത്തം ചെയ്‍തിരുന്നു. ഇതിൽ വനം -വന്യജീവി വകുപ്പ് ഉദ്യോഗസ്ഥ‌ർ വിശദീകരണം തേടുകയും താക്കിത് നൽകുകയും ചെയ്‍തിരുന്നു. ഈ സംഭവത്തിൽ കേസിൽ കുടുക്കുമെന്നും പറഞ്ഞ് ദേവസിതോമസും കൃഷ്‍ണദാസും സാജുവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

പരാതി നൽകാതിരിക്കാൻ 10 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്.നിരന്തരം ഭീഷണി തുടർന്ന സാഹചര്യത്തിൽ സാജു പൊലീസിനെ സമീപിച്ചു. പൊലീസിന്റെ നിർദ്ദേശപ്രകാരം പണം നൽകാമെന്ന് ഇവരെ അറിയിച്ചു. തുടർന്ന് പൊലീസ് പറഞ്ഞ സ്ഥലത്തേക്ക് ഇരുവരെയും വിളിച്ചുവരുത്തി. പിന്നാലെ പൊലീസ് അറസ്റ്റുചെയ്‍തു.
പ്രതികൾക്ക് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരിൽ നിന്ന് സഹായം ലഭിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ