കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ താനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി പാര്‍വ്വതി രംഗത്ത്. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍. ലൈംഗികമായി പീഡിപ്പിച്ചത് സിനിമയിലെ സഹപ്രവര്‍ത്തകര്‍ തന്നെയെന്നും പാര്‍വതി പറഞ്ഞു. ആരേയും ശിക്ഷിക്കാനല്ല, ഇരകളാക്കപ്പെട്ട സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കാനാണ് ഇക്കാര്യം തുറന്നുപറയുന്നതെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

“പേരുകള്‍ തുറന്ന് പറഞ്ഞ് ആരേയും ശിക്ഷിക്കാന്‍ തനിക്ക് ഉദ്ദേശമില്ല. ഇങ്ങനെയുള്ള സംഭവങ്ങള്‍ സര്‍വ്വ സാധാരണമാണെന്നും നിരന്തരം തുടരുന്നതായും സ്ത്രീ സമൂഹത്തെ അറിയിക്കാനാണ് താന്‍ പറയുന്നത്. സഹപ്രവര്‍ത്തകരില്‍ നിന്ന് തന്നെയാണ് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. നിരന്തരം ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും പാര്‍വതി പറഞ്ഞു.

കഴിഞ്ഞ മാസം നടിക്കുനേരെ ആക്രമണമുണ്ടായെന്ന വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. ആ സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും മുക്തരാകും മുമ്പാണ് സിനിമാമേഖലയിലെ പീഡനം തുറന്നുപറഞ്ഞ് പാര്‍വ്വതിയും രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം തനിക്ക് നേരെ കാറില്‍വെച്ച് നടന്ന ആക്രമണം വിശദീകരച്ച് പ്രമുഖ നടി രംഗത്തെത്തിയിരുന്നു. ആ ദിവസത്തെ അവസ്ഥയെ ഞാൻ എങ്ങനെ നേരിട്ടു എന്നു പറയുന്നതു ഒരുപാട് പെൺകുട്ടികൾക്കു പ്രയോജനപ്പെട്ടേക്കും എന്നു കരുതുന്നതുകൊണ്ടാണെന്നു പറഞ്ഞുകൊണ്ടാണ് നടി വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്.

അക്രമത്തിനിരയായ പ്രമുഖ നടിയുടെ വെളിപ്പെടുത്തൽ ഇങ്ങനെയായിരുന്നു.: ”സന്ധ്യ കഴിഞ്ഞാണ് തൃശൂരിലെ വീട്ടിൽനിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടത്. അതിനിടെ പിന്നാലെ വന്ന കാറ്ററിങ് വാൻ ഞാൻ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയും എന്റെ ഡ്രൈവറും വാനിലുളളവരുമായി ചില വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. പെട്ടെന്ന് രണ്ടുപേർ പിൻസീറ്റിൽ എന്റെ ഇരുവശവുമായി കയറി. എന്റെ കൈയിൽ ബലമായി പിടിച്ചു. മൊബൈൽ പിടിച്ചു വാങ്ങി. എന്റെ ശരീരം വല്ലാതെ തണുത്തു.

എന്നെ ഉപദ്രവിക്കാൻ വന്നതല്ല, ഡ്രൈവറെയാണ് അവർക്കു വേണ്ടത്, അയാൾക്കിട്ട് തല്ലു കൊടുക്കാനുളള ക്വട്ടേഷനുണ്ട്. എന്നെ ഞാൻ പറയുന്നിടത്ത് ഇറക്കിയിട്ട് ഡ്രൈവറെ അവർ കൊണ്ടുപോകും എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. അതുകേട്ട് ഞാൻ സമാധാനിച്ചു. എന്നെ ലാൽ മീഡിയയിൽ ഇറക്കണേയെന്നു പറഞ്ഞതായും പ്രമുഖ നടി വെളിപ്പെടുത്തി.

ആ സമയത്ത് ഇതിലും ഭേദം മരണമാണെന്ന് എനിക്ക് തോന്നിപ്പോയി. അവനിങ്ങനെ ആജ്ഞാപിക്കുകയാണ്. എനിക്ക് അനങ്ങാൻ പോലും കഴിയാതെ എന്റെ കൈ പിടിച്ചുവച്ചിരിക്കുകയാണ്. ”വിഡിയോ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഒരു ഫ്ലാറ്റിൽ കൊണ്ടുപോകും. അവിടെ അഞ്ചുപേർ കാത്തിരിക്കുകയാണ്. മയക്കുമരുന്ന് കുത്തിവച്ചശേഷം ബലാത്സംഗം ചെയ്യും. അതു വിഡിയോയിൽ പകർത്തും. പിന്നെ എന്തൊക്കെ സംഭവിക്കുമെന്ന് പറയാൻ പറ്റില്ല”. എന്നു വീണ്ടും വീണ്ടും ഭീഷണികൾ. ഇതിനിടയിൽ അവൻ എന്നെ പല രീതിയിലും ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഒരുപാടു സംഭവ വികാസങ്ങൾ ആ വണ്ടിക്കുളളിൽ നടന്നു. ശരിക്കും നിസഹായിയാകുക എന്നു പറയില്ലേ അതായിരുന്നു തന്റെ അവസ്ഥയെന്നും നടി പറഞ്ഞു. ഇതിന് പിന്നാലെയാണ് പാര്‍വ്വതിയും വെളിപ്പെടുത്തല്‍ നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ