മുന്നറിയിപ്പ്, കാർബൺ എന്നീ ചിത്രങ്ങൾക്കുശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന പുതിയ ചിത്രമാണ് രാച്ചിയമ്മ. സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ പാർവതിയും ആസിഫ് അലിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടി രാച്ചിയമ്മയായുള്ള പാർവതിയുടെ കിടിലൻ മേക്കോവറാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്.

1969ൽ പുറത്തിറങ്ങിയ കഥയാണ് രാച്ചിയമ്മ. മലയാള ചെറുകഥാസാഹിത്യത്തില്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ വേറിട്ട കാഴ്‌ചയും വായനാനുഭവവുമാണ്‌. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട്‌ കാലത്തെ അതിജീവിച്ച്‌ മികച്ച കഥകളിലൊന്നായി ഈ കഥ ഇക്കാലങ്ങളിലും അടയാളപ്പെട്ടു നില്‍ക്കുന്നത്‌ ജീവിതത്തിലെ അസാധാരണതകളെ പകര്‍ത്തിവെക്കുന്നതുകൊണ്ടു മാത്രമല്ല, ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന അസാധാരണമായ അനുഭവങ്ങളിലൂടെയും അസാധാരണമായ വ്യക്തിത്വങ്ങളിലൂടെയുമുള്ള അപൂര്‍വമായ അന്വേഷണങ്ങള്‍കൊണ്ടുകൂടിയാണ്‌.

വേണു തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പീരുമേടായിരുന്നു രാച്ചിയമ്മയുടെ പ്രധാന ലൊക്കേഷൻ. സിനിമയുടെ ഡബ്ബിങ് പൂർത്തിയായി എന്നാണ് റിപ്പോർട്ടുകൾ. ഉയരെ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും പാർവതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് രാച്ചിയമ്മ.

പാർവ്വതി, വേണു, ടീം രാച്ചിയമ്മ

വിവിധ സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന ആന്തോളജി വിഭാഗത്തിലുള്ള ചിത്രമാണിത്. ആഷിക് അബു, രാജീവ് രവി, ജയ്.കെ എന്നിവരാണ് മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. പി.കെ പ്രൈമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read More: മോഹൻലാലും വിദ്യാ ബാലനും ചെയ്യേണ്ടിരുന്ന ചിത്രം; പകരം വന്നത് പൃഥ്വിരാജും മീര ജാസ്മിനും

പെണ്ണും ചെറുക്കനും എന്നാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ഉണ്ണി ആര്‍. രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. റോഷന്‍ മാത്യു,ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത്.

ജെകെ ചിത്രത്തില്‍ സംയുക്തമേനോന്‍, ജോജു ജോര്‍ജ് എന്നിവരും അഭിനയിക്കും. രാജീവ് രവി തന്റെ പുതിയ സിനിമ തുറമുഖം പൂര്‍ത്തിയാക്കിയ ശേഷമാവും ആന്തോളജിയിലേക്ക് കടക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook