scorecardresearch

പ്രതിഭ പകർന്നാടുന്ന പാർവ്വതിയുടെ കഥാപാത്രങ്ങൾ

മലയാളി മനസിലേക്ക് പാർവതി ചേക്കേറിയത് ബാംഗ്ളൂർ ഡേയ്‌സിലെ ആർജെ സൈറയിലൂടെയാണ്. സിനിമ കണ്ടിറങ്ങിയവർ കൂടെ കൂട്ടിയത് സൈറയെയായിരുന്നു

മലയാളി മനസിലേക്ക് പാർവതി ചേക്കേറിയത് ബാംഗ്ളൂർ ഡേയ്‌സിലെ ആർജെ സൈറയിലൂടെയാണ്. സിനിമ കണ്ടിറങ്ങിയവർ കൂടെ കൂട്ടിയത് സൈറയെയായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
parvathi,bangalore days

മലയാള സിനിമയിലിപ്പോൾ പാർവ്വതിയുടെ സമയമാണ്. വ്യത്യസ്‌തമായ വേഷങ്ങളിലൂടെയും ഭാവപകർച്ചകളിലൂടെയും പ്രേക്ഷകരെ വിസ്‌മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് പാർവ്വതി. ലേഡി സൂപ്പർ സ്റ്റാർ എന്ന് പലരും വിളിക്കുന്നുമുണ്ട്. എന്നാൽ എന്നെ അങ്ങനെ വിളിക്കരുതേയെന്നാണ് ഒരഭിമുഖത്തിൽ അവര്‍ പറഞ്ഞത്. പ്രിയ നായികയ്‌ക്കിന്ന് ജന്മദിനം.

Advertisment

പാർവ്വതി മലയാള സിനിമയിലേക്ക് എത്തുന്നത് 2006ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ്. ഒരു കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലായിരുന്നു ആദ്യമായി വെളളിത്തിരയിലെത്തിയത്. എന്നാൽ പാർവ്വതി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു.

മൂന്ന് പെൺകുട്ടികളുടെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ റോഷൻ ആൻഡ്രൂസ് ചിത്രമാണ് നോട്ട്ബുക്ക്. പൂജ കൃഷ്‌ണനെന്ന കഥാപാത്രമായി. വളരെ മിടുക്കിയായ, അധ്യാപകരുടെ പ്രിയങ്കരിയായ, എന്നാൽ പിന്നീട് ചില കാരണങ്ങളാൽ കുറ്റബോധത്തിൽപെട്ട് മനസിന്റെ താളം തെറ്റുകയും ചെയ്യുന്ന പൂജ കൃഷ്‌ണനെന്ന കഥാപാത്രമായാണ് പാർവ്വതി തന്റെ വരവറിയിച്ചത് . അതിന് ശേഷം പാർവ്വതിയെ കണ്ടത് രശ്‌മിയായാണ്. സത്യൻ അന്തിക്കാട് ചിത്രമായ വിനോദയാത്രയിൽ മുകേഷിന്റെ അനിയത്തിയായി. ടിവി അവതാരകയാകാൻ തയ്യാറെടുക്കുന്ന രശ്‌മിയെ വിനോദയാത്ര കണ്ടവരാരും മറന്നിരിക്കാനിടയില്ല. അതിന് ശേഷം പാർവ്വതി ചെയ്‌ത മലയാള സിനിമകൾ അധികം ശ്രദ്ധിക്കപ്പെടാതെ പോയി.

parvathi,notebook

അന്യഭാഷയിൽ നിന്ന് അവസരങ്ങൾ തേടിയെത്തിയപ്പോൾ താരം അവിടേക്ക് ചേക്കേറി. തുടർന്ന് 2011ലാണ് പാർവ്വതി വീണ്ടും മലയാളത്തിലെത്തുന്നത്. 2011ൽ സിറ്റി ഓഫ് ഗോഡിലൂടെ. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രത്തിൽ മരതകം എന്ന വ്യത്യസ്‌തവും ശക്തവുമായ വേഷത്തിലാണ് പാർവ്വതിയെത്തിയത്. അതിന് ശേഷം മൂന്ന് വർഷം പാർവ്വതിയെ മലയാളത്തിൽ കണ്ടില്ല. ഈ സമയം തമിഴിൽ വ്യത്യസ്‌തമായ വേഷങ്ങൾ ചെയ്‌ത് കൊണ്ട് തന്റെ കഴിവിനെ അടയാളപ്പെടുത്തി.

Advertisment

ധനുഷിന്റെ കൂടെ മാരിയനിൽ പാർവതിയെ കണ്ടപ്പോൾ പലരും അറിയാതെ ചോദിച്ചുപോയി ഇത് നോട്ട്ബുക്കില പാർവ്വതിയല്ലേയെന്ന്. "ഇന്നും കൊഞ്ച നേരം" എന്ന പാട്ടിലൂടെയും മാരിയനിലെ അഭിനയത്തിലൂടെയും പാർവ്വതി പ്രേക്ഷക മനസിൽ സ്ഥാനം ഉറപ്പിച്ചു.

Read More:ഹാപ്പി ബര്‍ത്ത്ഡേ പാര്‍വ്വതി

2014ലാണ് പാർവതി മലയാള സിനിമയിൽ തിരിച്ചെത്തുന്നത്. അഞ്‌ജലി മേനോൻ ഒരുക്കിയ ബാംഗ്ളൂർ ഡേയ്‌സിലെ അജുവിന്റെ സൈറയായി. സൈറയുടെ കൂടെ നടന്നത് അജു മാത്രമായിരുന്നില്ല, സിനിമാ പ്രേക്ഷകർ കൂടിയായിരുന്നു.

വ്യത്യസ്‌തമായ കാഴ്‌ചപാടുകളുളള കഥാപാത്രമായിരുന്നു സൈറ. പ്രതിസന്ധികളിൽ തളരാതെ പിടിച്ചു നിൽക്കുന്ന മനക്കരുത്തുളള വ്യക്തിത്വമായിരുന്നു സൈറയുടേത്. ലക്ഷ്യങ്ങളില്ലാതിരുന്ന അജുവിന് ജീവിതമെന്തെന്ന് പഠിപ്പിച്ച സൈറയുടെ കൂടെ പിന്നീട്, മലയാളിയും നടന്നു തുടങ്ങി.

parvathi,bangalore days

പിന്നെ നമ്മൾ പാർവ്വതിയെ കണ്ടത് മൊയ്‌തീന്റെ കാഞ്ചനയായിട്ടിരുന്നു. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും പുതിയൊരു ലോകമാണ് കാഞ്ചന കാണിച്ചു തന്നത്. പ്രിയപ്പെട്ടവനായി ഒരു ജന്മം മുഴുവൻ ഉഴിഞ്ഞു വെച്ച കാഞ്ചനയെ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിനിമയിലെ ഐക്കണായി പാർവ്വതി മാറിയതും കാഞ്ചനമാലയിലൂടെയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്‌കാരവും തേടിയെത്തി.

parvathi

ദുൽഖർ സൽമാൻ നായകനായെത്തിയ മാർട്ടിൻ പ്രക്കാട്ട് ചിത്രം ചാർലിയിലെ ടെസയിലൂടെ പാർവതി പ്രേക്ഷകരിലേക്ക് വീണ്ടുമടുത്തു.  കണ്ണിൽ കൗതുകവും കഥകളോട് പ്രണയവുമുളളവളായിരുന്നു ടെസ. കഥയിൽ തുടങ്ങുന്നതാണ് ചാർലിക്കായുളള ടെസയുടെ അന്വേഷണം. അത് വരെ കണ്ടതിൽ നിന്ന് വേറിട്ട ഒരു പാർവ്വതിയെയാണ് ചാർലിയിൽ കണ്ടത്. ടെസയുടെ വസ്‌ത്രധാരണവും ആറ്റിറ്റ്യൂഡും ശ്രദ്ധ നേടി.

parvathi

അവസാനമായി നാം പാർവ്വതിയെ കണ്ടത് സമീറയായാണ്. മഹേഷ് നാരായണൻ ഒരുക്കിയ ടേക്ക് ഓഫിലൂടെ. മനക്കരുത്തിന്റെയും തളരാത്ത സ്ത്രീയുടെയും പ്രതീകമായി. സമീറ ഒരു പ്രതിനിധിയായിരുന്നു, സമൂഹത്തിൽ കഷ്‌ടപ്പെടുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധി. നഴ്സായി ജോലി ചെയ്യുന്നവരുടെ ജീവിതവും പ്രശ്‌നങ്ങളും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച പാർവ്വതി വീണ്ടും വീണ്ടും പ്രേക്ഷകരെ വിസ്‌മയിപ്പിച്ചു.

രണ്ടാം വരവിൽ പാർവ്വതി തൊട്ടതെല്ലാം പൊന്നാക്കി. സെറയും കാഞ്ചനമാലയും ടെസയും സമീറയുമെല്ലാം മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായി. ഏത് കഥാപാത്രമായാലും പാർവ്വതിയുടെ കൈയ്യിൽ ഭദ്രം. അഭിനയമികവും, നിലപാടുകൾ ഉറക്കെ വിളിച്ചു പറയാനുളള ആർജവവും പാർവ്വതിയെ മറ്റുളളവരിൽ നിന്ന് വ്യത്യസ്‌തയാക്കുന്നു. കഥാപാത്രമാവാൻ വേണ്ടി ഏതറ്റം വരെയും കഷ്‌ടപ്പെടുന്നവർ. തീർച്ചയായും മലയാള സിനിമയുടെ പ്രതീക്ഷയാണ് പാർവ്വതി. കിട്ടുന്ന വേഷങ്ങളിളെല്ലാം സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുന്ന പാർവ്വതിയിൽ നിന്ന് പ്രേക്ഷകന്‍ വ്യത്യസ്തവും മികച്ചതുമായ വേഷങ്ങള്‍ പ്രതീക്ഷിക്കുന്നത് സ്വാഭാവികം മാത്രം.

ആഗ്രഹിക്കുന്നതെല്ലാം ഇനിയും ഈ കലാകാരിയെ തേടിയെത്തട്ടേയെന്ന് ആശംസിക്കുന്നു. ഒപ്പം ജന്മദിന  മംഗളങ്ങളും നേരുന്നു...

Parvathi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: