അഭിനയിക്കാന്‍ മാത്രമല്ല, ഉറപ്പുള്ള അഭിപ്രായങ്ങള്‍ പറയാനും കഴിവുണ്ടെന്നു തെളിയിച്ച മലയാള സിനിമയിലെ അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് പാര്‍വ്വതി. പന്ത്രണ്ടു വര്‍ഷത്തെ തന്റെ സിനിമാ ജീവിതത്തിനിടെ അഭിനയംകൊണ്ടും അഭിപ്രായംകൊണ്ടും മലയാളിയുടെ പൊതുബോധങ്ങളെ ഞെട്ടിക്കാന്‍ ഈ നടിക്കു സാധിച്ചു. പേരിനു പുറകിലെ ജാതിവാല് വെട്ടിക്കളഞ്ഞപ്പോളാണ് പാര്‍വ്വതി എന്ന പേര് കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ആദ്യമായി ഉയര്‍ന്നുകേള്‍ക്കുന്നത്. 2006ല്‍ പുറത്തിറങ്ങിയ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പാര്‍വ്വതി ശ്രദ്ധിക്കപ്പെട്ടത് ‘നോട്ട്ബുക്കി’ലെ പൂജ എന്ന കഥാപാത്രത്തിലൂടെയാണ്. പക്ഷെ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘ബാംഗ്ലൂര്‍ ഡേയ്‌സ്’ എന്ന ചിത്രമാണ് മലയാളത്തില്‍ പാര്‍വ്വതിക്ക് ബ്രേക്ക് ത്രൂ ആയത്. നാലുവര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അഞ്ജലി ഒരു ചിത്രമൊരുക്കിയപ്പോള്‍ പാര്‍വ്വതിയും ‘കൂടെ’യുണ്ട്. ഈ നാലു വര്‍ഷത്തിനിടെ പാര്‍വ്വതിയുടെ ജീവിതം ഒരുപാട് മാറി. മലയാളത്തില്‍ തുടങ്ങി ബോളിവുഡ് വരെ എത്തി നില്‍ക്കുന്ന അഭിനയ ജീവിതം. ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ലഭിച്ച അംഗീകാരങ്ങള്‍. അതിനിടെ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍, നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതിന്റെ പേരില്‍ നേരിടേണ്ടിവന്ന ആക്രമണങ്ങള്‍. ഇതൊന്നും പാര്‍വ്വതിയുടെ പ്രതിഭയേയോ, ആത്മവിശ്വാസത്തെയോ ബോധ്യങ്ങളുടെ തെളിച്ചത്തേയോ ഒട്ടും തന്നെ മങ്ങലേല്‍പ്പിക്കുന്നില്ല. സ്വയം നവീകരിക്കാനും അനുഭവങ്ങളില്‍ നിന്നു പുതിയ പാഠങ്ങളുള്‍ക്കൊണ്ടു മുന്നോട്ടു പോകാനും തന്നെയാണ് പാര്‍വ്വതിയുടെ തീരുമാനം.

?. കൂടെ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ച ഘടകം?

നിങ്ങള്‍ ഉപയോഗിച്ച ആ വാക്ക് എനിക്കിഷ്ടമായി. പ്രേരണ. ശരിയാണ്, ഓരോ തവണയും ഞാനൊരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ അതൊരു പ്രേരണയാണ്. എന്റെ സര്‍ഗാത്മകതയെ പ്രചോദിപ്പിക്കുകയും മറ്റെല്ലാത്തിനേയും പുറത്തുനിര്‍ത്തുകയും ചെയ്യാനുള്ള ഒരു പ്രേരണയാണത്. അതിലേക്കാണ് ‘കൂടെ’ എന്നെ കൂട്ടിക്കൊണ്ടു പോയത്. പിന്നെ അഞ്ജലിയെ പോലൊരു സംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുക എന്നത് എന്റെയുളളിലെ സര്‍ഗാത്മകതയെ കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യാനുള്ള അവസരമാണ്.

Anjali Menon, Parvathy

?. സിനിമയില്‍ അഞ്ജലി മേനോന്റെ അസിസ്റ്റന്റാകാന്‍ താത്പര്യമുണ്ടായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്.  സിനിമകളൊരുക്കുന്നിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

കഥകള്‍ പറയുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അത് എഴുത്തിലൂടെയായാലും, സംവിധാനത്തിലൂടെയായാലും. ഇപ്പോള്‍ എന്നിലെ  അഭിനേത്രി  രാകിമിനുക്കുന്നുണ്ട്. ഒപ്പം മറ്റെല്ലാം നിരീക്ഷിക്കുകയും ചെയ്യുന്നു.

Read More: ‘അമ്മ’ അറിയാന്‍: പാര്‍വ്വതി, പദ്മപ്രിയ എന്നിവര്‍ എഴുതുന്നത്‌

?. തുടര്‍ച്ചയായി മൂന്നു സ്ത്രീ സംവിധായികമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. അധികം അഭിനേതാക്കള്‍ക്ക് ലഭിക്കാത്ത ഒരു അപൂർവ്വ നേട്ടമാണത്. ഈ അനുഭവത്തെ എങ്ങനെ നോക്കിക്കാണുന്നു?

മൂന്നല്ല, സത്യത്തില്‍ നാലുപേര്‍ക്കൊപ്പം ജോലി ചെയ്തു. വിജയലക്ഷ്മി സിങ് ബാബുവിനൊപ്പം ഒരു കന്നഡ ചിത്രം ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ഇവര്‍ നാലുപേരും സ്ത്രീകളാണെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം കഥപറച്ചിലിലെ വിവിധ കാഴ്ചപ്പാടുകളെക്കുറിച്ചറിയാന്‍ എനിക്കിഷ്ടമാണ്. പിന്നെ കൂടുതല്‍ സ്ത്രീകള്‍ സിനിമയൊരുക്കുമ്പോള്‍, അതിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടും. ഇതിനെല്ലാം അപ്പുറത്തേയ്ക്ക്, ഒരു സംവിധായിക എന്ന നിലയില്‍ സിനിമ ചെയ്യാനുള്ള അവരുടെ കഴിവും അറിവുമായി ജെന്‍ഡറിന് യാതൊരു ബന്ധവുമില്ല. അവരോരോരുത്തരും അവരുടെ സിനിമ ചെയ്യുന്നത് നോക്കിക്കാണാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതില്‍നിന്നൊക്കെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും സാധിച്ചിട്ടുണ്ട്.

?. സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാറുണ്ട്, സിനിമാ മേഖലയിലെ സ്ത്രീകളുടെ അവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതേതുടര്‍ന്നുണ്ടാകുന്ന ആക്രമണങ്ങള്‍ നിങ്ങളെ എപ്പോഴെങ്കിലും ബാധിച്ചിട്ടുണ്ടോ? ഏതെങ്കിലും തരത്തിലുള്ള അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടോ?

ഇതെല്ലാം നിരീക്ഷിക്കാനും, കൂടുതല്‍ പഠിക്കാനും ഈ അവസ്ഥകള്‍ എന്നെ പ്രാപ്തയാക്കി. നിരവധി കാര്യങ്ങള്‍ ഉയർന്നു വന്നു. പല കാര്യങ്ങളെക്കുറിച്ചും എനിക്ക് അറിവില്ലായിരുന്നു. പ്രത്യേകിച്ച് ഇവിടുത്തെ നിയമങ്ങളെക്കുറിച്ചും നമ്മളില്‍ കൂടുതല്‍ പേര്‍ക്കും പല കുറ്റകൃത്യങ്ങള്‍ക്കുമെതിരെ എങ്ങനെ പ്രതികരിക്കണമെന്നോ, എങ്ങനെ സ്വയം സംരക്ഷിക്കണമെന്നോ നമ്മുടെ അവകാശങ്ങളെക്കുറിച്ചോ ഒന്നുമുള്ള അറിവില്ല. ഈ ആക്രമണങ്ങളെല്ലാം അത്തരം കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും പഠിക്കുന്നതിനും എന്നെ സഹായിച്ചു.

Read More: അവസരങ്ങള്‍ നഷ്ടപ്പെട്ടാല്‍ എനിക്ക് വേണ്ട അവസരങ്ങള്‍ ഞാന്‍ തന്നെ ഉണ്ടാക്കും

?. ഇത്തരമൊരവസ്ഥയില്‍, സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ക്ക് എന്തു തരത്തിലുള്ള പിന്തുണയാണ് ലഭിക്കേണ്ടത് എന്നാണ് പാര്‍വ്വതി കരുതുന്നത്?

സ്ത്രീകളുടെ സിനിമകളെ പിന്തുണയ്ക്കുക. അവരുടെ സിനിമകള്‍ കണ്ടുകൊണ്ട് പ്രേക്ഷകര്‍ക്ക് അവരെ പിന്തുണയ്ക്കാം. ഈ സ്ത്രീകള്‍ക്ക് സിനിമയില്‍ ആവശ്യത്തിന് അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സിനിമാ മേഖലയിലുള്ളവര്‍ ശ്രമിക്കണം. സിനിമാ നിര്‍മാണത്തിന്റെ വിവിധ മേഖലകളിലേക്ക് വരുംനാളുകളില്‍ കൂടുതല്‍ സ്ത്രീകള്‍ എത്തിച്ചേരുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ