ദീപാവലി ദിനത്തില്‍ നന്മയുടെ പ്രകാശം പരത്തി പാർവതി.  ഇന്ന് പുലര്‍ച്ചെ കൊച്ചി പനമ്പിള്ളി നഗര്‍ വഴി സഞ്ചരിച്ച നടിയുടെ കാറില്‍ റോഡിലേക്ക് വീണു കിടന്ന ഒരു കേബിള്‍ കുടുങ്ങി.

റോഡിലേക്ക് വീണ് കിടക്കുന്ന ഒരു കേബിളില്‍ തന്‍റെ കാറിന്‍റെ റിയര്‍ വ്യൂ മിറര്‍ കുടുങ്ങിയെന്നും മിറര്‍ മൊത്തത്തില്‍ തന്നെ കാറില്‍ നിന്നും പറിഞ്ഞു പോയി എന്നുമാണ് പാർവതി അപകടം കഴിഞ്ഞയുടനെ അറിയിച്ചത്.

വീണു കിടന്ന കേബിള്‍  ഇരുട്ടത്ത് അദൃശ്യമായതിനാല്‍ കൂടുതല്‍ പേര്‍ അപകടത്തില്‍ പെടാനുള്ള സാധ്യത കണക്കിലെടുത്താണ് താരം മുന്നറിയിപ്പുമായി എത്തിയത്. തന്‍റെ ഇന്‍സ്റ്റാഗ്രാമിലാണ് പാർവതി വിഡിയോ സന്ദേശം പോസ്റ്റ്‌ ചെയ്തത്.

ബന്ധപ്പെട്ടവരെ വിവരം അറിയിച്ചുവെന്നും അവര്‍ എത്താനായി താന്‍ കാത്തിരിക്കുകയാണെന്നും പാർവതി കൂട്ടിച്ചേര്‍ത്തു.  കുറച്ചു നേരത്തിനു ശേഷം കേബിള്‍ മാറ്റപ്പെടുന്നത് വരെ പാർവതി അവിടെ തന്നെ നിന്ന് നിരത്തിലുളള വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. അവസാനം കേബിള്‍ മാറ്റിയവര്‍ക്കു നന്ദി പറയാനും താരം മറന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ