/indian-express-malayalam/media/media_files/uploads/2019/03/uyare-official-poster.jpg)
ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കി അണിയറയില്‍ ഒരുങ്ങുന്ന 'ഉയരെ'യുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെണ്‍കുട്ടിയായി പാര്‍വ്വതി എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
നവാഗതനായ മനു അശോകനാണ് 'ഉയരെ'യുടെ സംവിധായകന്‍. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു മനു അശോകന്‍. ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാര്‍വതിയുടെ അച്ഛന്റെ വേഷത്തില്‍ രഞ്ജി പണിക്കറും ചിത്രത്തിലുണ്ട്. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റു താരങ്ങള്‍. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ നിര്‍മ്മാണചുമതല പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേര്‍ഗ എന്നിവര്‍ക്കാണ്.
Read More: ടൊവിനോ- പാർവ്വതി- ആസിഫ് ടീമിന്റെ 'ഉയരെ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ
പല്ലവി എന്ന ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ പാര്‍വ്വതി അവതരിപ്പിക്കുന്നത്. കഥാപാത്രമാകുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പാര്‍വ്വതി ആഗ്രയിലെ 'ഷീറോസ്' കഫെയില്‍ എത്തിയിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു കൂട്ടം സ്ത്രീകളാണ് ഇതിന്റെ നടത്തിപ്പുകാര്‍. അവരുടെ ജീവിതം പഠിക്കാനായാണ് പാര്‍വ്വതി ഷീറോസില്‍ എത്തിയത്. ''ഷീറോസില്‍ നിന്നും കിട്ടിയ പിന്തുണയ്ക്കും അനുഗ്രഹത്തിനും അകമഴിഞ്ഞ നന്ദിയുണ്ട്. ആസിഡ് ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ പലരുണ്ടെങ്കിലും അതിലെ അതിജീവിച്ചവരാണ് കൂടുതല്‍. അത്തരത്തില്‍ ഉള്ള ദൃഢവിശ്വാസത്തില്‍ നിന്നും പിറന്നതാണ് പല്ലവി. ഈ ശക്തിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ കിട്ടിയ അവസരത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു'', പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. ഷീറോസും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്.
Read More: പാര്‍വ്വതിയ്ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ 'ഉയരെ'യെ ബാധിച്ചിട്ടില്ല: സഞ്ജയ്
മലയാളത്തില്‍ 'ഉയരെ' ഒരുങ്ങുമ്പോള്‍ തന്നെ ബോളിവുഡിലും ആസിഡ് ആക്രമണം ഇതിവൃത്തമായി ഒരു ചിത്രം ഒരുങ്ങുന്നുണ്ട്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കി മേഘ്ന ഗുല്‍സാര്‍ ആണ് ചിത്രമൊരുക്കുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us