മലയാളത്തിലെ നായികമാരില്‍ പ്രതിഭയും നിലപാടും കൊണ്ട് സിനിമയ്ക്കകത്തും പുറത്തും ശ്രദ്ധ നേടിയ പെണ്‍കുട്ടിയാണ് പാര്‍വ്വതി തിരുവോത്ത്.  അഭിനയിക്കുന്ന ഒരു കഥാപാത്രത്തെയും പൂര്‍ണ്ണ സമര്‍പ്പണത്തോടെ കാണുന്ന നടി.  അത് കൊണ്ട് തന്നെ പാര്‍വ്വതിയുടെ സാന്നിദ്ധ്യം അവര്‍ അഭിനയിക്കുന്ന സിനിമകള്‍ക്ക് വലിയ മുതല്‍ക്കൂട്ടായി തീരാറുണ്ട്.  ‘കൂടെ’, മൈ സ്റ്റോറി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാര്‍വ്വതിയെ തിരശ്ശീലയിൽ കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.   ആ കാത്തിരിപ്പിന് വിരാമമാകുന്നു.

ആസിഡ് അക്രമണത്തെ അതിജീവിച്ച പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ പാര്‍വ്വതി കേന്ദ്ര കഥാപാത്രമായി വേഷമിടുന്നു. ആസിഡ് അക്രമണമാണ് വിഷയം എന്നുള്ളത് കൊണ്ട് തന്നെ പ്രത്യേക ലുക്കില്‍ ആവും താരം എത്തുക എന്ന് കരുതപ്പെടുന്നു.  ചിത്രത്തിന് ആവശ്യമായ പ്രത്യേക മേക്കപ്പ്, പ്രോസ്തെറ്റിക്സ് എന്നിവയ്ക്കായി വിദഗ്‌ധർ അടങ്ങുന്ന ടീം എത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്‌.

ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായാണ് പാര്‍വ്വതി ചിത്രത്തില്‍ എത്തുന്നത്‌.  ഇതിനായി ആഗ്രയില്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ നടത്തുന്ന ‘ഷീറോസ്’ കഫെ സന്ദര്‍ശിച്ചു അവരുമായും ഇടപഴകുകയും ചെയ്തിരുന്നു പാര്‍വ്വതി.  അതിനെക്കുറിച്ച് പാര്‍വ്വതിയുടെ വാക്കുകള്‍ ഇങ്ങനെ.

“ഷീറോസില്‍ നിന്നും കിട്ടിയ പിന്തുണയ്ക്കും അനുഗ്രഹത്തിനും അകമഴിഞ്ഞ നന്ദിയുണ്ട്. ആസിഡ് ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ പലരുണ്ടെങ്കിലും അതിലെ അതിജീവിച്ചവരാണ് കൂടുതല്‍. അത്തരത്തില്‍ ഉള്ള ദൃഢവിശ്വാസത്തിലും തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസത്തിലും നിന്നും പിറന്നതാണ് പല്ലവി. ഈ ശക്തിയെ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ കിട്ടിയ അവസരത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു”, പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

രാജേഷ് പിള്ളയുടെ ചീഫ് അസോസിയേറ്റായിരുന്ന മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമൊരുക്കുന്നത് ബോബിയും  സഞ്ജയും ചേർന്നാണ്.ടൊവിനോ തോമസ്സ്,ആസിഫ് അലി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.  അനാർക്കലി മരിക്കാർ, രൺജി പണിക്കർ, പ്രതാപ് പോത്തൻ, പ്രേം പ്രകാശ്​ എന്നിവരും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഷെനുക, ഷെഗ്ന, ഷെർഗ

മലയാളത്തിലെ പ്രധാനപ്പെട്ട പ്രൊഡക്ഷന്‍ ബാനറുകളില്‍ ഒന്നായ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ചെറിയ ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വരുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.  ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ സാരഥിയായ പി.വി.ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്ന, ഷെർഗ എന്നിവരാണ് എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. ഇവരുടെ ആദ്യ ചിത്രമാണിത്.

മുകേഷ് മുരളീധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ മഹേഷ് നാരായണനാണ്. ഗോപി സുന്ദറാണ് സംഗീത സംവിധായകൻ. കല്പക ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം. കൊച്ചി,മുംബൈ, ആഗ്ര എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ഈ ചിത്രം നവംബർ 10 ന് ഷൂട്ടിംഗ് ആരംഭിക്കും. ആഗ്രയിലെ ‘ഷീറോസ്’ ആണ് ചിത്രത്തിലെ പ്രധാന ലോക്കേഷനുകളിൽ ഒന്ന്.

‘കൂടെ’, ‘മൈ സ്റ്റോറി’​​​ എന്നീ രണ്ടു സിനിമകളാണ്​​​​ അടുത്തിടെ പാർവ്വതിയുടേതായി തിയേറ്ററികളിലെത്തിയത്. ‘കസബ’ സിനിമയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പാർവ്വതി നായികയാവുന്ന ‘മൈ സ്റ്റോറി’യ്ക്ക് നേരെയും സോഷ്യൽ മീഡിയയിൽ ഒരു ഡിസ്‌ലൈക്ക് വിപ്ലവം നടന്നിരുന്നു. പാർവ്വതി അഭിനയിച്ച സിനിമ ബഹിഷ്കരിക്കണമെന്ന ഫാൻസ് അസോസിയേഷനുകളുടെ ആഹ്വാനവും വാർത്തയായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ എഎംഎംഎയിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ വിശദീകരണം തേടി വിമൺ ഇൻ സിനിമാ കളക്ടീവ് അംഗങ്ങളായ പത്മപ്രിയ, രേവതി എന്നിവർക്കൊപ്പം എഎംഎംഎയുമായി നടത്തിയ ചർച്ചയുമായി ബന്ധപ്പെട്ടാണ് അടുത്തിടെ പാർവ്വതിയുടെ പേര് വാർത്തകളിൽ നിറഞ്ഞു നിന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook