‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിനുശേഷം സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഹലാൽ ലൗ സ്റ്റോറി’ എന്ന ചിത്രത്തിൽ അതിഥി താരമായി പാർവതി തിരുവോത്തും. ആദ്യമായാണ് പാർവ്വതി ഒരു ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നത്. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

“വ്യത്യസ്തമായ ഒരു ജോണറിലുള്ള സിനിമയുടെ ഭാഗമാകാൻ എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. ഞാൻ ചെയ്ത സാധാരണ സിനിമകളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഹലാൽ ലവ് സ്റ്റോറി. എനിക്ക് സിനിമയെക്കുറിച്ച് കൂടുതൽ പറയാൻ കഴിയില്ല. പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പരീക്ഷണം നടത്തുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്,” പാർവ്വതി പറഞ്ഞു.

Read More: ഭാര്യ തന്ന ഏറ്റവും മനോരഹരമായ വാലന്റൈൻസ് ഡേ സമ്മാനം; ഇസയെ എടുത്തുയർത്തി ചാക്കോച്ചൻ

സിനിമയ്ക്കുള്ളിലെ സിനിമയായാണ് ചിത്രമൊരുങ്ങുന്നതെന്ന സൂചനകളാണ് പോസ്റ്ററിൽ നിന്ന് ലഭിക്കുന്നത്. ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്ത്, ഗ്രേസ് ആന്റ്ണി, ഷറഫൂദ്ദീന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സക്കരിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിഖ് അബു, ജെസ്‌ന ഹാഷിം, ഹര്‍ഷാദ് അലി എന്നവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അജയ് മേനോന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബിജിബാലും ഷഹബാസ് അമനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയ ഒരുപോലെ പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയ ചിത്രമാണ്. കൂടാതെ നിരവധി ദേശീയ, അന്തര്‍ദ്ദേശീയ പുരസ്കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു. മികച്ച ചിത്രത്തിനും മികച്ച നടനും സ്വഭാവ നടിക്കുമുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ചിത്രം നേടിയിട്ടുണ്ട്.

ഉയരെ, വൈറസ് എന്നീ ചിത്രങ്ങൾക്ക് ശേഷം പാർവ്വതി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഹലാൽ ലൗ സ്റ്റോറി. ഛായാഗ്രഹകൻ കൂടിയായ വേണു സംവിധാനം ചെയ്യുന്ന രാച്ചിയമ്മയാണ് പാർവ്വതിയുടെ പുതിയ ചിത്രം. ഉറൂബിന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook