അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് കടന്ന അഭിനേതാക്കൾ നിരവധിയുണ്ട് നമുക്ക്. ഏറ്റവും ഒടുവിലായി പൃഥ്വിരാജും മോഹൻലാലും വരെ ആ പാതയിലൂടെ സഞ്ചരിച്ചവരാണ്. ഇപ്പോഴിതാ, നടി പാർവതി തിരുവോത്തും സംവിധാനരംഗത്തേക്ക് കടക്കുകയാണ്. ഈ വർഷം അവസാനത്തോടെ തന്നെ തന്റെ സംവിധാനസംരംഭം ഉണ്ടാകുമെന്ന് തുറന്നു പറയുകയാണ് താരമിപ്പോൾ.

നിലവിൽ ഏറ്റെടുത്ത പ്രൊജക്റ്റുകൾ പൂർത്തിയാക്കി, മുൻകൂട്ടി പ്ലാൻ ചെയ്ത ചില യാത്രകളും കഴിഞ്ഞ് 2020 നവംബർ- ഡിസംബർ മാസത്തോടെ സംവിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ശ്രദ്ധ നൽകാനാണ് ആഗ്രഹിക്കുന്നതെന്ന് പാർവ്വതി പറയുന്നു. 2021 ൽ ആവും ചിത്രീകരണവും മറ്റുകാര്യങ്ങളും നടക്കുക എന്നും സിനിമയുടെ ആ മേഖല തന്നെ ഏറെ ആവേശഭരിതയാക്കുന്നുവെന്നും പാർവ്വതി കൂട്ടിച്ചേർത്തു. ‘ദ ഹിന്ദു’വിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു പാർവതിയുടെ തുറന്നുപറച്ചിൽ. തിരക്കഥയിലും തന്റ പങ്കാളിത്തം ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

‘മുന്നറിയിപ്പ്’, ‘കാർബൺ’ എന്നീ ചിത്രങ്ങൾക്കുശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന പുതിയ ചിത്രമായ ‘രാച്ചിയമ്മ’യാണ് അണിയറയിൽ ഒരുങ്ങുന്ന പാർവതിയുടെ ഏറ്റവും പുതിയ ചിത്രം. സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ പാർവതിയും ആസിഫ് അലിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടി രാച്ചിയമ്മയായുള്ള പാർവതിയുടെ ലുക്കും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

വേണു തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പീരുമേടായിരുന്നു ‘രാച്ചിയമ്മ’യുടെ പ്രധാന ലൊക്കേഷൻ. സിനിമയുടെ ഡബ്ബിങ് പൂർത്തിയായി എന്നാണ് റിപ്പോർട്ടുകൾ. ‘ഉയരെ’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും പാർവതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് രാച്ചിയമ്മ.

വിവിധ സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന ആന്തോളജി വിഭാഗത്തിലുള്ള ചിത്രമാണിത്. ആഷിക് അബു, രാജീവ് രവി, ജയ്.കെ എന്നിവരാണ് മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. പി.കെ പ്രൈമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more: നീ എമ്മാതിരി പൊളിയാ; റിമയ്ക്ക് പിറന്നാൾ ആശംസിച്ച് പാർവതി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook