തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നാൽ പല വിഗ്രഹങ്ങളും ഉടഞ്ഞു വീഴുമെന്ന് നടി പാർവ്വതി തിരുവോത്ത്. റിപ്പോർട്ട് പഠിക്കാൻ പുതിയ സമിതി രൂപീകരിച്ച് റിപ്പോർട്ട് നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് ആയാൽ റിപ്പോർട്ട് വരുമെന്നും സർക്കാർ സ്ത്രീസൗഹൃദമായി മാറുന്നത് കാണാനാകുമെന്നും പാർവ്വതി ആഞ്ഞടിച്ചു.
ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബർ 30നാണ് സർക്കാരിന് സമർപ്പിച്ചത്. “റിപ്പോർട്ട് വന്നാൽ നമ്മൾ ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടഞ്ഞു വീഴും. നമ്മുടെ ജീവിതങ്ങൾ പ്രാധാന്യമില്ലാത്തതും അവരുടെ വളരെ പ്രാധാന്യമുള്ളതും പോലെയാണ്,” തിരുവനന്തപുരത്ത് സൂര്യാ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ടാക്ക് ഫെസ്റ്റിവലിൽ സംസാരിക്കുന്നതിനിടെ പാർവ്വതി പറഞ്ഞു.
ആഭ്യന്തര പരിഹാര സെല്ലിനെതിരെ പ്രവർത്തിച്ചത് സിനിമാ മേഖലയിലെ പ്രമുഖരാണ്. അവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് കിട്ടിയെന്നും മാറ്റി നിര്‍ത്താനും നിശബ്ദയാക്കാനും ശ്രമം നടന്നെന്നും പാർവതി പറഞ്ഞു.
മീടൂ മൂവ്മെന്റ് ആരംഭിച്ചപ്പോൾ തന്നെ ബോളിവുഡിൽ ശക്തമായി നടപ്പാക്കിയ നിയമം കേരളത്തിൽ നടപ്പാക്കാനാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. അത് നടപ്പിലാക്കാതെ വന്നപ്പോഴാണ് കോടതിയെ സമീപിച്ചതെന്നും പാർവതി വ്യക്തമാക്കി.
കഴിഞ്ഞ മാർച്ച് 17നാണ് സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (WCC) നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ അനുകൂല വിധി വന്നത്. ചലച്ചിത്ര സംഘടനകളിലും ചിത്രീകരണ ലൊക്കേഷനുകളിലും പരാതി പരിഹാര സംവിധാനം വേണമെന്നായിരുന്നു ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് 2018 ലായിരുന്നു ഡബ്ല്യുസിസി ഹര്‍ജി സമർപ്പിച്ചത്.
Also Read: അതൊക്കെ കഴിഞ്ഞു, ആ അധ്യായം അടഞ്ഞു; ബിന്ദുപണിക്കരെക്കുറിച്ചുള്ള ചോദ്യത്തിന് സായികുമാറിന്റെ മറുപടി