പാര്‍വ്വതി തിരുവോത്ത് നായികയാകുന്ന പുതിയ ചിത്രം ‘ഉയരെ’യുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെണ്‍കുട്ടിയായാണ്‌ പാര്‍വ്വതി എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്‌, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ മനു അശോകന്‍ ആണ്.  ചിത്രത്തിന്റെ നിര്‍മ്മാണചുമതല പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്ന, ഷേര്ഗ എന്നിവര്‍ക്കാണ്.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു മനു അശോകന്‍. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളെന്നും, ചിത്രീകരണത്തിനായി എത്ര ദിവസം വേണ്ടി വരുമെന്ന് ഇപ്പോള്‍ തീരുമാനമായിട്ടില്ലെന്നും തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബോബി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Read More: അതിജീവനത്തിന്റെ കഥയുമായി പാർവ്വതിയുടെ അടുത്ത ചിത്രം

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ മേഘ്‌ന ഗുല്‍സാര്‍ സിനിമ ഒരുക്കുന്നുണ്ട്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. എന്നാല്‍ ‘ഉയരെ’ എന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയല്ല ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഥാപാത്രമാകുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പാര്‍വ്വതി ആഗ്രയിലെ ‘ഷീറോസ്’ കഫെയില്‍ എത്തിയിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു കൂട്ടം സ്ത്രീകളാണ് ഇതിന്റെ നടത്തിപ്പുകാര്‍. അവരുടെ ജീവിതം പഠിക്കാനായാണ് പാര്‍വ്വതി ഷീറോസില്‍ എത്തിയത്.

“ഷീറോസില്‍ നിന്നും കിട്ടിയ പിന്തുണയ്ക്കും അനുഗ്രഹത്തിനും അകമഴിഞ്ഞ നന്ദിയുണ്ട്. ആസിഡ് ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ പലരുണ്ടെങ്കിലും അതിലെ അതിജീവിച്ചവരാണ് കൂടുതല്‍. അത്തരത്തില്‍ ഉള്ള ദൃഢവിശ്വാസത്തിലും തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസത്തിലും നിന്നും പിറന്നതാണ് പല്ലവി. ഈ ശക്തിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ കിട്ടിയ അവസരത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു”, പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. ഷീറോസും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook