താന്‍ ഒരു ടെക് ബ്രേക്ക്‌ എടുക്കാന്‍ പോവുകയാണ് എന്ന് നടി പാര്‍വ്വതി തിരുവോത്ത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവര്‍ ഈ വിവരം ആരാധകരെ അറിയിച്ചത്. ഇതുവരെ തനിക്ക് നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ട് പാര്‍വ്വതി ഇങ്ങനെ കുറിച്ചു.

“ഈ നിരന്തര സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡിഎം വഴി സന്ദേശങ്ങള്‍ അയക്കുന്നവരുടെ സപ്പോര്‍ട്ട് എത്ര വിലപ്പെട്ടതാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വളരെ അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക് ബ്രേക്ക്‌ എടുക്കാന്‍ പോവുകയാണ് ഞാന്‍. സ്നേഹം പങ്കു വയ്ക്കാന്‍ വൈകാതെ മടങ്ങിയെത്തും”.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്ന പാര്‍വ്വതി  ഇൻസ്റ്റഗ്രാമിൽ നിന്നു മാത്രമാണോ അതോ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ നിന്നും കൂടിയാണോ മാറി നില്‍ക്കാന്‍ തീരുമാനിച്ചത് എന്ന് ഇതില്‍ നിന്നും വ്യക്തമല്ല.

Parvathy tech break

പക്ഷേ തന്റെ വര്‍ക്ക്‌ഔട്ട്‌, യാത്ര, എന്നിങ്ങനെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ സജീവമായി പങ്കുവച്ച് കൊണ്ടിരുന്ന പാര്‍വ്വതിയുടെ അഭാവം ആരാധകര്‍ക്ക് അനുഭവപ്പെടും എന്നും തീര്‍ച്ച.

‘കസബ’ സിനിമയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ട് എന്ന് ഒരു പൊതു വേദിയില്‍ പാര്‍വ്വതി അഭിപ്രായ പ്രകടനം നടത്തിയതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണങ്ങള്‍ക്ക് വിധേയയായിരുന്നു അവര്‍. എന്നാൽ അതിലൊന്നും പതറാതെ, അതിനെ നിയമപരമായി കൈകാര്യം ചെയ്ത് അധിക്ഷേപിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടു വന്നു വാർത്തകളിലും ഇടം പിടിച്ചിരുന്നു പാർവ്വതി.

സൈബർ ആക്രമണങ്ങൾ നേരിടുന്ന ഏറെ പേർക്ക് ധൈര്യപൂര്‍വ്വം മുന്നോട്ട് വന്ന് നിയമപരമായി നേരിടാനുള്ള പ്രചോദനം പകരാനും ഈ സൈബര്‍ പോരാട്ടത്തിലൂടെ പാർവ്വതിയ്ക്ക് സാധിച്ചു.

കൂടെ, മൈ സ്റ്റോറി​​​ എന്നീ രണ്ടു സിനിമകളാണ്​​​​ അടുത്തിടെ പാർവ്വതിയുടേതായി തിയേറ്ററികളിലെത്തിയത്. കസബ സിനിമയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പാർവ്വതി നായികയാവുന്ന മൈ സ്റ്റോറിയ്ക്ക് നേരെയും സോഷ്യൽ മീഡിയയിൽ ഒരു ഡിസ്‌ലൈക്ക് വിപ്ലവം നടന്നിരുന്നു. പാർവ്വതി അഭിനയിച്ച സിനിമ ബഹിഷ്കരിക്കണമെന്ന ഫാൻസ് അസോസിയേഷനുകളുടെ ആഹ്വാനവും വാർത്തയായിരുന്നു.

അവസാനമായി തിയേറ്ററുകളിലെത്തിയ കൂടെയ്ക്ക് ശേഷം​ അടുത്ത പാർവ്വതി ചിത്രം ഏതെന്ന് അറിയാൻ​ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ, അടുത്തതായി ഏതു സിനിമയിലാണ് പാർവ്വതി​​ അഭിനയിക്കുക എന്നതിന്റെ വിശേഷങ്ങളൊന്നും നിലവിൽ ലഭ്യമല്ല.

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ എഎംഎംഎയിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ വിശദീകരണം തേടി വിമൺ ഇൻ സിനിമാ കളക്ടീവ് അംഗങ്ങളായ പത്മപ്രിയ, രേവതി എന്നിവർക്കൊപ്പം എഎംഎംഎയുമായി നടത്തിയ ചർച്ചയുമായി ബന്ധപ്പെട്ടാണ് അടുത്തിടെ പാർവ്വതിയുടെ പേര് വാർത്തകളിൽ നിറഞ്ഞു നിന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ