അടുത്തിടെ വിവാഹിതയായ പ്രിയ കൂട്ടുകാരി സ്വാതി റെഡ്ഡിയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച് നടി പാര്‍വ്വതി. സെപ്റ്റംബര്‍ ഒന്നാം തീയതി ഹൈദരാബാദില്‍ വച്ച് നടന്ന ചടങ്ങിലാണ് സ്വാതി കൂട്ടുകാരന്‍ വികാസിനെ ജീവിത പങ്കാളിയാക്കിയത്.   മലേഷ്യന്‍ എയര്‍വേസിൽ ജോലി ചെയ്യുന്ന വികാസും  സ്വാതിയും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.

‘സുബ്രഹ്മണ്യപുരം’ എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സ്വാതി റെഡ്ഡി  ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത  ‘ആമേന്‍’ എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച സോളമന്‍റെ കാമുകിയായാണ് മലയാളി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിയത്.  ഇതിലെ ‘സോളമനും ശോശന്നയും’ എന്ന് തുടങ്ങുന്ന പ്രണയ ഗാനം ഹിറ്റ്‌ ചാര്‍ട്ടുകളില്‍ വളരെക്കാലം ഇടം പിടിച്ചിരുന്ന ഒന്നാണ്.  

‘നോര്‍ത്ത് 24 കാതം’, ‘മോസയിലെ കുതിര മീനുകള്‍’, ‘ആട്’, ‘ഡബിള്‍ ബാരല്‍’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മിനി സ്‌ക്രീനിലൂടെ സിനിമയിലെത്തിയ താരമാണ് സ്വാതി. ടിവി അവതാരക ആയിട്ടായിരുന്നു സ്വാതിയുടെ തുടക്കം. 2005ല്‍ പുറത്തിറങ്ങിയ ‘ഡെയ്ഞ്ചര്‍’ ആണ് സ്വാതിയുടെ ആദ്യ ചിത്രം.

ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫെയ്സ്ബുക്ക്‌ എന്നിവയില്‍ എല്ലാം സാന്നിദ്ധ്യമുള്ള സ്വാതി സജീവമായി ഇടപെടുന്നത് ഇന്‍സ്റ്റഗ്രാമിലാണ്. തന്‍റെ കൂട്ടുകാരിയും നടിയുമായ പാര്‍വ്വതിയോടാണ് സ്ഥിരമായി സ്വാതി ഇന്‍സ്റ്റഗ്രാമില്‍ സംവദിക്കാറുള്ളത്. ‘ബന്ദിപ്പൂവ്’ എന്നാണ് സ്വാതിയുടെ ചിത്രങ്ങള്‍ക്കൊപ്പം പാര്‍വ്വതി കുറിക്കുക. ഇരുവരും സൗഹൃദത്തിന്‍റെ ഊഷ്മളമായ നിമിഷങ്ങള്‍ പലപ്പോഴും ഇവിടെ കാണാന്‍ കഴിയും.

ചിത്രങ്ങള്‍: പാര്‍വ്വതി/ഇന്‍സ്റ്റാഗ്രാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook