ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ പിന്തുണച്ചുകൊണ്ട് നടി പാര്‍വ്വതി തിരുവോത്ത്. ജനിച്ച നാള്‍ തൊട്ട് പറഞ്ഞുകേള്‍ക്കുന്നതാണ് ഋതുമതിയായ സ്ത്രീ അശുദ്ധയാണെന്ന്, എന്നാല്‍ താന്‍ എപ്പോളും ആ വാദത്തിന് എതിരായിരുന്നുവെന്ന് ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വ്വതി പറഞ്ഞു. തനിക്ക് അമ്പലത്തില്‍ പോകാന്‍ തോന്നിയാല്‍ താന്‍ പോകുമെന്നും പാര്‍വ്വതി പറഞ്ഞു.

Read More: ആക്രമിക്കപ്പെട്ടുവെന്ന് സ്വയം തിരിച്ചറിയാൻ 17 വർഷങ്ങൾ വേണ്ടിവന്നു: പാർവ്വതി

ഈ വിഷയത്തില്‍ താന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ എല്ലാക്കാലത്തും ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും പാര്‍വ്വതി പറയുന്നു. തനിക്ക് അമ്പലങ്ങളില്‍ പോകാന്‍ തോന്നുമ്പോള്‍ പോകാറാണ് പതിവ്. ആ സമയത്ത് ആര്‍ത്തവം ഉണ്ടോ ഇല്ലയോ എന്നത് തന്റെ മാത്രം കാര്യമാണ്, എന്തിനാണ് അത് മറ്റുള്ളവരെ അറിയിക്കേണ്ടത് എന്നും പാര്‍വ്വതി ചോദിക്കുന്നു.

Read More:ഞങ്ങളുടെ ശബ്ദങ്ങള്‍ ഇനി മുങ്ങിപ്പോകില്ല; ചിന്മയിക്കൊപ്പമെന്ന് പാര്‍വ്വതി

‘ഇതിന്റെ പേരില്‍ ഞാന്‍ ഒരുപാട് പഴികേള്‍ക്കേണ്ടി വരും എന്നെനിക്കറിയാം. എങ്കിലും തീര്‍ച്ചയായും ഞാന്‍ സുപ്രീംകോടതി വിധിക്കൊപ്പമാണ്. മതത്തെയും മതത്തിനുള്ളിലെ പുരുഷാധിപത്യത്തെയും കുറിച്ച് ഈ സ്ത്രീകളോട് സംസാരിക്കുന്നതിന് മുമ്പ് മറ്റൊരുപാട് പാളികള്‍ അഴിക്കേണ്ടതുണ്ട്. അതിപ്പോള്‍ സിനിമാ മേഖലയിലായാലും പുരുഷനോട് പോരാടുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് സ്ത്രീകളോട് പോരാടുന്നത്. ചൂഷണങ്ങളിലൂടെ കടന്നു പോയിട്ടും, ‘എന്തിനാണ് വെറുതേ പ്രശ്‌നമുണ്ടാക്കുന്നത്? നമുക്കെല്ലാം പറഞ്ഞ് പരിഹരിച്ച് ഒന്നിച്ചു പോകാം,’ എന്നു പറയുന്ന മുതിര്‍ന്ന നടിമാര്‍ അവിടെയുണ്ട്. ഇത്രയും കഷ്ടതകള്‍ അനുഭവിച്ച, കാലങ്ങളുടെ അനുഭവ സമ്പത്തുള്ള ഒരു നടിയില്‍ നിന്നുമാണ് ഇത് കേള്‍ക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല,’ പാര്‍വ്വതി പറഞ്ഞു.

Read More:സിനിമയിൽ അവസരങ്ങളില്ല, ഞങ്ങളോട് സംസാരിക്കുന്നതിനു പോലും വിലക്ക്: പാര്‍വ്വതി

പ്രശ്‌നങ്ങളൊന്നും ഇല്ലാതെ, എല്ലാത്തിനോടും സന്ധി ചേര്‍ന്നു പോകാമെന്നൊരു മനോഭാവത്തില്‍ നിന്നുമാണ് ഇത്തരം ചിന്താഗതികള്‍ വരുന്നതെന്ന് പാര്‍വ്വതി പറുന്നു. അപ്പോള്‍ എല്ലാവര്‍ക്കും സമാധാനം ലഭിക്കുന്നു, ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അശുദ്ധരാണെന്ന് വിശ്വസിക്കാന്‍ തന്നെയാണ് അതുകൊണ്ട് അവര്‍ക്കും ഇഷ്ടം. താന്‍ ജനിച്ചപ്പോള്‍ മുതല്‍ തന്റെ ഉള്ളില്‍ വളര്‍ത്തിയെടുത്ത ചിന്തയാണതെന്നും ഓരോ സ്ത്രീയിലും അത് കാണാന്‍ കഴിയുമെന്നും പറഞ്ഞ പാര്‍വ്വതി, സ്ത്രീയെന്നാല്‍ ഒരു ശരീരമാണെന്നും, നിങ്ങളുടെ ശുദ്ധി നിങ്ങളുടെ ലൈംഗികാവയവങ്ങളിലാണെന്നുമാണ് സ്ത്രീകളെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നതെന്നും തുറന്നടിച്ചു.

കേരളത്തിലെ സ്ത്രീകളുടെ ശാക്തീകരണത്തെക്കുറിച്ചും, സ്വാതന്ത്ര്യത്തെക്കുറിച്ചും ചോദിച്ചപ്പോൾ, പുരുഷന് സ്വീകാര്യമായ അളവിൽ മാത്രമാണ് അതെന്നായിരുന്നു പാർവ്വതിയുടെ ഉത്തരം.

ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് പാർവ്വതി ഈ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ