മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവിനെതിരെ സംവിധായിക വിധു വിൻസെന്റും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറും ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സംഘടനയിലെ അംഗവും നടിയുമായ പാർവതി തിരുവോത്ത്. ആൽബർട്ട് കാമുവിനെ ഉദ്ധരിച്ചുകൊണ്ട് പാർവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ വിമർശനങ്ങളുമായി നിരവധി പേർ എത്തിയിരുന്നു. സാഹിത്യമല്ല, മറിച്ച് കൃത്യമായ മറുപടിയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന കമന്റുകളോട് പ്രതികരിക്കുകയായിരുന്നു പാർവതി.
പുരുഷന്മാർ സ്ത്രീകളെ വച്ച് പല കളികളും കളിക്കുമെന്നും എന്നാൽ സത്യം കാലം തെളിയിക്കുമെന്നും പാർവതി പറയുന്നു. അപവാദ പ്രചരണങ്ങളിൽ വിശ്വസിക്കാതെ മുന്നോട്ട് പോകാമെന്നും അവർ കൂട്ടിച്ചേർത്തു. ആരെന്ത് പറഞ്ഞാലും എന്താണ് സംഭവിക്കുന്നതെന്ന് തങ്ങൾക്കറിയാം, തങ്ങൾ എല്ലാവരേയും കൂട്ടിപ്പിടിക്കുകയേ ചെയ്തിട്ടുള്ളൂ, പരസ്പരം ബഹുമാനിക്കുന്നവരാണ് സംഘടനയിലെ അംഗങ്ങളെന്നും പാർവതി വ്യക്തമാക്കി. പൊതുവിചാരണകൾക്ക് ചെവി കൊടുക്കുന്നില്ലെന്നും സംഘടനയിലെ അംഗങ്ങൾ എല്ലാവരും നിലവിലെ വിഷയം ചർച്ച ചെയ്യുന്നുണ്ടെന്നും പാർവതി പറയുന്നു.
വിമൻ ഇൻ സിനിമ കലക്ടീവില്‍ (ഡബ്ല്യുസിസി) നിന്നും രാജിവച്ചതിന് പിന്നാലെയാണ് സംഘടയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സംവിധായിക വിധു വിൻസെന്റ് രംഗത്തെത്തിയത്. തന്റെ പിന്മാറ്റത്തെ തുടര്‍ന്ന് ‘അപവാദ പ്രചരണങ്ങൾ നടത്തിയും ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പടച്ചുവിട്ടും’ തന്നെ പരസ്യമായി വ്യക്തിഹത്യ നടത്താൻ ചിലർ മുതിർന്ന സാഹചര്യത്തിലാണ് വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ താന്‍ തയ്യാറാകുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിന്റെ ആമുഖത്തില്‍ വിധു പറഞ്ഞിരുന്നു.
വിധു വിൻസെന്റ് സംവിധാനം ചെയ്ത ‘സ്റ്റാൻഡ് അപ്’ എന്ന ചിത്രം സംവിധായകന് ബി.ഉണ്ണിക്കൃഷ്ണനും നിര്‍മ്മാതാവ് ആന്റോ ജോസഫും ചേര്‍ന്ന് നിർമ്മിച്ചതിന്റെ പേരിൽ ഡബ്ല്യുസിസി ആവശ്യപ്പെട്ട വിശദീകരണത്തിനു നല്കിയ മറുപടി കത്തിലാണ് ഡബ്ല്യുസിസിയില്‍ നിന്നും നേരിട്ട വിവേചനാപരമായ പല അനുഭവങ്ങളെക്കുറിച്ചും അംഗങ്ങളുടെ ഇരട്ടത്താപ്പിനെക്കുറിച്ചുമൊക്കെ വിധു തുറന്നെഴുതിയിരുന്നു.
വിധുവിനു പിന്നാലെ ‘വിമൻ ഇൻ സിനിമ കലക്ടീവിനെ’തിരെ (ഡബ്ല്യുസിസി) ഗുരുതര ആരോപണവുമായി കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറും രംഗത്തെത്തിയിരുന്നു. വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും പ്രാധാന്യവും സ്ഥാനവും നോക്കി കാര്യങ്ങൾ തീരുമാനിക്കുകയാണെന്ന് സ്റ്റെഫി കുറ്റപ്പെടുത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംസ്ഥാന അവർഡ് ജേതാവ് കൂടിയായ സ്റ്റെഫിയുടെ ആരോപണം.