ഗർഭിണിയായ ആന സ്ഫോടകവസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ നടി പാർവതി തിരുവോത്ത്. മൃഗങ്ങൾക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്ന് പാർവതി പറഞ്ഞു. എന്നാൽ, ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന എല്ലാ വിദ്വേഷ പ്രചാരണങ്ങളെയും താരം നിശിതമായി വിമർശിച്ചു. ഒരു ജില്ലയെ ലക്ഷ്യംവച്ചുള്ള വിദ്വേഷ പ്രചാരണം ലജ്ജാകരമാണെന്ന് പാർവതി ട്വിറ്ററിൽ കുറിച്ചു.
“മൃഗങ്ങൾക്കെതിരെയുള്ള ഇത്തരം പൈശാചിക ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. ഇത് ക്രിമിനൽ കുറ്റം തന്നെയാണ്. എന്നാൽ, ഈ വിഷയത്തിൽ ഒരു ജില്ലയെ മാത്രം ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രചാരണങ്ങളിൽ ലജ്ജ തോന്നുന്നു,” പാർവതി ട്വീറ്റ് ചെയ്തു. ആനക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് സിനിമാ-ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
Animals falling prey to cruel explosive snares is a practice that must stop! It’s a punishable offence! Crushed to hear what happened!! But those who are using this now to spin fresh hatemongering based on the district this happened in? SHAME ON YOU! Get a grip!!!
— Parvathy Thiruvothu (@parvatweets) June 3, 2020
അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വർഗീയ, വിദ്വേഷ പ്രചാരണങ്ങൾ തുടരുകയാണ്. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയുടെ വിദ്വേഷ ട്വീറ്റ് നേരത്തെ വാർത്തയായിരുന്നു. അതിനു പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ വർധിച്ചത്.
Sorry, based on the district you ASSUME this happened in!! How much more hate will you spew based on assumptions and misleading reportage?
— Parvathy Thiruvothu (@parvatweets) June 3, 2020
‘സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തിൽ’ എന്ന മനേക ഗാന്ധിയുടെ ട്വീറ്റ് വലിയ വിവാദമായിരുന്നു.
ആന ചരിഞ്ഞ സംഭവത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് വിശദീകരണം തേടിയിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറാണ് സംസ്ഥാനത്തോട് വിശദീകരണം തേടിയത്. കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു.
Read Also: ആന ചരിഞ്ഞ സംഭവം: കേന്ദ്രം വിശദീകരണം തേടി, നടപടിയെടുക്കാൻ നിർദേശം
ആന ചരിഞ്ഞ സംഭവത്തിൽ അന്വേഷണപുരോഗതിയില്ലാതെ വലയുകയാണ് വനംവകുപ്പ്. ആന ചരിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല. മേയ് 25നാണ് ആന ചരിഞ്ഞത്. പരുക്കേറ്റതിനു ശേഷം ആന കിലോമീറ്ററുകളോളം സഞ്ചരിച്ചിരിക്കാമെന്നതിനാൽ തെളിവുകൾ കണ്ടെത്താനാവാത്തത് വനം വകുപ്പിന്റെ അന്വേഷണത്തെ ബാധിക്കുന്നു.
പരുക്കേറ്റ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ആനയെ കണ്ടെത്തിയതെന്നും ഇതിനാൽ എവിടെ വച്ചാണ് ആനക്ക് പരുക്കേറ്റതെന്ന് കണ്ടെത്തുന്നത് പ്രയാസമാണെന്നും മണ്ണാർക്കാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ കെ.സുനിൽ കുമാർ പറഞ്ഞു. “ഇക്കാര്യം കണ്ടെത്തുന്നത് എളുപ്പമല്ല. വിദൂര മേഖലയിലാണ് സംഭവം നടന്നെതെന്നതിനാൽ പ്രദേശവാസികളിൽ നിന്നുള്ള വിവരങ്ങൾ ആശ്രയിക്കേണ്ടിവരും. പ്രദേശം സന്ദർശിച്ചപ്പോൾ ലഭിച്ച വിവരങ്ങളും വന്യജീവി ക്ഷേമത്തിനായി പ്രവർത്തിക്കുന്നവരിൽ നിന്നും ലഭിച്ച വിവരങ്ങളും കേസിനെ സഹായിക്കും.” സുനിൽ കുമാർ പറഞ്ഞു.
“ആരെങ്കിലും മനഃപൂർവ്വം ആനയ്ക്ക് സ്ഫോടകവസ്തു നിറച്ച ഫലം നൽകിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എന്നാൽ കാട്ടുപന്നികളെ കൊല്ലാനുള്ള കെണിയിൽ ആന പെട്ടുപോയതാവാനുളള സാധ്യതയാണ് കൂടുതൽ. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വനമേഖലകളിൽ കാട്ടുപന്നികൾക്കെതിരേ ഇത്തരം കെണികൾ ഉപയോഗിക്കുന്നത് സാധാരണമാണ്. കാട്ടാനകളെ ഇങ്ങനെ കൊല്ലുന്നതായും കേട്ടിട്ടുണ്ട്,” സുനിൽ കുമാർ പറഞ്ഞു.
“വനത്തോട് കൂടുതൽ ചേർന്ന പ്രദേശങ്ങളിൽ പടക്കങ്ങളും നാടൻ ബോംബുകളും വന്യമൃഗങ്ങളെ കെണിയിൽ വീഴ്ത്താൻ ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്. അത് നിയമ വിരുദ്ധവുമാണ്. ആ സാധ്യത തള്ളിക്കളയുന്നില്ല. മറ്റൊരു ജീവിക്ക് വച്ച കെണിയിൽ ആന പെട്ടുപോയതാവാനാണ് കൂടുതൽ സാധ്യത,” സുനിൽ കുമാർ പറഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook