scorecardresearch
Latest News

സമയമാകുമ്പോള്‍ വിശദീകരിക്കാം: ‘രാച്ചിയമ്മ’യെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് പാര്‍വ്വതിയുടെ പ്രതികരണം

ഈ വിഷയത്തില്‍ പാര്‍വ്വതി ഉത്തരം പറയാതെ ഒഴിഞ്ഞു മാറിയത് വീണ്ടും വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്

സമയമാകുമ്പോള്‍ വിശദീകരിക്കാം: ‘രാച്ചിയമ്മ’യെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് പാര്‍വ്വതിയുടെ പ്രതികരണം

ഉറൂബിന്റെ ‘രാച്ചിയമ്മ’ എന്ന ചെറുകഥയെ ആസ്‌പദമാക്കി സംവിധായകന്‍ വേണു ഒരുക്കുന്ന ചിത്രത്തില്‍ രാച്ചിയമ്മയായി എത്തുന്ന നടി പാർവതിയുടെ ലുക്കിനെ ച്ചൊല്ലി ഉയര്‍ന്നിരുന്ന വിമര്‍ശനങ്ങള്‍ക്ക് താരത്തിന്റെ മറുപടി.  കോഴിക്കോട് നടന്ന ‘വാച്ച് ഔട്ട്‌’ ഫിലിം ഫെസ്റ്റിവലില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് പാര്‍വ്വതിയുടെ പ്രതികരണം.

പാർവതിയുടെ ലുക്കിനെ വിമർശിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി റോസി എന്ന ട്രാന്‍സ് വുമണ്‍ വേദിയില്‍ പ്ലക്കാര്‍ഡ്‌ ഉയര്‍ത്തിക്കാട്ടുകയാണുണ്ടായത്.  പൗരത്വഭേദഗതിബില്ലിനെയും, ‘എന്ന് നിന്റെ മൊയ്തീന്‍,’ ‘ടേക്ക് ഓഫ്‌’ തുടങ്ങിയ തന്റെ തന്നെ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഇസ്ലാമോഫോബിയയേയും കുറിച്ച് സംസാരിച്ചു കൊണ്ടിരുന്ന പാര്‍വ്വതി, ചര്‍ച്ചയുടെ അവസാനം റോസിയ്ക്ക് മറുപടി നല്‍കാം എന്ന് പറഞ്ഞു. തുടര്‍ന്ന് താരം ‘രാച്ചിയമ്മ’യെക്കുറിച്ച് ഇങ്ങനെ വിശദീകരിച്ചു.

“ശരിയായ സമയം വരുമ്പോള്‍ നമ്മള്‍ ഉറൂബിന്റെ രാച്ചിയമ്മയെക്കുറിച്ചും ഞാന്‍ എന്തിനു ആ കഥാപാത്രം ചെയ്തു എന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം… എന്റെ ‘ടേക്ക്’ അതില്‍ എന്തായിരുന്നു എന്നും പറയാം.  ഇരുണ്ട നിറമുള്ള ഒരു സ്ത്രീയുടെ ഒരു യഥാര്‍ത്ഥ ജീവിതകഥ പറയുന്ന ഒരു ഒരു ചിത്രത്തില്‍ ഞാനുണ്ടാകുമോ എന്നത് ഒരു വലിയ ചോദ്യമാണ്, ഇല്ല എന്ന് തന്നെയാണ് ഉത്തരവും.  പക്ഷേ ഇതൊരു ഭാവനാസൃഷ്ടിയാണ്, അത്തരം ഒരു ഫിക്ഷണല്‍ സ്പേസില്‍ വരുമ്പോള്‍, അങ്ങനെ ഒരു കഥയെ അവലംബിച്ച് സിനിമ ഒരുക്കുമ്പോള്‍, അതൊരു ‘ട്രിക്കി’യായ സ്പേസ് ആയി മാറും.”

 

ഉറൂബ് തന്റെ കഥയിൽ രാച്ചിയമ്മ എന്ന കഥാപാത്രത്തെ ശരിക്കും കറുത്ത നിറമുള്ള ഒരു സ്ത്രീയായിട്ടാണ് സങ്കൽപിക്കുകയും എഴുതി വയ്ക്കുകയും ചെയ്തതെന്നും പാർവതിക്കും ഇത് അറിയാഞ്ഞിട്ടാണ് എന്ന് തനിക്കു തോന്നുന്നില്ലെന്നും അലീന ആകാശമിട്ടായി ഫെയ്സ്ബുക്ക് പേജിൽ  എഴുതി. അഥവാ അറിയില്ലെങ്കിൽ കേരള ഫെമിനിസത്തിലെ ഗർജ്ജിക്കുന്ന സിംഹിയായി പല സിനിമകളിലെയും സ്ത്രീ വിരുദ്ധതയെയും പുരുഷാധിപത്യബോധത്തെയും ചോദ്യം ചെയ്ത ആൾ എന്ന നിലയിൽ അവർക്കിത് അപമാനം ആണെന്നും അലീന കുറ്റപ്പെടുത്തി. അലീനയുടെ പോസ്റ്റിനെ പിന്തുണച്ച് എഴുത്തുകാരി ജെ ദേവികയും എത്തിയിരുന്നു. അലീനയുടെ വാക്കുകളോട് താൻ പൂർണമായും യോജിക്കുന്നുവെന്നും രാച്ചിയമ്മയുടെ കാസ്റ്റിങ്ങിൽ നിരാശ തോന്നുന്നുവെന്നും ജെ ദേവിക പറയുന്നു. ഈ വിഷയത്തില്‍ പാര്‍വ്വതി ഉത്തരം പറയാതെ ഒഴിഞ്ഞു മാറിയതും വീണ്ടും വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

1969ൽ പുറത്തിറങ്ങിയ കഥയാണ് രാച്ചിയമ്മ. മലയാള ചെറുകഥാസാഹിത്യത്തില്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ വേറിട്ട കാഴ്‌ചയും വായനാനുഭവവുമാണ്‌. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട്‌ കാലത്തെ അതിജീവിച്ച്‌ മികച്ച കഥകളിലൊന്നായി ഈ കഥ ഇക്കാലങ്ങളിലും അടയാളപ്പെട്ടു നില്‍ക്കുന്നത്‌ ജീവിതത്തിലെ അസാധാരണതകളെ പകര്‍ത്തി വെക്കുന്നതു കൊണ്ടു മാത്രമല്ല, ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന അസാധാരണമായ അനുഭവങ്ങളിലൂടെയും അസാധാരണമായ വ്യക്തിത്വങ്ങളിലൂടെയുമുള്ള അപൂര്‍വമായ അന്വേഷണങ്ങള്‍ കൊണ്ടു കൂടിയാണ്‌.

‘മുന്നറിയിപ്പ്,’ ‘കാർബൺ’ എന്നീ ചിത്രങ്ങൾക്കുശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന പുതിയ ചിത്രമാണ് ‘രാച്ചിയമ്മ.’ വേണു തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പാർവതിയും ആസിഫ് അലിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read Here: ഈ വർഷം അവസാനത്തോടെ സംവിധാനത്തിലേക്ക്: പാർവതി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Parvathy thiruvoth rachiyamma look draws flak actor response