താരസംഘടനയായ ‘അമ്മ’യിൽനിന്നും നാലു നടിമാർ രാജിവച്ചതോടെയാണ് സംഘടനയുമായി ബന്ധപ്പെട്ടുളള വിവാദങ്ങളുടെ തുടക്കം. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കാനുളള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് വനിതാ കൂട്ടായ്മയിലെയും (ഡബ്ല്യുസിസി) അമ്മയിലെയും അംഗങ്ങളായ ആക്രമിക്കപ്പെട്ട നടി, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, റിമ കല്ലിങ്കങ്കൽ എന്നിവർ താരസംഘടനയിൽനിന്നും രാജിവച്ചത്. ഇതിനുപിന്നാലെ അമ്മയിലെ അംഗങ്ങളായ പത്മപ്രിയ, രേവതി, പാർവ്വതി എന്നിവർ ഈ വിഷയം ചൂണ്ടിക്കാട്ടി അമ്മയ്ക്ക് കത്തെഴുതി.

അമ്മ സംഘടനാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്നും തന്നെ പിന്തിരിപ്പിച്ചുവെന്നും ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തില്‍ എഴുതിയ ലേഖനത്തിൽ പാര്‍വ്വതി ആരോപിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽനിന്നും പാർവ്വതിയെ ആരും വിലക്കിയിട്ടില്ലെന്നായിരുന്നു അമ്മ പ്രസിഡന്റ് മോഹൻലാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ അമ്മയോട് പാർവ്വതിക്ക് ചിലത് പറയാനുണ്ട്. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് എന്താണ് അമ്മയോട് തനിക്കുളള പ്രശ്നമെന്ന് പാർവ്വതി വ്യക്തമാക്കിയത്.

”അതൊരു പ്രശ്നമല്ല. അമ്മയിലെന്നല്ല, ഏതു സംഘടനയിലായാലും നടക്കാൻ പാടില്ലാത്ത ഒരു കാര്യം നടന്നാൽ അതിനെപ്പറ്റി വിമർശനമോ ചർച്ചയോ ഉണ്ടാവും. അത് സ്വാഭാവികമാണ്. ഇത് സിനിമാലോകമായതുകൊണ്ട് കൂടുതൽ പ്രാധാന്യം കിട്ടുന്നു എന്നു മാത്രം. പക്ഷേ അനീതി ഉണ്ടാവുമ്പോൾ അത് തിരുത്തുക എന്നുളളതാണ് കാര്യം. തെറ്റായ ഒരു തീരുമാനമുണ്ടായാൽ അതിനെ വിമർശിക്കും. ഒപ്പം നല്ല ചർച്ചകളിലൂടെ മുന്നോട്ടു പോവണം. അതിനുളള ഇടത്തിനാണ് ഞങ്ങൾ ശ്രമിക്കുന്നത്”, പാർവ്വതി അഭിമുഖത്തിൽ പറഞ്ഞു.

”ഞാനും പത്മപ്രിയയും ഒരുപാട് അമ്മ അംഗങ്ങളും ഒക്കെ ചോദിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിനൊക്കെ ഉത്തരം കിട്ടണം. അതിലൂടെ ഒരുമിച്ച് മുന്നോട്ട് പോവാനുളള സാധ്യതയുണ്ടാവണം. എല്ലാവരെയും ഞെട്ടിച്ച സംഭവമാണ് ഒരു വർഷം മുമ്പ് നടന്നത്. ആ സംഭവത്തിന്റെ ഗൗരവം കുറയാതെത്തന്നെ വേണം ചർച്ച; പരസ്പരം ബഹുമാനിച്ചുകൊണ്ടു തന്നെ”, പാർവ്വതി വ്യക്തമാക്കി.

മലയാളം സിനിമാ ഇൻഡസ്ട്രി മാറുമെന്ന് തനിക്കുറപ്പാണെന്നും പാർവ്വതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതിലേക്കുളള യാത്രയാണ് ഇതെല്ലാമെന്നും പാർവ്വതി അഭിമുഖത്തിൽ പറഞ്ഞു.

വിമൻ ഇൻ സിനിമാ കളക്ടീവിനെക്കുറിച്ചും പാർവ്വതി അഭിമുഖത്തിൽ സംസാരിച്ചു. ”വിമൻ ഇൻ സിനിമാ കലക്ടീവ് എന്നത് വേറൊരു സംഘടനയെയോ വ്യക്തിയെയോ വിമർശിച്ച് അവർക്ക് പേരു ദോഷം വരുത്താനല്ല. ഈ രംഗത്ത് കുറച്ചു പ്രശ്നങ്ങളുണ്ട്, അതിനെ എങ്ങനെ ഒരുമിച്ച് നേരിടാം എന്നു ആലോചിക്കാനാണ്. ഡബ്ല്യുസിസിയിലെ അംഗങ്ങളുടെ മാത്രമല്ല, ഈ രംഗവുമായി ബന്ധപ്പെട്ട എല്ലാവരുടെയും ജോലി സ്ഥലം ആണ് സിനിമാ ഇൻഡസ്ട്രി. എതിനു കൊടുക്കേണ്ട ബഹുമാനവും അച്ചടക്കവും ഉൾപ്പെടെ ചർച്ചയാവണം. ജനം ഇതിനെയൊക്കെ പല രീതിയിൽ വ്യാഖ്യാനിച്ചേക്കാം. പക്ഷേ ആരോഗ്യകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കണമെന്ന ആഗ്രഹം മാത്രമാണ് ഇതിന്റെയൊക്കെ ഉളളിൽ”.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook