അഭിനേത്രി എന്ന നിലയിൽ മാത്രമല്ല, ഒരു സാമൂഹ്യ ജീവി എന്ന നിലയിലും സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ ഇടപെടുകയും ആരെയും ഭയക്കാതെ തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുകയും ചെയ്യുന്ന ആളാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്കെതിരേ വിദ്വേഷ പരാമർശം നടത്തിയ ഒരു ട്വിറ്റർ ഉപഭോക്താവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പാർവതി.

Read More: ഒരു ജില്ലയെക്കുറിച്ചുള്ള വിദ്വേഷ പ്രചാരണത്തിൽ ലജ്ജ തോന്നുന്നു: പാർവതി തിരുവോത്ത്

യോഗി ഓബ്സ് എന്ന ട്വിറ്റർ ഹാൻഡിലിലാണ് സ്ത്രീകൾക്കെതിരെ വിദ്വേഷ പരാമർശമുള്ളത്. എങ്ങനെ പെരുമാറണമെന്ന് സ്ത്രീകളെ താൻ പഠിപ്പിക്കുമെന്നും സാമ്പ്രദായികമായ ആണത്തബോധത്തെക്കുറിച്ച് പുരുഷൻമാർക്ക് താൻ പരിശീലനം നൽകുമെന്നുമാണ് ഇയാൾ പറയുന്നത്. ഒപ്പം ഒരു യൂട്യൂബ് ലിങ്കും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇയാളുടെ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് പാർവതിയുടെ പ്രതികരണം. ഇയാൾ തുപ്പുന്ന വിഷം ഇല്ലായിരുന്നെങ്കിൽ ഈ ലോകം കുറച്ചു കൂടി നന്നായേനെ എന്നും ഇയാളുടെ ട്വിറ്റർ ഹാൻഡിൽ എല്ലാവരും റിപ്പോർട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും വേണമെന്ന് അവർ അഭ്യർഥിച്ചു.

ഗർഭിണിയായ ആന സ്‌ഫോടകവസ്‌തു നിറച്ച പൈനാപ്പിൾ കഴിച്ച് ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ കഴിഞ്ഞദിവസം പാർവതി രംഗത്തെത്തിയിരന്നു. മൃഗങ്ങൾക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്ന് പാർവതി പറഞ്ഞു. എന്നാൽ, ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന എല്ലാ വിദ്വേഷ പ്രചാരണങ്ങളെയും താരം നിശിതമായി വിമർശിച്ചു. ഒരു ജില്ലയെ ലക്ഷ്യംവച്ചുള്ള വിദ്വേഷ പ്രചാരണം ലജ്ജാകരമാണെന്ന് പാർവതി ട്വിറ്ററിൽ കുറിച്ചു.

“മൃഗങ്ങൾക്കെതിരെയുള്ള ഇത്തരം പൈശാചിക ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. ഇത് ക്രിമിനൽ കുറ്റം തന്നെയാണ്. എന്നാൽ, ഈ വിഷയത്തിൽ ഒരു ജില്ലയെ മാത്രം ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രചാരണങ്ങളിൽ ലജ്ജ തോന്നുന്നു,” പാർവതി ട്വീറ്റ് ചെയ്‌തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook