‘Have a life’ എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍. അര്‍ത്ഥമില്ലാത്ത ചെറിയ കാര്യങ്ങളില്‍ കുടുങ്ങിക്കിടക്കാതെ ജീവിതം ആസ്വദിക്കൂ എന്നാണു അതിനര്‍ത്ഥം. സൂപ്പര്‍ താര ഫാനുകളാല്‍ ട്രോള്‍ ചെയ്യപ്പെട്ട നടി പാര്‍വ്വതിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പറയാതെ പറയുന്നത് അതാണ്‌.

ഇപ്പോള്‍ അഞ്ജലി മേനോന്‍റെ പുതിയ ചിത്രത്തില്‍ അഭിനയിച്ചു വരുന്ന പാര്‍വ്വതി, സിനിമയിലെ സഹതാരം നസ്രിയയുമൊത്തുള്ള ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഊട്ടിയില്‍ ചിത്രീകരണം നടന്നു വരുന്ന സിനിമയില്‍ പൃഥ്വിരാജാണ് നായകന്‍.

Parvathy - Nasriya

ഈ ചിത്രത്തിന് വേണ്ടി പാര്‍വ്വതി വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്ന വിഡിയോയും ഫോട്ടോയുമെല്ലാം കുറച്ചു നാള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചവയാണ്. തന്‍റെ ജോലിയോടും കഥാപാത്രത്തിനോടും ഈ അഭിനേത്രി പുലര്‍ത്തുന്ന ആത്മാര്‍ത്ഥത ഇതിനു മുന്‍പും പലപ്പോഴും ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

കൂടുതല്‍ വായിക്കാം: മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വ്വതിയ്ക്ക് നേരെ സൈബര്‍ ആക്രമണം

എന്നാല്‍ ഇപ്പോള്‍ പാര്‍വ്വതി ചര്‍ച്ച ചെയ്യപ്പെടുന്നത് മറ്റൊരു വിഷയവുമായി ബന്ധപ്പെട്ടാണ്. നിതിന്‍ രണ്‍ജി പണിക്കരുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി അഭിനയിച്ച ‘കസബ’ എന്ന ചിത്രത്തില്‍ സ്ത്രീ വിരുദ്ധതയുണ്ട് എന്ന് രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കവേ പാര്‍വ്വതി സൂചിപ്പിച്ചതോട് കൂടിയാണ് ഒരു കൂട്ടം ആരാധകര്‍ക്ക് വിറളി പിടിച്ചത്. കേരളം ലജ്ജിച്ചു പോകുന്ന തരത്തിലാണ് താരാരാധകര്‍ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായ പാര്‍വ്വതിയെ ഓണ്‍ലൈനില്‍ ആക്രമിച്ചത്, അഞ്ചു ദിവസങ്ങള്‍ക്കിപ്പുറം ഇപ്പോഴും അത് തുടരുന്നത്. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്നില്ല, താന്‍ തന്‍റെ ജോലിയില്‍ വ്യാപൃതയാണ് എന്നാണ് പാര്‍വ്വതിയുടെ ഈ ചിത്രങ്ങള്‍ പറയുന്നത്. തനിക്കു പറയാനുള്ളതെല്ലാം താന്‍ പറയുമെന്നും, അനീതിയ്ക്കും ആണ്‍കോയ്മയെക്കുമെതിരെ താന്‍ എന്നും ശബ്ദമുയര്‍ത്തും എന്നും  പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ചിത്രങ്ങള്‍ പ്രേക്ഷക ലോകത്തിന് മുന്നില്‍ എത്തുന്നത്‌.

പാര്‍വ്വതി ഊട്ടിയില്‍ തന്‍റെ ജോലി തുടരുമ്പോഴും ഇവിടെ കേരളത്തില്‍ ആരാധകരുടെ കലിപ്പ് തീരുന്നില്ല. പാര്‍വ്വതിയെയും അവരുടെ നിലപാടിനെ പിന്തുണച്ചവരെയുമെല്ലാം ട്രോള്‍ ചെയ്തു കൂട്ടുന്ന തിരക്കിലാണ് ആരാധക വൃന്ദം. തങ്ങളുടെ ആരാധനാ മൂര്‍ത്തികളുടെ ചിത്രങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ, എന്തിന്, അവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു ചെറു മുരടനക്കുന്നവരെപ്പോലും പഞ്ഞിക്കിടുന്ന കാഴ്ചകള്‍ ഇപ്പോള്‍ സ്ഥിരമാണ്. എതിര്‍ വശത്ത് സ്ത്രീകളാണെങ്കില്‍ ആരാധന അസഭ്യ വര്‍ഷങ്ങളായി അവരുടെ ടൈം ലൈനില്‍ നിറയും.

പാര്‍വ്വതിയ്ക്ക് പിന്തുണയുമായി സിനിമയിലെ വുമൺ കളക്ടീവ് അംഗങ്ങള്‍ ഉള്‍പ്പെടെ പലരും രംഗത്ത് വന്നിട്ടുണ്ട്. തന്‍റെ സഹപ്രവര്‍ത്തകയായ നടി ഒരു അഭിപ്രായപ്രകടനം നടത്തിയതിന്‍റെ പേരില്‍ ഇങ്ങനെ അധിക്ഷേപിക്കപ്പെടുമ്പോള്‍ താരം മൗനം പുലര്‍ത്തുന്നതിനെചൊല്ലിയും സാമൂഹ്യ മാധ്യമങ്ങളില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

 

മൂന്നു മാസങ്ങള്‍ക്ക് മുന്‍പ്, അന്നാ രേഷ്മാ രാജന്‍ എന്ന നടി (അങ്കമാലി ഡയറീസിലെ ‘ലിച്ചി’), മമ്മൂട്ടിയുടെ പ്രായത്തെക്കുറിച്ച് നടത്തിയ പരമാര്‍ശങ്ങളെ ചൊല്ലിയും ആരാധകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതില്‍ മനം നൊന്ത അന്ന സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട് നിറഞ്ഞ കണ്ണുകളോടെ താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് എന്ന് വിശദീകരിച്ചു. ഇതിന് പിറകെ, മമ്മൂട്ടി തന്നെ ഫോണില്‍ വിളിച്ചു സമാധാനിപ്പിച്ചതായും അന്ന ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ