scorecardresearch
Latest News

ചങ്ങാതിക്കൂട്ടത്തിനൊപ്പം; അവധിക്കാലം ആഘോഷിച്ച് പാർവതിയും റിമയും, ചിത്രങ്ങൾ

റിമയ്ക്കും കൂട്ടുകാരികൾക്കുമൊപ്പം ഗോവയിലേക്ക് നടത്തിയ യാത്രാചിത്രങ്ങളുമായി പാർവതി

ചങ്ങാതിക്കൂട്ടത്തിനൊപ്പം; അവധിക്കാലം ആഘോഷിച്ച് പാർവതിയും റിമയും, ചിത്രങ്ങൾ

സിനിമയ്ക്ക് അപ്പുറം ജീവിതത്തിലേക്കും വേരൂന്നിയ ചില സൗഹൃദങ്ങളുണ്ട്. അത്തരമൊരു ഊഷ്മളമായ സൗഹൃദം പങ്കിടുന്ന രണ്ടുപേരാണ് റിമ കല്ലിങ്കലും പാർവതിയും. സമാന ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുകയും അഭിപ്രായ വ്യത്യാസങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. വൈറസ് എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ചഭിനയിച്ചത്.

ജീവിതത്തിൽ ഒരുപാട് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന പാർവ്വതിയും റിമയും ഇടയ്ക്ക് ഒന്നിച്ചുള്ള യാത്രകൾ സംഘടിപ്പിക്കാറുണ്ട്. ചങ്ങാതിക്കൂട്ടത്തിനൊപ്പം ഗോവയിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് പാർവതി ഇപ്പോൾ.

2006ൽ പുറത്തിറങ്ങിയ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിലേക്കെത്തുന്നത്. ഒരു കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലായിരുന്നു ആദ്യമായി വെളളിത്തിരയിലെത്തിയത്. എന്നാൽ പാർവ്വതി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെയായിരുന്നു. അന്യഭാഷയിൽ നിന്ന് അവസരങ്ങൾ തേടിയെത്തിയപ്പോൾ താരം അവിടേക്ക് ചേക്കേറി. തുടർന്ന് 2011ലാണ് പാർവ്വതി വീണ്ടും മലയാളത്തിലെത്തുന്നത്. 2011ൽ ‘സിറ്റി ഓഫ് ഗോഡി’ലൂടെ. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രത്തിൽ മരതകം എന്ന വ്യത്യസ്‌തവും ശക്തവുമായ വേഷത്തിലാണ് പാർവ്വതിയെത്തിയത്. അതിന് ശേഷം മൂന്ന് വർഷം പാർവ്വതിയെ മലയാളത്തിൽ കണ്ടില്ല. ഈ സമയം തമിഴിൽ വ്യത്യസ്‌തമായ വേഷങ്ങൾ ചെയ്‌ത് കൊണ്ട് തന്റെ കഴിവിനെ അടയാളപ്പെടുത്തി.

2014ലാണ് പാർവതി മലയാള സിനിമയിൽ തിരിച്ചെത്തുന്നത്. അഞ്‌ജലി മേനോൻ ഒരുക്കിയ ‘ബാംഗ്ളൂർ ഡേയ്‌സി’ലെ അജുവിന്റെ സൈറയായി. സൈറയുടെ കൂടെ നടന്നത് അജു മാത്രമായിരുന്നില്ല, സിനിമാ പ്രേക്ഷകർ കൂടിയായിരുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ മാർട്ടിൻ പ്രക്കാട്ട് ചിത്രം ചാർലിയിലെ ടെസയിലൂടെ പാർവതി പ്രേക്ഷകരിലേക്ക് വീണ്ടുമടുത്തു. രണ്ടാം വരവിൽ പാർവ്വതി തൊട്ടതെല്ലാം പൊന്നാക്കി. സെറയും കാഞ്ചനമാലയും ടെസയും സമീറയുമെല്ലാം മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായി.

ക്യാമറയ്ക്കു് മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്. തന്റെ കരിയറിലെ പതിമൂന്നാം വർഷത്തിലാണ് റിമയിപ്പോൾ. ശ്യാമപ്രസാദിന്‍റെ ‘ഋതു’വിലൂടെയായിരുന്നു റിമയുടെ അഭിനയജീവിതം ആരംഭിച്ചത്.

നീലത്താമര, സിറ്റി ഓഫ് ഗോഡ്, ഇന്ത്യൻ റുപ്പി, നിദ്ര, 22 ഫീമെയിൽ കോട്ടയം, അയാളും ഞാനും തമ്മിൽ, ആഗസ്റ്റ് ക്ലബ്, സക്കറിയയുടെ ഗർഭിണികൾ, എസ്കേപ്പ് ഫ്രം ഉഗാണ്ട, ഏഴു സുന്ദര രാത്രികൾ, ചിറകൊടിഞ്ഞ കിനാവുകൾ, റാണി പത്മിനി, കാടുപൂക്കുന്ന നേരം, വൈറസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ ശ്രദ്ധേയ സാന്നിധ്യമായി റിമ മാറി. മായാനദി, വൈറസ്, നാരദൻ തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാതാവും റിമയായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Parvathy shares her goa vacation pics rima kallingal