‘കസബ’ എന്ന മമ്മൂട്ടി ചിത്രത്തിലെ ഒരു രംഗം പരാമര്‍ശിച്ച് മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെ  വിമര്‍ശിച്ച നടി പാര്‍വ്വതി സോഷ്യല്‍ മീഡിയയില്‍ നേരിട്ട ആക്രമണം കഴിഞ്ഞ വര്‍ഷം കേരളം ചര്‍ച്ച ചെയ്ത വലിയ വാര്‍ത്തകളിലൊന്നാണ്. പാര്‍വ്വതിയുടെ ഫെയ്‌സ്ബുക്ക് പേജിലും ട്വിറ്ററിലും പോയി മമ്മൂട്ടി ആരാധകര്‍ എന്നു പറയുന്നവര്‍ അസഭ്യ വര്‍ഷങ്ങള്‍ നടത്തി, ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഒടുവില്‍ ഏറെ നാളത്തെ മൗനം വെടിഞ്ഞ് മമ്മൂട്ടി തന്നെ രംഗത്തെത്തി. “തനിക്കു വേണ്ടി സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന്” അദ്ദേഹം തങ്ങളുടെ ചാനല്‍ ലേഖകനോട് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട്‌ ചെയ്തു.

മമ്മൂട്ടിയുടെ മറുപടിയെക്കുറിച്ച് പാര്‍വ്വതി ഇത് വരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഊട്ടിയില്‍ അഞ്ജലി മേനോന്‍ ചിത്രത്തില്‍ അഭിനയിച്ചു വരുന്ന പാര്‍വ്വതി ഇക്കണോമിക് ടൈംസ് ലേഖിക ഇന്ദുലേഖ അരവിന്ദിനു നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

“സംസാരിക്കാന്‍ അദ്ദേഹം സന്നദ്ധനായി എന്നതില്‍ സന്തോഷമുണ്ട്, എന്നാല്‍ അദ്ദേഹത്തിന്‍റെ മറുപടിയില്‍ പൂര്‍ണ തൃപ്തയാണെന്ന് പറയാന്‍ കഴിയില്ല. വിഷയത്തിന്‍റെ തുടക്കത്തില്‍ ഞാന്‍ മെസ്സേജ് ചെയ്തപ്പോള്‍ ഇത്തരം കാര്യങ്ങള്‍ തനിക്ക് ശീലമാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ  മറുപടി. പിന്നീട് സംഭവങ്ങള്‍ കൈവിട്ടുപോയി മറ്റൊരു ലെവലില്‍ എത്തി. അത് കേവലം എന്നെയോ അദ്ദേഹത്തെയോ കുറിച്ച് മാത്രമായിരുന്നില്ല, എല്ലാവരെയും കുറിച്ചുള്ള ഒന്നായി വളര്‍ന്നു,” സ്ത്രീവിരുദ്ധതയ്‌ക്കെതിരെ താന്‍ ഇനിയും സംസാരിക്കുമെന്നും വ്യക്തമാക്കി പാര്‍വ്വതി പറഞ്ഞു.

ഈ പ്രശ്‌നത്തിനു ശേഷം കുറച്ച് മൗനം പാലിക്കാനും ഇത്തരം വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനും തന്നോട് പലരും ഉപദേശിച്ചെന്നും പാര്‍വ്വതി.

“എനിക്കെതിരെ സിനിമയില്‍ ഒരു ലോബി തന്നെ ഉണ്ടാകുമെന്നും അതു കൊണ്ട് ഇത്തരം സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാനും നിരവധി പേര്‍ എന്നെ ഉപദേശിച്ചു. പക്ഷെ അവസരങ്ങള്‍ നഷ്ടപ്പെടും എന്നു പേടിച്ച് ഞാന്‍ മിണ്ടാതിരിക്കില്ല. എങ്ങോട്ടും പോകുകയുമില്ല. കഴിഞ്ഞ 12 വര്‍ഷമായി സിനിമയാണെന്‍റെ ലോകം. എന്‍റെ സ്വന്തം താത്പര്യത്തിനാണ് ഇതിലേക്ക് വന്നത്. അതേ താത്പര്യവും കഠിനാദ്ധ്വാനവും കൊണ്ടാണ് ഇത്രയും നാള്‍ ഇവിടെ നിന്നതും. ഇതിന്‍റെ  പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടാല്‍ എനിക്ക് വേണ്ട അവസരങ്ങള്‍ ഞാന്‍ തന്നെ ഉണ്ടാക്കും. ഞാന്‍ സിനിമയെടുക്കും. തടസങ്ങള്‍ ഉണ്ടാകും. പക്ഷെ ഞാന്‍ മറ്റെവിടേയും പോകില്ല,” പാര്‍വ്വതി വ്യക്തമാക്കി.

പ്രേക്ഷകരുമായി തനിക്കുള്ളത് വളരെ തുറന്നൊരു ബന്ധമാണെന്നും തന്‍റെ അഭിപ്രായസ്വാതന്ത്ര്യത്തെ അതൊരിക്കലും ബാധിക്കാന്‍ അനുവദിക്കില്ലെന്നും പാര്‍വ്വതി പറഞ്ഞു. “നല്ല കഥാപാത്രങ്ങളും സിനിമകളും ചെയ്യുക എന്നത് എന്‍റെ ഉത്തരവാദിത്തമാണ്. എന്‍റെ ചുറ്റിലുമുള്ളവര്‍ക്കോ മറ്റാര്‍ക്കെങ്കിലോ ബുദ്ധിമുട്ടാകുമെന്നു കരുതി എന്‍റെ അഭിപ്രായങ്ങള്‍ ഞാന്‍ പറയാതിരിക്കില്ല. ഒരു പൗര എന്ന നിലയിലും കലാകാരി എന്ന നിലയിലും അതെന്‍റെ അവകാശമാണ്,” പാര്‍വ്വതി പറഞ്ഞു.

ചിത്രങ്ങൾക്കു കടപ്പാട്: ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook