scorecardresearch

അടൂരിനെ തിരുത്താൻ ഞാൻ ആളല്ല, പക്ഷേ; കെആർ മീര

"സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ ‘സ്വഭാവഗുണമില്ലായ്മ’ അല്ല"

"സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ ‘സ്വഭാവഗുണമില്ലായ്മ’ അല്ല"

author-image
Entertainment Desk
New Update
Vairamuthu ONV award

തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎൻ വി പുരസ്കാരം നൽകിയതിനെക്കുറിച്ച് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിൽ പ്രതിഷേധമറിയിച്ച് സാഹിത്യകാരി കെആർ മീര. മീ ടൂ ആരോപണ വിധേയനായ വൈരമുത്തുവിന് പുരസ്കാരം നൽകരുതെന്നാവശ്യപ്പെട്ട് വിമർശനമുന്നയിച്ചതിന് പിറകെയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ ഇക്കാര്യം പറഞ്ഞത്.

Advertisment

അടൂരിന്റെ അഭിപ്രായത്തിനെതിരെ കഠിനമായി പ്രതിഷേധിക്കുന്നതായി അറിയിച്ച കെആർ മീര താൻ അറിയുന്ന ഒഎൻവി സ്വഭാവ ഗുണത്തിന് പ്രാധാന്യം നൽകിയിരുന്ന ആളാണെന്നും പറഞ്ഞു.

ശ്രീ അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍ ‍ ഞാന്‍ ആരുമല്ലെന്നും സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ ‘സ്വഭാവഗുണമില്ലായ്മ’ അല്ലെന്നും കെആർ മീര ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

"പതിനേഴോളം സ്ത്രീകളുടെ #Metoo ആരോപണങ്ങള്‍ക്കു വിധേയനായ തമിഴ് ഗാനരചയിതാവിന് ജ്ഞാനപീഠ ജേതാവും മലയാളത്തിന്‍റെ അഭിമാനവും വിശ്വമാനവികതയുടെ കവിയുമായ യശ:ശരീരനായ ഒ.എന്‍.വി. കുറുപ്പിന്‍റെ പേരിലുള്ള പുരസ്കാരം നല്‍കിയതിലുള്ള വിമര്‍ശനങ്ങളോട് ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍റെ ‘‘ ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ടു കൊടുക്കാവുന്ന അവാര്‍ഡ് അല്ല ഒ. എന്‍. വി. സാഹിത്യ പുരസ്കാരം’ എന്ന പ്രതികരണത്തോടു‍ ഞാന്‍ കഠിനമായി പ്രതിഷേധിക്കുന്നു.

Advertisment

കാരണം, ഞാനറിയുന്ന ഒ.എന്‍.വി. കുറുപ്പിന് സ്വഭാവഗുണം വളരെ പ്രധാനമായിരുന്നു. അരാജകത്വത്തിലാണു കവിത്വം എന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അങ്ങനെയല്ലാതെയും കവിയാകാം എന്നു തെളിയിച്ച കവിയായിരുന്നു ഒ.എന്‍.വി. കവിതയെന്നാല്‍ കവിയുടെ ജീവിതം കൂടി ചേര്‍ന്നതാണ് എന്നു ധ്വനിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വ്യക്തിത്വം. കവിതയിലെ പദങ്ങളിലും ഉപമകളിലും പോലും മനുഷ്യാന്തസ്സിനെ ഹനിക്കുന്നതൊന്നും കടന്നു വരരുതെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. ഏതെങ്കിലും സ്ത്രീയോടു മോശമായ ഒരു വാക്കെങ്കിലും ഉപയോഗിച്ചതായി അദ്ദേഹത്തെ കുറിച്ചു ശത്രുക്കള്‍ പോലും പറഞ്ഞു കേട്ടിട്ടില്ല. അത്തരം ആരോപണങ്ങള്‍ക്കു വിധേയരായവരെ അദ്ദേഹം അടുപ്പിച്ചിട്ടുമില്ല.

ഒ.എന്‍.വി. സാറിന്‍റെ പേരിലുള്ള അവാര്‍ഡുകള്‍ ഇതിനു മുമ്പു കിട്ടിയത് ആര്‍ക്കൊക്കെയാണ്? ആദ്യ അവാര്‍ഡ് സരസ്വതി സമ്മാന്‍ ജേതാവായ സുഗതകുമാരി ടീച്ചര്‍ക്ക്. പിന്നീട് ജ്ഞാനപീഠ ജേതാക്കളായ എം.ടി. വാസുദേവന്‍ നായരും അക്കിത്തവും തുടര്‍ന്ന് മലയാള നിരൂപണത്തിലെ ദീപസ്തംഭമായ എം. ലീലാവതി ടീച്ചറും. മലയാള ഭാഷയിലെ വഴിവിളക്കുകളായ നാല് എഴുത്തുകാര്‍.

‘‘അല്ലെങ്കില്‍പ്പിന്നെ സ്വഭാവഗുണത്തിനു പ്രത്യേക അവാര്‍ഡ് കൊടുക്കണം.’’ എന്നു കൂടി ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസ്താവിച്ചിട്ടുണ്ട്.

ശ്രീ അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍ ‍ ഞാന്‍ ആരുമല്ല.

പക്ഷേ, സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ ‘സ്വഭാവഗുണമില്ലായ്മ’ അല്ല.

മനുഷ്യത്വമില്ലായ്മയാണ്.

കലയ്ക്കും മനുഷ്യത്വത്തിനും കൂടി വെവ്വേറെ അവാര്‍‍ഡ്‍ പരിഗണിക്കാന്‍‍ അപേക്ഷ‍."

പ്രതിഷേധവുമായി പാർവതിയും റിമയും ഗീതുവും

ഒഎൻവി കൾച്ചറൽ അക്കാദമിയുടെ ഈ വർഷത്തെ പുരസ്കാരം മീ ടു ആരോപണവിധേയനായ തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നൽകിയതിനെതിരെ പ്രതിഷേധം. നടിമാരായ പാർവതി തിരുവോത്ത്, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, ഗായിക ചിന്മയി ശ്രീപദ എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

"നമ്മുടെ ഏറ്റവും വലിയ സാഹിത്യകാരന്റെ പേരിലുള്ള ഒരു പുരസ്കാരം 17 സ്ത്രീകൾ ലൈംഗിക പീഡനാരോപണം ഉന്നയിച്ച ഒരാൾക്ക് നൽകാൻ പാടില്ല," എന്നാണ് ഗീതു മോഹൻദാസും റിമ കല്ലിങ്കലും കുറിക്കുന്നത്.

"ഓഎൻവി സാർ നമ്മുടെ അഭിമാനമാണ്, ഒരു കവിയെന്ന രീതിയിലും ഗാനരചയിതാവ് എന്ന രീതിയിലും അദ്ദേഹത്തിന്റെ സംഭാവനകൾ സമാനതകളില്ലാത്തതാണ്. ലൈംഗികാരോപണം നേരിടുന്ന​ ഒരാൾക്ക് അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം നൽകിയത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്," പാർവതി തിരുവോത്ത് പറയുന്നു.

"17 സ്ത്രീകൾ അവരുടെ കഥകളുമായി പുറത്തുവന്നിട്ടുണ്ട്, എത്രപേർക്ക് കൂടി അന്യായം സംഭവിച്ചുവെന്ന് നമുക്കറിയില്ല. അന്യായം ചെയ്യുന്നവർക്ക് തെറ്റ് ചെയ്യുന്നത് തുടരാൻ മതിയായ കാര്യമുണ്ടെന്ന് തോന്നുന്നു, അധികാരത്തിലിരിക്കുന്നവരുടെ സ്വാധീനം മാത്രം മതിയാവും. മാനവികതയേക്കാൾ വലുതായി ഒന്നുമില്ല. കല- കലാകാരൻ എന്നീ വിഷയങ്ങളിലുള്ള സംവാദവുമായി നിങ്ങളെന്നെ സമീപിക്കുകയാണെങ്കിൽ, കലയെ സൃഷ്ടിക്കുന്ന വ്യക്തിയുടെ മാനവികത മാത്രമാണ് ഞാൻ തിരഞ്ഞെടുക്കുകയെന്ന് ഞാൻ പറയും. പൊള്ളയായവരുടെ കല ഇല്ലാതെ തന്നെ എനിക്ക് ജീവിക്കാൻ കഴിയും.

ആരോപണം നേരിടുന്ന വൈരമുത്തുവിന് അടൂർ ഗോപാലകൃഷ്ണൻ അടങ്ങിയ ജൂറി ഈ പുരസ്കാരം നൽകിയതിനെ എങ്ങനെ ന്യായീകരിക്കും?" എന്നാണ് പാർവതി ചോദിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഒഎൻവി സാഹിത്യ പുരസ്കാരത്തിന് തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അർഹനായി എന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. 3 ലക്ഷം രൂപയാണ് സമ്മാനത്തുക.

Read more: ഇതിലൊന്നും തളർന്നു പോവുന്നവനല്ല പൃഥ്വി; പിന്തുണ പ്രഖ്യാപിച്ച് താരങ്ങൾ

Geethu Mohandas Parvathy Rima Kallingal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: