കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ എഎംഎംഎയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ വിശദീകരണം തേടി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ കൂടിയായ പാര്‍വ്വതി തിരുവോത്ത്, രേവതി, പദ്മപ്രിയ തുടങ്ങിയവര്‍ ഇന്ന് സംഘടനയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വൈകുന്നേരം നാലുമണിക്കായിരുന്നു കൂടിക്കാഴ്ച.
സംഘടനയ്ക്കെതിരെ പരസ്യമായി രംഗത്തു വന്ന ജോയ് മാത്യു, ഷമ്മി തിലകൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ അമ്മ അംഗങ്ങള്‍ മാധ്യമങ്ങളെ കണ്ടു.

നടി ആക്രമിക്കപ്പെട്ട വിഷയത്തിന് പിന്നാലെ ഉണ്ടായ വിവാദത്തില്‍ താന്‍ എഎംഎംഎയില്‍ നിന്ന് രാജിവയ്ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ട് മുന്നോട്ടുപോകാനാണ് താല്‍പര്യമെന്നും സഹകരണമില്ലാത്ത ഒരവസ്ഥ വന്നാല്‍ രാജിക്കാര്യം ആലോചിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനുശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സംഘടനയില്‍ വനിതാ സെല്‍ രൂപവത്കരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കും. വനിതാ സംഘടനയായ ഡബ്ല്യുസിസിയിലെ കത്തു നല്‍കിയ നടിമാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും. എല്ലാവരുടെയും ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണ്. പ്രശ്നങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും. ചര്‍ച്ചയില്‍ തീരുമാനങ്ങള്‍ രണ്ടു ദിവസത്തിനകം മാധ്യമങ്ങളെ അറിയിക്കും’, മോഹന്‍ലാല്‍ പറഞ്ഞു.

ദിലീപിനെ തിരിച്ചെടുക്കാനുള്ള എഎംഎംഎ തീരുമാനത്തെ ചോദ്യം ചെയ്ത് നേതൃത്വത്തിന് നല്‍കിയ കത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ആ വിഷയങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണെന്ന് കത്ത് നല്‍കിയ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ഇപ്പോഴും ചര്‍ച്ചയിലാണെന്നും നടിമാര്‍ വ്യക്താക്കി. നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാനുള്ള എഎംഎംഎ വനിതാ ഭാരവാഹികളായ രചന നാരായണന്‍ കുട്ടി, ഹണി റോസ് എന്നിവരുടെ തീരുമാനം സ്വമേധയാ ഉള്ളതാണെന്നും അമ്മയുടെ തീരുമാനമായിരുന്നില്ല എന്നും നടന്‍ ജഗദീഷ് പറഞ്ഞു.

ദിലീപ് എഎംഎംഎയ്ക്കു അകത്തോ പുറത്തോ എന്ന വിഷയത്തില്‍ വ്യക്തത തേടുകയായിരുന്നു ചര്‍ച്ചയുടെ ഏറ്റവും പ്രധാനമായ വിഷയം. ഒപ്പം എഎംഎംഎ അംഗമായിരുന്ന നടിക്ക് ഏതു തരത്തിലുള്ള പിന്തുണയാണ് സംഘടന നല്‍കുക എന്ന കാര്യത്തില്‍ വ്യക്തത ആവശ്യപ്പെടുകയും സംഘടന അവള്‍ക്കൊപ്പമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. സംഘടനയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും വനിതാ സെല്‍ രൂപീകരിക്കുക, സിനിമാ മേഖലയിലെ ലിംഗ സമത്വം, സെന്‍സിറ്റിവിറ്റി എന്നിവ ഉറപ്പു വരുത്തുക എന്നിവയായിരുന്നു ചര്‍ച്ചയുടെ പ്രധാന ഉദ്ദേശങ്ങള്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഏഴാം പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാലു നടിമാര്‍ സംഘടനാ അംഗത്വം രാജിവച്ചിരുന്നു. ആക്രമിക്കപ്പെട്ട നടി, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ എന്നിവരായിരുന്നു രാജിവച്ചത്. എന്നാല്‍ പാര്‍വ്വതി, പദ്മപ്രിയ, രേവതി എന്നിവര്‍ സംഘടനയില്‍ തുടര്‍ന്നുകൊണ്ടു തന്നെ ഈ നടപടിയെ ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook