നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ എഎംഎംഎയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംഘടനയുടെ പൊതുയോഗത്തില്‍ നടന്ന നീക്കങ്ങളിലെ പാളിച്ചകളും നീതികേടും ചൂണ്ടിക്കാട്ടി, അതിന് വിശദീകരണം ആവശ്യപ്പെട്ട് അംഗങ്ങളായ പാര്‍വ്വതി തിരുവോത്ത്, രേവതി, പദ്മപ്രിയ എന്നിവര്‍ താരസംഘടനയുമായി നാളെ ചര്‍ച്ച നടത്തും.   കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നാളെ വൈകിട്ട് 4 മണിയ്ക്കാണ് ചര്‍ച്ച.

വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ കൂടിയായ ഇവര്‍ സിനിമയിലെ സ്ത്രീ സുരക്ഷ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും എന്നാണ് അറിയാന്‍ കഴിയുന്നത്‌. ദിലീപ് വിഷയത്തില്‍ എഎംഎംഎയുടെ നിലപാടിനെക്കുറിച്ചും, ആക്രമണത്തിനിരയായ എഎംഎംഎ അംഗം കൂടിയായിരുന്ന നടിക്ക് സംഘടന നല്‍കുന്ന, നല്‍കാന്‍ ഉദ്ദേശിക്കുന്ന പിന്തുണയെക്കുറിച്ചും വ്യക്തത ആവശ്യപ്പെടും. ദിലീപ് വിഷയത്തില്‍ എഎംഎംഎ കൈക്കൊണ്ട അരാഷ്ട്രീയവും അശ്രദ്ധാപൂര്‍വ്വവുമായ നടപടിയില്‍ പ്രതിഷേധിച്ച് സംഘടനാ അംഗത്വം രാജിവച്ച രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ്‌, റിമ കല്ലിങ്കല്‍ എന്നിവരോടുള്ള നിലപാടും അവരെ തിരിച്ചു സംഘടനയില്‍ എടുക്കാനുള്ള സാധ്യതകളും ആരായും എന്നാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവുമായി ബന്ധപ്പെട്ടവരില്‍ നിന്നും ലഭിക്കുന്ന സൂചന.

ഇപ്പോള്‍ വിദേശത്തുള്ള നടി പാര്‍വ്വതി തിരുവോത്ത് ചര്‍ച്ചയില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് എത്തും. എഎംഎംഎയുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിട്ടും തന്നെ പിന്തിരിപ്പിച്ചു എന്ന പാര്‍വ്വതിയുടെ തുറന്നു പറച്ചില്‍ സംഘടനയ്ക്കുള്ളില്‍ ഏറെ അലോസരമുണ്ടാക്കിയിരുന്നു. ആര്‍ക്കു വേണമെങ്കിലും മത്സരിക്കാം എന്ന തരത്തിലുള്ള ജനാധിപത്യ രീതിയിലാണ് സംഘടനയുടെ തിരഞ്ഞെടുപ്പ് നടന്നത് എന്നാണ് ഇതിന് മറുപടിയായി എഎംഎംഎയുടെ പ്രസിഡന്റ്‌ മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പ്രതികരിച്ചത്.

 

നടിക്ക് പിന്തുണ നല്‍കുന്ന വിഷയത്തെച്ചൊല്ലി എഎംഎംഎയ്ക്കകത്ത് തന്നെ ഭിന്നതകളുണ്ട് എന്നും അതില്‍ നീരസപ്പെട്ട് മോഹന്‍ലാല്‍ പ്രസിഡന്റ്‌ സ്ഥാനം രാജിവയ്കാന്‍ ഒരുങ്ങുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു. വനിതാ ജഡ്ജിയെ വേണം എന്നവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന കേസില്‍ എഎംഎംഎ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസ്, രചനാ നാരായണന്‍ കുട്ടി എന്നിവര്‍ കക്ഷി ചേരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തനിക്ക് ഇതിനോടെതിര്‍പ്പുണ്ടെന്ന് പറഞ്ഞ് ആക്രമിക്കട്ട നടി മുന്നോട്ട് വന്നതോടെ ഈ നീക്കം പാളി. ഇവരുടെ കക്ഷി ചേരല്‍ അപേക്ഷയില്‍ പോലും കുറ്റാരോപിതനായ നടന്റെ കൈകളുണ്ട് എന്ന് താന്‍ സംശയിക്കുന്നതായും നടി പറഞ്ഞിരുന്നു. ​ഇതിന് പിന്നാലെയാണ്  കുറ്റാരോപിതനായ നടന്‍ ഇപ്പോഴും എഎംഎംഎയില്‍ ചെലുത്തുന്ന സ്വാധീനം മോഹന്‍ലാലിനെ ചൊടിപ്പിച്ചു എന്നും കുറ്റം ചെയ്തിട്ടില്ലെങ്കില്‍ അയാള്‍ ഇങ്ങനെ ഭയപ്പെടുന്നതെന്തിന് എന്നും മോഹന്‍ലാല്‍ സംഘടനയ്ക്കുള്ളില്‍ സംസാരിച്ചതായും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തയാണ്  മാതൃഭുമിയിൽ പ്രസിദ്ധീകരിച്ചതെന്നായിരുന്നു താരസംഘടനയുടെ പ്രതികരണം. എഎംഎംഎ അംഗങ്ങളുടെ അറിവിലേയ്ക്ക് എന്ന പേരിൽ ഫെയ്സ്ബുക്കിലാണ് ഈ  നിഷേധക്കുറിപ്പ്. ‘അമ്മ’യിൽ യാതൊരു വിധത്തിലുമുള്ള പ്രശ്‌നങ്ങളുമില്ല, പ്രസിഡന്റ് മോഹൻലാലും സംഘടനയിലെ ഒരു എക്‌സിക്യൂട്ടീവ് അംഗവും രാജി സന്നദ്ധത അറിയിച്ചിട്ടുമില്ല എന്നും ഭാവിയിലും ഇത്തരത്തിലുള്ള വാർത്തകൾ പ്രസിദ്ധീകരിക്കാന്‍ സാദ്ധ്യതയുണ്ട്, അതിനാല്‍ അംഗങ്ങൾ ഇതിൽ ആശങ്കപ്പെടേണ്ടതില്ല, ‘അമ്മ’ കൂടുതൽ കെട്ടുറപ്പോടെ മുന്നോട്ട് പോകും എന്നും അതിൽ പറയുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook