മുഹസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കഠിന കഠോരമീ അണ്ഡകടാഹം.’ ബേസിൽ ജോസഫ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ഈദിനു തിയേറ്റുകളിലെത്തും. വെള്ളിയാഴ്ച ചിത്രത്തിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങിയിരുന്നു. അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പാർവതി ആർ കൃഷ്ണയും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ തനിക്കൊപ്പം മകൻ അച്ചുവും അഭിനയിക്കുന്നുണ്ടെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവയ്ക്കുകയാണ് പാർവതി.
“അഭിനേത്രി, അമ്മ എന്നീ നിലകളിൽ ഏറ്റവും അഭിമാനം തോന്നിയ നിമിഷം. മാലിക്കിനു ശേഷം ഞാൻ അഭിനയിക്കുന്ന ചിത്രത്തിൽ അച്ചുക്കുട്ടനും ആദ്യമായി മുഖം കാണിക്കുന്നു” മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് പാർവതി കുറിച്ചു.
അണിയറപ്രവർത്തകർക്ക് നന്ദി അറിയിക്കുന്നുമുണ്ട് പാർവതി. സ്വന്തമായി യൂട്യൂബ് ചാനലുള്ള പാർവതി മകൻ അവ്യുക്തിനൊപ്പമുള്ള വീഡിയോയാണ് അധികവും ഷെയർ ചെയ്യാറുള്ളത്. മകനെ അച്ചുക്കുട്ടൻ എന്നാണ് പാർവതി വിളിക്കുന്നത്.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘കിടിലം’ എന്ന ഷോയുടെ അവതാരക കൂടിയാണ് പാർവതി. ഫഹദ് ഫാസിൽ ചിത്രം ‘മാലിക്കി’ലാണ് പാർവതി ഇതിനു മുൻപ് വേഷമിട്ടത്. ചിത്രത്തിലെ കഥാപാത്രത്തിനു ഏറെ പ്രശംസകൾ താരം നേടിയിരുന്നു. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്ത ‘ഈശ്വരൻ സാക്ഷിയായി’ എന്ന സീരിയലിലും പാർവതി അഭിനയിച്ചിട്ടുണ്ട്.