നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ എഎംഎംഎയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ വിശദീകരണം തേടി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ കൂടിയായ പാര്‍വ്വതി തിരുവോത്ത്, രേവതി, പദ്‌മപ്രിയ തുടങ്ങിയവര്‍ ഇന്ന് സംഘടനയുമായി കൂടിക്കാഴ്ച നടത്തും. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വൈകുന്നേരം നാലുമണിക്കായിരിക്കും കൂടിക്കാഴ്ച.

പ്രധാനമായും നാലു വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകാന്‍ പോകുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്. ഏറ്റവും പ്രധാനമായി ദിലീപ് സംഘടനയ്ക്ക് അകത്തോ പുറത്തോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുക. അവള്‍ക്കൊപ്പമാണ് എഎംഎംഎ എന്ന് ഉറപ്പു വരുത്തുക. എങ്കില്‍ ഏതു തരത്തിലുള്ള പിന്തുണയാണ് എഎംഎംഎ അംഗം ആയിരുന്ന  നടിക്ക് സംഘടന നല്‍കുക എന്നു വ്യക്തമാക്കുക. സംഘടനയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും വനിതാ സെല്‍ രൂപീകരിക്കുക. ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി, സമത്വം എന്നിവ ഉറപ്പാക്കുക എന്നിവയാണ് ചർച്ചാവിഷയങ്ങൾ എന്ന് അടുത്തവൃത്തങ്ങളിൽ നിന്നും സൂചന ലഭിക്കുന്നു..

Read More: ‘അമ്മ’ അറിയാന്‍: പാര്‍വ്വതി, പദ്മപ്രിയ എന്നിവര്‍ എഴുതുന്നത്‌

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം വന്നതോടെ എഎംഎംഎയില്‍ നിന്നും ആക്രമിക്കപ്പെട്ട നടി, ഗീതുമോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ എന്നിവര്‍ രാജിവച്ചിരുന്നു. എന്നാല്‍ സംഘടനയ്ക്കകത്തു നിന്നു കൊണ്ടു തന്നെ ഈ നടപടിയെ ചോദ്യം ചെയ്യാനായിരുന്നു പാര്‍വ്വതി, രേവതി, പദ്‌മപ്രിയ എന്നിവരുടെ തീരുമാനം.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്നും രാജിവച്ച രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍ എന്നിവരോടുള്ള നിലപാടും അവരെ തിരിച്ചു സംഘടനയില്‍ എടുക്കാനുള്ള സാധ്യതകളും ചര്‍ച്ചയില്‍ വിഷയമാകും എന്നും അറിയാന്‍ കഴിയുന്നുണ്ട്.

വിദേശത്തായിരുന്ന നടി പാര്‍വ്വതി തിരുവോത്ത് ചര്‍ച്ചയില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്. എഎംഎംഎയുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിട്ടും തന്നെ പിന്തിരിപ്പിച്ചു എന്ന പാര്‍വ്വതിയുടെ തുറന്നു പറച്ചില്‍ സംഘടനയ്ക്കുള്ളില്‍ ഏറെ അലോസരമുണ്ടാക്കിയിരുന്നു. ആര്‍ക്കു വേണമെങ്കിലും മത്സരിക്കാം എന്നും  ജനാധിപത്യ രീതിയിലാണ് സംഘടനയുടെ തിരഞ്ഞെടുപ്പ് നടന്നത് എന്നുമാണ് ഈ​ ആരോപണത്തിന്  മറുപടിയായി എഎംഎംഎയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പ്രതികരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook