കോഴിക്കോടുള്ള തറവാട്ടു വീട്ടില്‍ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം പിറന്നാള്‍ ആഘോഷിക്കാനെത്തിയതാണ്  മലയാളത്തിന്‍റെ പ്രിയ താരം പാര്‍വ്വതി.  അഭിമുഖങ്ങളുടെ ഘോഷയാത്രയാണ് ഈ സീസണ്‍ എന്ന് പറയുമ്പോഴും താന്‍ ഇഷ്ടപ്പെടുകയും ആരാധിക്കുകുകയും ചെയ്യുന്ന അവതാരകയോട് അത്യുത്സാഹത്തോടെ സംസാരിച്ചു പാര്‍വ്വതി.

സിനിമയും ജീവിതവും
‘അഭിനയം കൃത്യമായി പഠിക്കുകയും അറിയുകയും വേണം. എന്നാല്‍ നമുക്കതറിയാം എന്ന് കാഴ്ചക്കാരന് തോന്നുകയുമരുത്.’ മലയാളത്തിലെ മുന്‍നിര നടിമാരിലൊരാളായ പാര്‍വ്വതി തിരുവോത്തിന്‍റെ വാക്കുകളാണിവ. ബാംഗ്ലൂര്‍ ഡെയ്സ് , എന്നു നിന്‍റെ മൊയ്തീന്‍, ടേക്ക് ഓഫ്‌ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം പാര്‍വ്വതിയെ മികച്ച നടിയാക്കുമ്പോള്‍, സിനിമക്കപ്പുറത്തുള്ള ജീവിതത്തോട് സ്നേഹിച്ചും കലഹിച്ചും  പ്രതികരിച്ചുമൊക്കെയെടുക്കുന്ന നിലപാടുകള്‍ അവരെ കേരളത്തിന്‍റെ യൂത്ത് ഐക്കണാക്കി മാറ്റുന്നു. ആഴമേറിയ, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ പാര്‍വ്വതിയെ തേടിയെത്തുന്നതും തന്‍റെ ജോലിയോടും ജീവിതത്തോടും അവര്‍ക്കുള്ള അര്‍പ്പണബോധം കൊണ്ട് കൂടിയാണ്.

മലയാളത്തില്‍ തുടങ്ങി തമിഴിലെത്തി ഇപ്പോള്‍ ബോളിവുഡിലെ അഭിനേതാക്കളോട് മാറ്റുരക്കുകയാണ് പാര്‍വ്വതിയിപ്പോള്‍. തനുജ ചന്ദ്ര സംവിധാനം ചെയ്തു ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ചിത്രത്തിലൂടെ ഹിന്ദിയിലേക്കും എത്തുകയാണ് പാര്‍വ്വതി.

സ്ക്രീനിലെപ്പോലെ തിളക്കമാര്‍ന്നതാണ് പാര്‍വ്വതിയുടെ ജീവിതത്തിലെ നിലപാടുകളും. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തെക്കുറിച്ച് സിനിമയിലെ തന്നെ മറ്റു പലരും നിശബ്ദരായിരിക്കുമ്പോഴും, പാര്‍വ്വതി അവര്‍ക്ക് കൂടി വേണ്ടി ശബ്ദമുയര്‍ത്താന്‍ മടിക്കുന്നില്ല. വിമര്‍ശിക്കപ്പെടുമ്പോഴും തന്‍റെ നിലപാടുകള്‍ മാറ്റാന്‍ പാര്‍വ്വതി തയ്യാറാകുന്നില്ല.

രേഖാ മേനോനുമായുള്ള സംഭാഷണത്തില്‍ അവര്‍ വ്യക്തമാക്കുന്നുണ്ട്, സിനിമക്ക് മുന്‍പും പിന്‍പുമുള്ള തന്‍റെ ജീവിതം ഒന്ന് തന്നെയായിരുന്നു എന്ന്. അത് കൊണ്ട് തന്നെ ജീവിതവും സ്ക്രീനും പലപ്പോഴും ഒന്നായി പോകുന്നു എന്നും.

സിനിമയിലെ ജീവിതം
സിനിമയിലെ ജീവിതം പലപ്പോഴും കൂടെയുള്ള സപ്പോര്‍ട്ട് സ്റ്റാഫിന് ചുറ്റുമാണെന്ന് പാര്‍വ്വതി. താന്‍ സ്‌ട്രെസ് മാനേജ് ചെയ്തു പോകുന്നത് അവര്‍ കൂടെയുള്ളത് കൊണ്ടാണ്. പോര്‍ച്ചുഗലില്‍ ‘മൈ സ്റ്റോറി’ എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ തളര്‍ന്നു വീണ തന്നെ ഒരു കുടുംബാംഗത്തെയെന്ന പോലെയാണ് അവര്‍ പരിച്ചരിച്ചത് എന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

‘കാല്‍ മുട്ടിന് താഴെ അനക്കമുണ്ടായിരുന്നില്ല. ഒരു പാരാലിസിസ് പോലെ. ആംബുലന്‍സ് എത്തുന്നതിന് മുന്‍പ് ബാത്ത്റൂമിലേക്ക്‌ പോയത് ഇഴഞ്ഞിട്ടാണ്.’, പാര്‍വ്വതി പറഞ്ഞു.

സിനിമയല്ല ജീവിതം
‘ആ ദിവസം ഞാന്‍ ഹിന്ദി സിനിമയുടെ ഷൂട്ടിംഗിലായിരുന്നു. എന്‍റെ ഫോണിലേക്ക് വന്ന മെസ്സേജ് കണ്ടു എനിക്ക് കരച്ചിലടക്കാനായില്ല. അഭിനയിക്കേണ്ടത് ഒരു സന്തോഷമുള്ള സീനിലായിരുന്നു. ഷോട്ടില്‍ അഭിനയിക്കും, തിരിച്ചു വന്നു കരയും. അന്നത്തെ ദിവസം മുഴുവന്‍ അങ്ങനെയായിരുന്നു.’ കഴിഞ്ഞ ഫെബ്രുവരിയില്‍ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവം  അറിഞ്ഞയുടെനെ എന്ത് തോന്നി എന്ന് ചോദിച്ചപ്പോള്‍ പാര്‍വ്വതി പറഞ്ഞതിങ്ങനെ.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാര്‍വ്വതിയുടെ പ്രതികരണത്തിന്‍റെ തീവ്രത ഒട്ടും കുറഞ്ഞിട്ടില്ല. സ്വജീവിതത്തില്‍ അത്തരമൊരു അവസ്ഥയിലൂടെ കടന്നു പോയതിന്‍റെ വേദന, പാര്‍വ്വതിയുടെ വാക്കുകളില്‍ നിഴലിച്ചു നിന്നു.

Read More:പ്രതിഭ പകർന്നാടുന്ന പാർവ്വതിയുടെ കഥാപാത്രങ്ങൾ

‘എന്നെ രക്ഷിക്കൂ, ദയവു ചെയ്തു ഉപദ്രവിക്കരുത്, എന്നെല്ലാം അവള്‍ നിലവിളിച്ചു കാണില്ലേ. എന്‍റെ മനസ്സില്‍ വീണ്ടും വീണ്ടും വരുന്നത് അവള്‍ അങ്ങനെ കെഞ്ചി അപേക്ഷിക്കുന്നതാണ്. എനിക്കറിയാം ആ അവസ്ഥ എന്താണെന്ന്. ആ നിസ്സഹായതയും വേദനയുമെല്ലാം ഞാനും അനുഭവിച്ചിട്ടുണ്ട്.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ