തന്റെ സിനിമകളെക്കുറിച്ചുള്ള നിരൂപണങ്ങള്‍ വായിക്കാറുണ്ട് എന്നും പ്രേക്ഷകരുമായുള്ള ബന്ധത്തെ ഏറ്റവും വിലപ്പെട്ടതായി കാണുന്നു എന്നും നടി പാര്‍വ്വതി തിരുവോത്ത്. തന്റെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നായ ‘മൈ സ്റ്റോറി’യുടെ യുഎഇ റിലീസുമായി ബന്ധപ്പെട്ടു ഗള്‍ഫ്‌ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. നിരൂപണങ്ങള്‍ ഒരു അഭിനേതാവ് എന്ന നിലയിലുള്ള പഠനത്തിനു സഹായിക്കും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ ഈ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ ഫീമേല്‍ അല്ല എന്നും ‘ബാംഗ്ലൂര്‍ ഡേയ്സ്’ വരെ വലിയ ബോക്സ് ഓഫീസ് വിജയങ്ങള്‍ തനിക്കു അന്യമായിരുന്നു എന്നും അവര്‍ വെളിപ്പെടുത്തി. പാര്‍വ്വതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കൂടെ’ എന്ന അഞ്ജലി മേനോന്‍ ചിത്രവും ഇപ്പോള്‍ തിയേറ്ററുകളില്‍ ഉണ്ട്. ‘മൈ സ്റ്റോറി’ നേരിടുന്ന വലിയ പ്രതിസന്ധിയായി അതിന്റെ സംവിധായിക റോഷ്നി ദിനകര്‍ ചൂണ്ടിക്കാണിച്ചത് പാര്‍വ്വതിയ്ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങളാണ്. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് സംസാരിച്ചതു മുതല്‍ കടുത്ത സൈബര്‍ ആക്രമണത്തിന് വിധേയയായ ആളാണ് പാര്‍വ്വതി. അതിനെക്കുറിച്ച് അവര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

തനിക്കെതിരെ നടക്കുന്ന ഈ ആക്രമണങ്ങളെക്കുറിച്ചോര്‍ത്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം പേടിയുണ്ടെന്നും, പക്ഷെ തന്റെ സ്വഭാവം എന്താണെന്ന് അവര്‍ക്കെല്ലാം അറിയാമെന്നും ഗള്‍ഫ് ന്യൂസിനോട് സംസാരിക്കവേ പാര്‍വ്വതി വെളിപ്പെടുത്തി. സത്യം മൂടിവയ്ക്കാനും കണ്ടില്ലെന്നു നടിക്കാനും തനിക്കാകില്ലെന്ന് അവര്‍ക്കറിയാമെന്നും ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്ന അത്ര തന്നെ പ്രധാനമാണ് തനിക്ക് സത്യം പറയുക എന്നതും കുടുംബത്തിന് അറിയാം എന്നും പാര്‍വ്വതി പറയുന്നു.

Read More: എന്താണ് ‘അമ്മ’യോടു പ്രശ്‌നം?; പാർവ്വതിക്ക് പറയാനുളളത്

താന്‍ ഇപ്പോള്‍ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളൊന്നും തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി അല്ലെന്നും മറ്റുള്ളവര്‍ക്കും, വരുന്ന തലമുറയ്ക്കും കൂടി വേണ്ടിയാണെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു. സത്യസന്ധമായി കാര്യങ്ങള്‍ വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്ന പലരും ഉണ്ടാകും. പക്ഷെ അവര്‍ക്ക് പറയാനുള്ള സാഹചര്യമോ വേദിയോ ലഭിക്കാത്തതുകൊണ്ടാകും പറയാത്തത് എന്നും എത്രയോ പേര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞ് തനിക്ക് മെസ്സേജ് അയക്കാറുണ്ട്, പിന്തുണയ്ക്കാറുണ്ട് എന്നും പാര്‍വ്വതി അഭിമുഖത്തില്‍ പറയുന്നു.

“എന്നെ ഇഷ്ടപ്പെടുന്ന, ഞാന്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഉണ്ട്. എത്രയോ പുരുഷന്മാര്‍ മുന്നോട്ട് വരികയും, തുറന്നു സംസാരിച്ചതിന് എന്നെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ തുടങ്ങിവച്ചത് ആവശ്യമായ ഒരു ചര്‍ച്ചയാണ് എന്നവര്‍ വിശ്വസിക്കുന്നുണ്ട്. അതേസമയം എനിക്കൊപ്പം നില്‍ക്കില്ലെന്നു പറയുന്ന സ്ത്രീകളുമുണ്ട്. കാരണം സ്ത്രീകളും പാട്രിയാര്‍ക്കല്‍ ആയി കണ്ടീഷന്‍ ചെയ്യപ്പെട്ടവരാണ്. അതു കൊണ്ടു തന്നെ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ അവര്‍ക്ക് താത്പര്യമില്ല. ഞാന്‍ ആരോടും മാറാനോ എന്നോട് യോജിക്കാനോ പറയുന്നില്ല, കേള്‍ക്കാന്‍ മാത്രമേ ആവശ്യപ്പെടുന്നുള്ളൂ”,

താന്‍ സംസാരിക്കുന്നത് മറ്റു പെണ്‍കുട്ടികള്‍ക്കു കൂടി വേണ്ടിയാണെന്നും, താന്‍ കടന്നു പോയ അവസ്ഥകളിലൂടെ അവര്‍ കടന്നു പോകരുതെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും പാര്‍വ്വതി വിശദീകരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ