ഇന്നലെ ആരംഭിച്ച മുംബൈ ചലച്ചിത്രമേളയുടെ ജൂറി അംഗങ്ങളില്‍ ഒരാളായി മലയാളി താരം പാര്‍വ്വതിയും. ജിയോ മാമി ചലച്ചിത്ര മേളയുടെ ഇരുപതാം പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ‘ഡൈമെന്‍ഷന്‍സ്’ എന്ന് പേരുള്ള ഹ്രസ്വ ചിത്രങ്ങളുടെ വിഭാഗത്തിലേക്കുള്ള വിധികര്‍ത്താക്കളില്‍ ഒരാളാണ് പാര്‍വ്വതി.
Read More: മുംബൈ ചലച്ചിത്രമേളയുടെ റെഡ്കാർപെറ്റില്‍ താരമായി മലയാളികളുടെ കുഞ്ഞിക്ക
പ്രമുഖ സംവിധായകന് രാജ് കുമാര്‍ ഹിറാനിയുടെ നേതൃത്വത്തിലുള്ള ജൂറിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് പാര്‍വ്വതി തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. ഒപ്പം ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ള തന്റെ ചിത്രങ്ങളും താരം പങ്കുവച്ചു.
കഴിഞ്ഞ വര്‍ഷം നടന്ന ചലച്ചിത്രമേളയില്‍ ദുല്‍ഖര്‍ സല്‍മാനും ജൂറി അംഗമായിരുന്നു. ഖരീബ് ഖരീബ് സിംഗിള്‍ എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്. ഇര്ഫാന് ഖാനായിരുന്നു ചിത്രത്തിലെ നായകന്.
Read More: മുംബൈ ചലച്ചിത്രമേളയിലെ മലയാളി സാന്നിധ്യങ്ങള്‍
ഇത്തവണത്തെ മുംബൈ ചലച്ചിത്രമേളയിലേക്ക് മൂന്ന് മലയാളികളുടെ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. രാഹുല്‍ റിജി നായര്‍, വിനു കോലിച്ചല്, ഉണ്ണികൃഷ്ണന് ആവള എന്നിവരുടേതാണ് ചിത്രങ്ങള്‍. രാഹുലിന്റെ ‘ഒറ്റമുറിവെളിച്ചം’ മത്സരവിഭാഗമായ ‘ഇന്ത്യാ ഗോള്‍ഡി’ലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അതേസമയം വിനു കോലിച്ചലിന്റെ ‘ബിലാത്തിക്കുഴല്‍’, ഉണ്ണികൃഷ്ണന് ആവളയുടെ ‘ഉടലാഴം’ എന്നീ ചിത്രങ്ങള്‍ ‘ഇന്ത്യ സ്റ്റോറി’ സെക്ഷനിലും പ്രദര്‍ശിപ്പിക്കും.