അകാലത്തിൽ വിട പറഞ്ഞ അനിയത്തിയുടെ ഓർമകളിൽ നടി പാർവ്വതി ജയറാം. 25 വർഷങ്ങൾക്ക് മുൻപായിരുന്നു പാർവതിയുടെ ഇളയസഹോദരി ദീപ്തി കുറുപ്പിന്റെ മരണം. “ഇരുപത്തഞ്ചു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. എന്റെ കൊച്ചനുജത്തി, എന്റെ മനസാക്ഷിസൂക്ഷിപ്പുകാരി…എക്കാലത്തെയും ആത്മാർത്ഥ സുഹൃത്ത്.. എന്റെ അവസാനശ്വാസം വരെ നിന്നെ ഞാൻ മിസ്സ് ചെയ്യും. മറ്റൊരു ലോകത്ത് നിന്നെ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു,” എന്നാണ് പാർവതി കുറിക്കുന്നത്.

തിരുവല്ല കവിയൂരിൽ രാമചന്ദ്രകുറുപ്പിന്റെയും പത്മഭായിയുടെയും മൂന്നു പെൺമക്കളിൽ രണ്ടാമത്തെയാളാണ് പാർവതി. ജ്യോതിയാണ് കൂട്ടത്തിൽ മുതിർന്നയാൾ.
“എന്റെ നല്ല ഒരു സുഹൃത്തായിരുന്നു അവള്, അവള് ഞങ്ങളെ വിട്ടു പോയെന്ന് തോന്നാറില്ല, ദൂരെയെവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് ചിന്തിക്കും, ചിലപ്പോള്‍ ചില കോളേജുകളുടെ വരാന്തകളില്‍ ഞാന്‍ അവളെ ശ്രദ്ധിക്കും അവിടെ നിന്ന് ഇറങ്ങി വരുന്നുണ്ടാകുമോ എന്ന് നോക്കും,” ദീപ്തിയെ കുറിച്ച് ഒരിക്കൽ മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പാര്‍വതി പറഞ്ഞതിങ്ങനെ. തന്റെ കുടുംബത്തിന്റെ വലിയ നഷ്ടങ്ങളില്‍ ഒന്നാണ് ദീപ്തിയുടെ മരണമെന്നും പാര്‍വതി പറയുന്നു.
ഹരിഹരന്-എംടി വാസുദേവന്‍ നായര്‍ ടീമിന്റെ ‘ആരണ്യകം’ എന്ന ചിത്രത്തിൽ പാർവതിയ്ക്ക് ഒപ്പം ദീപ്തിയും അഭിനയിച്ചിട്ടുണ്ട്.
Read more: ചെന്നൈയിലെ വീട് പരിചയപ്പെടുത്തി കാളിദാസ് ജയറാം; വീഡിയോ