ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ‘കിരീടം’ എന്ന ചിത്രത്തെ മലയാളികൾ നെഞ്ചിലേറ്റിയിട്ട് മുപ്പതു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. വർഷങ്ങൾ കടന്നു പോവുന്തോറും മാധുര്യമേറുന്ന വീഞ്ഞു പോലെയാണ് മലയാളികൾക്ക് ‘കിരീടം’. എത്ര കണ്ടാലും മടുക്കാത്ത ക്ലാസ്സിക് സിനിമകളുടെ പട്ടികയിലാണ് ‘കിരീട’ത്തിന്റെയും സ്ഥാനം. മകനെ പൊലീസ് ഇൻസ്പെക്ടർ ആക്കണം എന്നാഗ്രഹിച്ച കോൺസ്റ്റബിൾ അച്യുതൻ നായരുടെയും, മകൻ സേതുമാധവന്റെയും, ഒന്നിച്ചൊരു ജീവിതം സ്വപ്നം കണ്ട് ഒടുവിൽ സേതുവിനെ പിരിയേണ്ടി വന്ന ദേവി ടീച്ചറുടെയും വിധിവൈപര്യതത്തിന്റെ കഥ മലയാളികളെ ഏറെ നൊമ്പരപ്പെടുത്തിയ​ ഒന്നാണ്.

ആസന്നമായൊരു വിധിയിലേക്ക് യാത്ര ചോദിച്ച് സേതുമാധവൻ (മോഹന്‍ലാല്‍) നടന്നു പോവുമ്പോൾ വേദനയോടെ നിൽക്കുന്ന ദേവി ടീച്ചറും (പാര്‍വ്വതി) ഒരുപാട് പ്രണയിനികളെ പൊള്ളിപ്പിച്ച ഒരു കാഴ്ചയാണ്. “എനിക്ക് എല്ലാം നഷ്ടപ്പെടുകയാണ്, നീയും എനിക്ക് നഷ്ടപ്പെടണം. അല്ലെങ്കിൽ നീയെനിക്കൊരു ബാധ്യതയാവും,” എന്ന് പറഞ്ഞ് സേതു വിട പറയുമ്പോൾ ആ സ്കൂൾ വരാന്തയിൽ തനിച്ചാവുന്ന ദേവി ടീച്ചറേയും ‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി’ എന്ന ഗാനവും മലയാളി എങ്ങനെ മറക്കാനാണ്.

 

‘കിരീടം’ റിലീസായിട്ട് മൂന്നു പതിറ്റാണ്ടു പൂർത്തിയാക്കുമ്പോൾ ചിത്രത്തിന്റെ ഓർമ്മകൾ ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളവുമായി പങ്കു വയ്ക്കുകയാണ് പാർവ്വതി ജയറാം.

“‘സിബി മലയിൽ സാറാണ് എന്നോട് ‘കിരീട’ത്തിലെ ദേവിയെ കുറിച്ച് ആദ്യം സംസാരിക്കുന്നത്. ആ സിനിമയിൽ അഭിനയിക്കുന്ന കാലത്ത് ഒരു സാധാരണ സിനിമ എന്നെ തോന്നിയിട്ടുള്ളൂ. ഇത്ര വർഷം കഴിഞ്ഞിട്ടും ആളുകൾ ‘കിരീട’ത്തെ കുറിച്ച് ചർച്ച ചെയ്യുന്നതും അതിന്റെ വാല്യൂ മനസ്സിലാക്കുന്നതും ചർച്ച ചെയ്യുന്നതുമൊക്കെ കാണുമ്പോൾ അത്ഭുതമാണ്. ‘കിരീടം’ ഒരു ക്ലാസ്സിക് സിനിമയായി ആളുകളുടെ മനസ്സിൽ നിൽക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്,” പാർവ്വതി പറയുന്നു.

Parvathy Jayaram, പാർവ്വതി ജയറാം, Kireedam, കിരീടം, Mohanlal, മോഹൻലാൽ, Lohithadas, ലോഹിതദാസ്, Sibi Malayil, സിബി മലയിൽ, Parvathy In kireedam, Johnson master songs, Kireedam songs, ജോൺസൺ മാസ്റ്ററിന്റെ പാട്ടുകൾ, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം, Indian express Malayalam

മലയാളികൾ എന്നും പാടി നടക്കുന്ന മനോഹരമായൊരു ഗാനരംഗത്തിന്റെ കൂടെ ഭാഗ്യമാകാനുള്ള​ അവസരമാണ് ‘കിരീടം’ പാർവ്വതിയ്ക്ക് സമ്മാനിച്ചത്.

“എന്റെ കരിയറിലെ മറ്റൊരു ഭാഗ്യം ഞാനഭിനയിച്ച ചിത്രങ്ങളിലെ പാട്ടുകളാണ്. എല്ലാവരും എപ്പോഴും ഓർത്തിരിക്കുന്ന ഒരുപാട് നല്ല ഗാനരംഗങ്ങളിൽ അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ‘തൂവാനത്തുമ്പികൾ’, ‘ജാലകം’, ‘അധിപൻ’ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങൾ,” പാർവ്വതി ഓർക്കുന്നു.

തന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളുടെ ലിസ്റ്റിലും ‘കണ്ണീർപൂവിന്റെ കവിളിൽ തലോടി’ എന്ന ഗാനത്തിന് ഏറെ വലിയൊരു സ്ഥാനമുണ്ടെന്ന് അവർ കൂട്ടിച്ചേർക്കുന്നു.

“ജോൺസൺ സാറിന്റെ ഏറ്റവും നല്ല വർക്കുകളിൽ ഒന്നാണ് ‘കണ്ണീർപൂവിന്റ കവിളിൽ തലോടി’ എന്ന ഗാനം. അത്തരമൊരു പാട്ടിന്റെ ഭാഗമാവാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു. അതൊന്നും പ്ലാൻ ചെയ്തതല്ല, അങ്ങനെ സംഭവിച്ചു പോകുന്നതാണ്.”

ലോഹിസാർ തന്ന കഥാപാത്രങ്ങൾ

തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ  ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് പാര്‍വ്വതിയ്ക്ക്. ‘വളയ’ത്തിലെ സീത, ‘രാധാമാധവ’ത്തിലെ അമ്മു., ‘എഴുതാപ്പുറങ്ങള്‍’, ‘കമലദളം’ എന്നിങ്ങനെ.

“ലോഹിസാർ എഴുതിയ ഇത്രയേറെ സിനിമകളിൽ അഭിനയിച്ചുവെങ്കിലും അദ്ദേഹവുമായി അങ്ങനെ സംസാരിക്കാറൊന്നുമില്ലായിരുന്നു. വളരെ മിതമായിട്ടേ അദ്ദേഹം സംസാരിക്കുമായിരുന്നുള്ളൂ. ചിലപ്പോൾ ഞാനൊരു കുഞ്ഞാണല്ലോ എന്നു കരുതിയാവണം. ഈ കഥാപാത്രങ്ങളെ കുറിച്ചൊക്കെ കൂടുതലും എന്നോട് സംസാരിച്ചത് സംവിധായകരാണ്. കൂടുതലും സിബി മലയിൽ സാറിന്റെ ചിത്രങ്ങളായിരുന്നു,” പാർവ്വതി ഓര്‍ക്കുന്നു.

1989 ജൂലൈ ഏഴിനാണ് ‘കിരീടം’ റിലീസിനെത്തിയത്. കൃപാ ഫിലിംസിന്റെ ബാനറില്‍ കിരീടം ഉണ്ണിയും ദിനേശ് പണിക്കരും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്. 25 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ അന്നത്തെ നിർമ്മാണച്ചെലവ് ഇരുപത്തിനാലു ലക്ഷം രൂപയായിരുന്നു.

മോഹൻലാൽ, തിലകൻ, പാർവ്വതി എന്നിവർക്കൊപ്പം മുരളി, കീരിക്കാടൻ ജോസ്, മുരളി, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, ശങ്കരാടി, കവിയൂർ പൊന്നമ്മ, ഫിലോമിന തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ആ വർഷം ദേശീയ ചലച്ചിത്ര പുരസ്കാരവേളയിൽ ‘കിരീട’ത്തിലെ അഭിനയത്തിന് മോഹൻലാലിന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചിരുന്നു. ‘കണ്ണീർ പൂവിന്റെ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിന് കേരള സർക്കാറിന്റെ ആ വർഷത്തെ മികച്ച പിന്നണിഗായകനുള്ള പുരസ്കാരം എം ജി ശ്രീകുമാറും സ്വന്തമാക്കി.

Read More Entertainment News Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook