കുട്ടിയായിരിക്കുമ്പോള്‍ താന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ എടുത്തുവെന്നും, താന്‍ ആക്രമണത്തെ അതിജീവിച്ച ഒരാളാണെന്ന് സ്വയം ബോധ്യപ്പെടുത്തുക എന്നത് ഇന്നും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്നും നടി പാര്‍വ്വതി. മുംബൈ ചലച്ചിത്രമേളയില്‍ പങ്കെടുത്തു സംസാരിക്കവെയായിരുന്നു പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍.

‘വളരെ ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് എനിക്കത് സംഭവിച്ചത്. 17 വര്‍ഷമെടുത്തു അതൊരു ആക്രമണമായിരുന്നുവെന്ന് തിരിച്ചറിയാന്‍. എനിക്കന്ന് മൂന്നോ നാലോ വയസേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ചോദിച്ചു വാങ്ങിയതല്ല അത്. പക്ഷെ ഞാന്‍ ആക്രമിക്കപ്പെട്ടു. പിന്നീട് അതേക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ വീണ്ടുമൊരു 12 വര്‍ഷം കൂടി സമയമെടുത്തു,’ പാര്‍വ്വതി പറഞ്ഞു.

Read More: മുംബൈ ചലച്ചിത്രമേളയുടെ ജൂറിയില്‍ പാര്‍വ്വതിയും

തനിക്കു സംഭവിച്ച ഒരു കാര്യത്തെക്കുറിച്ചാണ് വേദിയിലിരുന്ന് സംസാരിക്കുന്നതെന്നും ഒരു ജെന്‍ഡറോ മറ്റെന്തെങ്കിലുമോ ടാഗ് തരുന്നതിന് മുമ്പ് താന്‍ ഒരു വ്യക്തിയായാണ് സംസാരിക്കുന്നതെന്നും പാര്‍വ്വതി വ്യക്തമാക്കി.

‘പക്ഷെ അതിജീവനം എന്നത് എങ്ങനെയാണെന്നുവച്ചാല്‍, അത് തിരിച്ചറിയുന്നതും അത് സംഭവിച്ചുവെന്ന് അംഗീകരിക്കുന്നതും അതിനെ മറികടക്കുന്നതുമെല്ലാം ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന ഒരു പോരാട്ടം തന്നെയാണ്. എന്റെ സുഹൃത്തുക്കളോട് അതേക്കുറിച്ച് സംസാരിക്കുക, എന്റെ രക്ഷിതാക്കളോട് പറഞ്ഞു മനസിലാക്കിക്കുക എന്നതെല്ലാം ദിവസവും വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്.’

Read More: ഞങ്ങളുടെ ശബ്ദങ്ങള്‍ ഇനി മുങ്ങിപ്പോകില്ല; ചിന്മയിക്കൊപ്പമെന്ന് പാര്‍വ്വതി

വളരെ ആത്മവിശ്വാസമുള്ളൊരു പെണ്‍കുട്ടിയായാണ് തന്നെ വളര്‍ത്തിക്കൊണ്ടുവന്നതെന്നും എന്നിട്ടും ഇത് സംഭവിച്ചത് താനത് അര്‍ഹിച്ചിരുന്നോ എന്ന കാര്യം വല്ലാതെ അത്ഭുതപ്പെടുത്താറുണ്ടെന്നും പാര്‍വ്വതി പറഞ്ഞു.

‘വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ആക്രമണത്തെ അതിജീവിച്ച ഒരാളാണെന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കുക എന്നത് നിത്യേന വേണ്ടിവരുന്ന ഒരു സ്ട്രഗിള്‍ ആണ്. അതിജീവനം എന്നത് ശാരീരികമായി മാത്രമുള്ള ഒന്നല്ല. അത് മാനസികമായ ഒന്നുകൂടിയാണ്,’ പാര്‍വ്വതി പറഞ്ഞു. പാർവ്വതിക്കു പുറമെ അഞ്ജലി മേനോൻ റിമ കല്ലിങ്കൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

ഇത്തവണത്തെ ചലച്ചിത്രമേളയുടെ ജൂറി അംഗങ്ങളിൽ ഒരാൾ കൂടിയാണ് പാർവ്വതി. ജിയോ മാമി ചലച്ചിത്ര മേളയുടെ ഇരുപതാം പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ‘ഡൈമെന്‍ഷന്‍സ്’ എന്ന് പേരുള്ള ഹ്രസ്വ ചിത്രങ്ങളുടെ വിഭാഗത്തിലേക്കുള്ള വിധികര്‍ത്താക്കളില്‍ ഒരാളാണ് പാര്‍വ്വതി. പ്രമുഖ സംവിധായകന്‍ രാജ് കുമാര്‍ ഹിറാനിയുടെ നേതൃത്വത്തിലുള്ള ജൂറിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് പാര്‍വ്വതി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. ഒപ്പം ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ള തന്റെ ചിത്രങ്ങളും താരം പങ്കുവച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook