ശോഭന, ഉര്‍വ്വശി എന്നിവരുടെ തിരിച്ചുവരവിനു ശേഷവും ഓരോ മലയാളിയും ആകാംക്ഷയോടെ കാത്തിരുന്ന ഒരു വാര്‍ത്തയുണ്ട്. എന്നാണ് പാര്‍വ്വതി വീണ്ടും അഭിനയിച്ചു തുടങ്ങുക എന്ന്. കുറച്ചു വേഷങ്ങളിലൂടെ അത്രമേല്‍ മലയാളികളുടെ മനസില്‍ സ്ഥാനമുറപ്പിച്ചാണ് പാര്‍വ്വതി ജയറാമിനെ വിവാഹം കഴിച്ചതും അഭിനയം നിര്‍ത്തിയതുമെല്ലാം. ഒടുവില്‍ താന്‍ തിരിച്ചു വരികയാണെന്ന് പാര്‍വ്വതി തന്നെ പറയുന്നു. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍.

തിരിച്ചു വരവിന് ജയറാമും മക്കളും എല്ലാ പിന്തുണയും തരുന്നുണ്ടെന്നും, എന്നാല്‍ നല്ലൊരു വേഷത്തിനായി കാത്തിരിക്കുകയാണ് താനെന്നും പാര്‍വ്വതി പറയുന്നു. തന്റെ ‘അമ്മ’ കഥാപാത്രമായി തിരിച്ചുവന്നുകൂടെ എന്നു കാളിദാസ് ചോദിച്ചിരുന്നുവെന്നും, എന്നാല്‍ അതിനെക്കാള്‍ താന്‍ പ്രാധാന്യം നല്‍കുന്നത് മികച്ച ഒരു കഥാപാത്രത്തിലൂടെ തിരിച്ചുവരാനാണെന്നും പാര്‍വ്വതി വെളിപ്പെടുത്തി. മകനെ ആശ്രയിച്ചു സ്വപ്‌നം കാണാന്‍ ആഗ്രഹമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘എന്നെക്കാള്‍ നന്നാവുന്നത് വേറൊരാള്‍ കണ്ണന്റെ അമ്മയായി അഭിനയിക്കുന്നതാകും. ജയറാമിന്റെ കാര്യത്തിലും അങ്ങനെ തന്നെ. എങ്കിലേ കാണാനൊരു വ്യത്യസ്തതയുണ്ടാകൂ. ഉറപ്പായും സിനിമയിലേക്ക് എത്തണമെന്നു തന്നെയാണ് ആഗ്രഹം. നല്ല കഥാപാത്രം കിട്ടിയാല്‍ ഒട്ടും വൈകില്ല. പിന്നെ, ഞാന്‍ വന്നാലും ഇവരുടെ കൂടെയൊന്നും അഭിനയിക്കില്ല. എന്റെ സ്വപ്‌നങ്ങള്‍ മറ്റു ചിലതാണ്,’ പാര്‍വ്വതി വ്യക്തമാക്കി.

ഇത്രയും നാള്‍ വിട്ടു നിന്നതുകൊണ്ട് തിരിച്ചു വരവ് അത്രയും നല്ലൊരു കഥാപാത്രത്തിലൂടെയാകട്ടെ എന്നാണ് ജയറാമിന്റെയും അഭിപ്രായം. ’25 വര്‍ഷത്തിനു ശേഷം അശ്വതി തിരിച്ചു വരുമ്പോള്‍ അങ്ങനെയൊരു സിനിമ വേണമെന്ന് വാശിയാണെനിക്ക്. അധികം വൈകില്ലായിരിക്കും,’ ജയറാം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ