നടി പാര്‍വതി ഒരു സംഭവം തന്നെയാണ്. ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ വരെ സമ്മതിച്ച കാര്യമാണിത്. അഭിനയിക്കാനും അഭിപ്രായങ്ങള്‍ തുറന്നു പറയാനും മാത്രമല്ല, നന്നായി പാട്ടു പാടാനും പാര്‍വതിക്കറിയാം.

തനൂജ ചന്ദ്ര സംവിധാനം ചെയ്യുന്ന ‘ഖരീബ് ഖരീബ് സിംഗിള്‍’ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി തന്റെ ബോളിവുഡ് അരങ്ങേറ്റം നടത്തിയത്. ചിത്രത്തില്‍ മലയാളിയായ നായിക ജയ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞു. നവംബര്‍ 10ന് തിയേറ്ററുകളില്‍ സിനിമ എത്താനിരിക്കെയാണ് തന്റെ നായികയെ മിസ്സ് ചെയ്യുന്നു, തിരിച്ചു വരൂ എന്നു പറഞ്ഞ് ഇര്‍ഫാന്‍ ഖാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. കേള്‍ക്കേണ്ട താമസം. പാട്ടും പാടി പാര്‍വതിയെത്തി ഇര്‍ഫാന്റെയടുക്കല്‍. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയിലെ ആതിഫ് അസ്ലം ആലപിച്ച ‘വോ ജോ താ’ എന്ന പാട്ടാണ് പാര്‍വതി ഇര്‍ഫാനുവേണ്ടി പാടിയത്.

കഴിഞ്ഞദിവസമാണ് ഇര്‍ഫാന്‍ പാര്‍വതിയെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞ് പോസ്റ്റ് എഴുതിയത്. ‘പാര്‍വതി ഞാന്‍ കണ്ണുനീരിനെ വെറുക്കുന്നു. മുംബൈയില്‍ വേഗം കണ്ടുമുട്ടാം. കൊല്‍ക്കത്തയിലെ ഡേറ്റ് ഞാന്‍ മാത്രമായി അവസാനിച്ചു’. ഇര്‍ഫാന്‍ കുറിച്ചു. ഇതിന് പാര്‍വതി മറുപടിയും നല്‍കിയിട്ടുണ്ട്. ‘യോഗി ജി, ഞാനിതാ വരികയാണ് ഇനി കണ്ണീരില്ല, ഡേറ്റിങ്ങിനായി കാത്തിരിപ്പുമില്ല.’ ഇതാണ് പാര്‍വതി തന്റെ നായകന് നല്‍കിയ മറുപടി.

അടുത്തിടെയാണ് പാര്‍വതിയുടെ പ്രതിഭയെ പ്രശംസിച്ചു കൊണ്ട് ഇര്‍ഫാന്‍ ഖാന്‍ സംസാരിച്ചത്. ‘പാര്‍വതി ഒരു ഗംഭീര നടിയാണ്. ധാരാളം ആരാധകരുണ്ട് പാര്‍വതിക്ക്. അവര്‍ക്കൊപ്പം അഭിനയിക്കുന്നത് കുറച്ച് സങ്കീര്‍ണമായിരുന്നു. ചിത്രത്തില്‍ ഞാന്‍ ശ്രദ്ധിക്കപ്പെടുമോ എന്നു പോലും എനിക്കറിയില്ല. അവര്‍ അത്രയും നല്ലൊരു നടിയല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കിടയില്‍ ഇത്രയും നല്ലൊരു കെമിസ്ട്രി സംഭവിക്കില്ലായിരുന്നു.’ എന്നാണ് ഇര്‍ഫാന്‍ അന്നു പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ