നടി പാർവ്വതിയുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പേജ്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ചുള്ള പോസ്റ്റുകൾ കണ്ടു തുടങ്ങിയപ്പോഴാണ് ഈ പേജ് ശ്രദ്ധയിൽ പെട്ടത്. ഇത് തന്റെ പേജല്ലെന്നും, ഇതിലെ ഭിന്നത പ്രചരിപ്പിക്കുന്ന വാക്കുകൾ തന്റേതല്ലെന്നും പാർവ്വതി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

“കഴിഞ്ഞ വർഷം തെക്കൻ കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ കോഴിക്കോട് നിന്നും മലപ്പുറത്തു നിന്നും വയനാട്ടിൽ നിന്നും യഥേഷ്ടം ഭക്ഷണവും വസ്ത്രവും മറ്റ് അവശ്യസാധാനങ്ങളുമായി ഓടിവന്ന മനുഷ്യരാണ്. വീടുകളിൽ അടിഞ്ഞ ചളിയും കഴുകി വൃത്തിയാക്കി തന്നിട്ടേ അവർ തിരിച്ചു പോന്നിട്ടുള്ളൂ. ഉരുൾപൊട്ടിയും വെള്ളം പൊങ്ങിയും അവരിൽ ഏറെ പേരും ബന്ധുക്കളും ദുരിതാശ്വാസ ക്യാമ്പുകളിൽ ആണ്. മതിയായ ഭക്ഷണമോ വസ്ത്രമോ ഒന്നുമില്ലാതെ കഴിയുകയാണ് പല ക്യാമ്പുകളിലും. മഴക്കെടുതി കാര്യമായി ബാധിച്ചിട്ടില്ലാത്ത തെക്കൻ കേരളത്തിലെ സുഹൃത്തുക്കളേ, ആലോചിച്ചു നിൽക്കാതെ ഉണർന്നു പ്രവർത്തിക്കൂ. ഇപ്പോഴല്ലാതെ എപ്പോഴാണ് നിങ്ങൾ സഹായിക്കുക?.” പാർവ്വതി ടി.കെ എന്ന പേരിലുള്ള വ്യാജ പ്രൊഫൈലിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പോസ്റ്റാണിത്. എന്നാൽ കേരളീയരെ തെക്ക് ഭാഗത്തുള്ളവർ എന്നും വടക്ക് ഭാഗത്തുള്ളവർ എന്നും ഭിന്നിപ്പിക്കുന്നു എന്ന് പറഞ്ഞ് ഈ പോസ്റ്റിന് താഴെ വിമർശനവുമായി നിരവധി പേർ എത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി പാർവ്വതി രംഗത്തെത്തിയിരിക്കുന്നത്. ഇത് തന്റെ പേജല്ലെന്നും, നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാൻ ശ്രമിക്കുന്നതിനിടയിൽ, തന്റെ പേരിൽ ഇത്തരം വ്യാജ പ്രജരണങ്ങൾ നടത്തരുതെന്നും പാർവ്വതി പറഞ്ഞു.

“കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകൾ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ചു രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാം. അതിജീവിക്കാം ഒരിക്കൽ കൂടി. ഒരുമിച്ച് !,” പാർവ്വതി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook