പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച് രംഗത്തെത്തിയ ബോളിവുഡ് നടൻ അനുപം ഖേറിന്റെ വീഡിയോ കണ്ട് മൂക്കത്ത് വിരൽ വച്ച് നടി പാർവ്വതി തിരുവോത്ത്. ‘അയ്യേ’ എന്നാണ് ഈ വീഡിയോയ്ക്ക് പാർവ്വതിയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പങ്കുവച്ചുകൊണ്ടാണ് പാർവ്വതി പ്രതികരിച്ചത്.
ചില ആളുകൾ രാജ്യത്തിന്റെ സമഗ്രതയെ തകർക്കാൻ ശ്രമിക്കുമ്പോൾ, ഇത് സംഭവിക്കാൻ അനുവദിക്കാതിരിക്കുക എന്നത് നമ്മുടെ കടമയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, അത്തരം ഘടകങ്ങൾ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നു. ഇവരാണ് ഏറ്റവും അസഹിഷ്ണുത കാണിക്കുന്നത് എന്നും സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിഷേധക്കാർ ശ്രമിക്കുന്നത് എന്നുമെല്ലാമായിരുന്നു അനുപം ഖേറിന്റെ പ്രതികരണം.
സർക്കാരിന്റെ വിശ്വാസ്യതയെ കളങ്കപ്പെടുത്താൻ ഒരു വിഭാഗം ആളുകൾ ശ്രമിക്കുകയാണെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അനുപം ഖേർ പറഞ്ഞിരുന്നു. ഖേറിന്റെ ഭാര്യ കിറോൺ ഖേർ ചണ്ഡിഗഡിൽ നിന്നുള്ള നിലവിലെ ലോക്സഭാ എംപിയാണ്.
Read More: പൗരത്വ ഭേദഗതി നിയമം: തെരുവിലിറങ്ങി പ്രതിഷേധിച്ച് പാര്‍വതിയും
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നേരത്തേയും പാർവ്വതി രംഗത്തെത്തിയിട്ടുണ്ട്. മുംബൈയിൽ നടന്ന പ്രതിഷേധത്തിലും പാർവ്വതി പങ്കെടുത്തിരുന്നു. മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനില്‍ ബോളിവുഡില്‍ നിന്നുള്ള ഒട്ടേറെ സിനിമാ പ്രവര്‍ത്തകര്‍ പൗരത്വ നിയമത്തിനെതിരായി പ്രതിഷേധിച്ചിരുന്നു. ഈ പരിപാടിയിലാണ് പാര്‍വതിയും പങ്കെടുത്തത്. പ്രതിഷേധ വേദിയില്‍ നിന്നുള്ള പാര്‍വതിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.