ഒരപ്പൂപ്പന്‍ താടിപോലെ എവിടെയും സന്തോഷത്തോടെ പാറി നടക്കുന്ന ചാർലിയെന്ന ചെറുപ്പക്കാരന്റെയും അവനെ പിൻതുടരുന്ന ടെസ എന്ന പെൺകുട്ടിയുടെയും കഥ പറഞ്ഞ മാർട്ടിൻ പ്രക്കാട്ട് ചിത്രമായിരുന്നു ‘ചാർലി’. വ്യത്യസ്തമായ വഴികളിലൂടെ പ്രണയസാക്ഷാത്കാരം നേടുന്ന നായിക. ഉണ്ണി ആറിന്റെ തിരക്കഥയിൽ പിറന്ന ടെസ്സയ്ക്കാണ് താനിതുവരെ ചെയ്ത കഥാപാത്രങ്ങളിൽ താനുമായി ഏറെ സാമ്യമെന്നാണ് പാർവ്വതിയുടെ വിലയിരുത്തൽ.

“എല്ലാ കഥാപാത്രങ്ങളും എന്നിൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാധീനമുണ്ടാക്കാറുണ്ട്. രൂപം കൊണ്ടു മാത്രമല്ല അത്. എന്റെ മറ്റേതു കഥാപാത്രങ്ങളേക്കാളും ഞാനുമായി ഏറെ സാമ്യമുള്ളത് ‘ചാർലി’യിലെ ടെസയാണ്. ടെസ്സയായി അഭിനയിക്കും മുൻപു തന്നെ ആ കഥാപാത്രത്തിന്റെ സാഹസിക മനോഭാവം എനിക്കുണ്ടായിരുന്നു ടെസയെ പോലെയല്ല എന്റെ വസ്ത്രധാരണരീതിയെന്നുമാത്രം. ‘ബാംഗ്ലൂർ ഡേയ്സി’ലെ സാറയാണ് കൂടുതൽ ചിരിക്കാനും ഓപ്പണാവാനും എന്നെ പഠിപ്പിച്ചത്. പ്രണയത്തിലൂടെ എങ്ങനെ കൂടുതൽ ധൈര്യവതിയാവാം എന്ന് ‘മരിയാനി’ലെ പനിമലർ പഠിപ്പിച്ചു. സാഹചര്യങ്ങളെ കരുത്തോടെ പ്രതിരോധിക്കാൻ ‘ടേക്ക് ഓഫി’ലെ സമീറയെന്നെ പഠിപ്പിച്ചു. അങ്ങനെ ഞാൻ ചെയ്ത കഥാപാത്രങ്ങൾ എന്നെ പലതും പഠിപ്പിച്ചിട്ടുണ്ട്, എന്നാൽ ടെസ എനിക്കൊരു സുഹൃത്തിനെ പോലെയാണ്,” പാർവ്വതി പറയുന്നു. ‘ദ ഹിന്ദു’വിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവ്വതി.

 

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കുന്ന ‘ഉയരെ’ എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് പാർവ്വതി ഇപ്പോൾ. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പാർവ്വതി എത്തുന്നത്. ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകനാണ് ‘ഉയരെ’യുടെ സംവിധായകന്‍. മനു അശോകന്റെ ആദ്യചിത്രമായ ‘ഉയരെ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. പാര്‍വതിയുടെ അച്ഛന്റെ വേഷത്തില്‍ രഞ്ജി പണിക്കറും ചിത്രത്തിലുണ്ട്. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റു താരങ്ങള്‍. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ നിര്‍മ്മാണചുമതല പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേര്‍ഗ എന്നിവര്‍ക്കാണ്.

Read more: വാക്കുകള്‍ക്കതീതമാണ് ‘ഉയരെ’ തന്നെ അനുഭവം: നിര്‍മ്മാതാക്കള്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ സംസാരിക്കുന്നു

ആഗ്രയിലെ ‘ഷീറോസ്’ കഫെ സന്ദർശിച്ചതിനു ശേഷമായിരുന്നു കഥാപാത്രമാകാനുള്ള തയ്യാറെടുപ്പുകൾ പാർവ്വതി നടത്തിയത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു കൂട്ടം സ്ത്രീകൾ നടത്തുന്ന സ്ഥാപനമാണ് ഷീറോസ് കഫെ. അവരുടെ ജീവിതം പഠിക്കാനായിരുന്നു പാര്‍വ്വതി ഷീറോസില്‍ എത്തിയത്. ”ഷീറോസില്‍ നിന്നും കിട്ടിയ പിന്തുണയ്ക്കും അനുഗ്രഹത്തിനും അകമഴിഞ്ഞ നന്ദിയുണ്ട്. ആസിഡ് ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ പലരുണ്ടെങ്കിലും അതിലെ അതിജീവിച്ചവരാണ് കൂടുതല്‍. അത്തരത്തില്‍ ഉള്ള ദൃഢവിശ്വാസത്തില്‍ നിന്നും പിറന്നതാണ് പല്ലവി. ഈ ശക്തിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ കിട്ടിയ അവസരത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു”, എന്നായിരുന്നു പാർവ്വതി ഫേസ്ബുക്കില്‍ കുറിച്ചത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook