മലയാളത്തിന്‍റെ പ്രിയപ്പെട്ട പാര്‍വ്വതി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച കരീബ് കരീബ് സിംഗിള്‍ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തി. കണ്ടിറങ്ങിവര്‍ക്കെല്ലാം പറയാനുള്ളത് പാര്‍വ്വതിയെക്കുറിച്ച് മാത്രം.

ആദ്യ നിരൂപണങ്ങളില്‍ പാര്‍വ്വതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇങ്ങനെ :

‘പാര്‍വ്വതിയാണ് ഈ സിനിമയുടെ ഹൃദയമിടിപ്പ്‌. ബോളിവുഡിലെ നിര്‍ജ്ജീവമായ അലങ്കാര കോലങ്ങള്‍ക്കിടയില്‍ ഈ പെണ്‍കുട്ടി ജൈവമായി, സചേതനമായി നില കൊള്ളുന്നു. മലിനമായ അന്തരീക്ഷത്തില്‍ ശുദ്ധവായു വീശുന്നത് പോലെ,’ ശുഭ്ര ഗുപ്ത, ഇന്ത്യന്‍ എക്സ്പ്രസ്സ്‌.

‘ജയ എന്ന കഥാപാത്രത്തിന് വേണ്ട ബുദ്ധിയും വശ്യതയും പകരാന്‍ മലയാള സിനിമാ താരം പാര്‍വ്വതിയ്ക്ക് സാധിച്ചു. അവളുടെ പ്രതിഭയുടെ തിളക്കത്തില്‍ നിറഞ്ഞതാണ് സിനിമയിലെ ഓരോ ഫ്രെയിമും,’ സൈബാല്‍ ചാറ്റര്‍ജി, എന്‍ ഡി ടി വി.

‘വിരോധാഭാസങ്ങള്‍ ഏറെയുള്ള കഥാപാത്രമാണ് ജയ. പരാശ്രയമില്ലാതെ ജീവിക്കുന്ന, എന്നാല്‍ അത്രയ്ക്ക് ആത്മവിശ്വാസമില്ലാത്ത, തന്‍റെ പൂര്‍വ്വകാല പ്രശ്നങ്ങളില്‍ പെട്ട് കിടക്കുന്ന ഒരു പെണ്‍കുട്ടി. ഒടുവില്‍ അവള്‍ ജീവിത വിജയം കൈവരിക്കുന്നു. ഈ റോളിന് പാര്‍വ്വതി തന്നെയാണ് പെര്‍ഫെക്റ്റ്‌ ചോയ്സ്,’  ശ്വേതാ കൌശല്‍, ഹിന്ദുസ്ഥാന്‍ ടൈംസ്‌.

കൂടുതല്‍ വായിക്കാം: ബോളിവുഡില്‍ മലയാളം പറഞ്ഞ് പാര്‍വ്വതി

‘പാര്‍വ്വതിയുടെ ഒതുക്കമുള്ള പ്രകടനമാണ് ജയ എന്ന കഥാപാത്രത്തിന്‍റെ ആരൂഡം. ഒതുക്കമുള്ള പ്രകടനം കൊണ്ട് ജയ എന്ന കഥാപാത്രത്തെ, അവളുടെ പൂര്‍വ്വകാല കഥയെ, ഭാവി തീരുമാനങ്ങളെ എല്ലാം ഭദ്രമാക്കിയിരിക്കുന്നു പാര്‍വ്വതി,’ നീല്‍ സോന്‍സ്, ടൈംസ്‌ ഓഫ് ഇന്ത്യ.

‘തന്‍റെ ബാഹ്യ സൗന്ദര്യത്തെക്കുറിച്ച് ഒട്ടും വേവലാതിയില്ലാതെ, മേക്കപ്പ് മിതപ്പെടുത്തി, ക്യാമറയ്ക്ക് മുന്നില്‍ പേടിയോ സങ്കോചമോ ഇല്ലാതെ നില്‍ക്കുന്ന പാര്‍വ്വതി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു,’  അങ്കിത ചൌരസ്യ, ബോളിവുഡ് ന്യൂസ്‌.

‘കുറച്ചു നാണം കുണുങ്ങിയായ, ജോലിയില്‍ മുഴുകിയ ഒരു സ്ത്രീയായി പാര്‍വ്വതി കസറി. ടൂ ഗുഡ് എന്ന് വേണം പറയാന്‍,’ രോഹിത് ഭട്ട്നഗര്‍, ഡെക്കാന്‍ ക്രോണിക്കിള്‍.

‘ശക്തവും സുന്ദരവുമാണ് പാര്‍വ്വതിയുടെ അഭിനയം,’ നന്ദിനി രാമനാഥ്, സ്ക്രോള്‍.

കൂടുതല്‍ വായിക്കാം: പാര്‍വ്വതീ, തിരിച്ചു വരൂ

തനുജ ചന്ദ്ര സംവിധാനം ചെയ്ത ‘കരീബ് കരീബ് സിംഗിളി’ല്‍ ഇര്‍ഫാന്‍ ഖാന്‍ ആണ് നായകന്‍. മികച്ച നടിയായ പാര്‍വ്വതിയോടൊപ്പം അഭിനയിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് ഇര്‍ഫാന്‍ പറഞ്ഞു.

‘പാര്‍വതി ഒരു ഗംഭീര നടിയാണ്. ധാരാളം ആരാധകരുണ്ട് പാര്‍വതിക്ക്. അവര്‍ക്കൊപ്പം അഭിനയിക്കുന്നത് കുറച്ച് സങ്കീര്‍ണമായിരുന്നു. ചിത്രത്തില്‍ ഞാന്‍ ശ്രദ്ധിക്കപ്പെടുമോ എന്നു പോലും എനിക്കറിയില്ല. അവര്‍ അത്രയും നല്ലൊരു നടിയല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കിടയില്‍ ഇത്രയും നല്ലൊരു കെമിസ്ട്രി സംഭവിക്കില്ലായിരുന്നു.’

കൂടുതല്‍ വായിക്കാം: ‘പാര്‍വ്വതി ഒരു രക്ഷയുമില്ലാത്ത നടി’

ട്രെയിലര്‍ പുറത്തുവന്ന സമയത്തു തന്നെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രെയിലറില്‍ പാര്‍വതിയുടെ കഥാപാത്രം മലയാളം പറയുന്നതും പ്രേക്ഷകര്‍ ആഘോഷമാക്കി. ‘വേഗം ഇറങ്ങ് കഴുതെ’ എന്നാണ് ഇര്‍ഫാന്‍ ഖാന്റെ കഥാപാത്രത്തോട് പാര്‍വതിയുടെ ജയ എന്ന കഥാപാത്രം പറയുന്നത്.

ഒരു ഡേറ്റിംഗ് സൈറ്റില്‍ കണ്ടു മുട്ടുന്ന നായകനും നായികയും പിന്നീടു ഒരു യാത്ര പോവുകയാണ്. അവരെ തുടര്‍ന്ന് പോകുന്നതാണു ഈ റോഡ്‌ മൂവി. പ്രണയവും കോമഡിയുമെല്ലാം ചേര്‍ന്ന ഈ ചിത്രം, ബിക്കനേര്‍, റിഷികേശ്, ഗാംഗ്ടോക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ്ചിത്രീകരണം.

ചിത്രത്തിന്‍റെ രചന കാംന ചന്ദ്ര. എഴുത്തുകാരന്‍ വിക്രം ചന്ദ്രയുടെ അമ്മയാണ് കാംന, തനൂജ സഹോദരിയും. നടനവിസ്മയമായ ഇര്‍ഫാന്‍ ഖാന്‍റെ മറ്റൊരു അവിസ്മരണീയ പ്രകടനമായി ബോളിവുഡ് ചരിത്രം ‘കരീബ് കരീബ് സിംഗിള്‍’ എന്ന ഈ ചിത്രത്തെ രേഖപ്പെടുത്തുമ്പോള്‍, നമ്മുടെ സ്വന്തം പാര്‍വ്വതിയെ അഭിനന്ദിക്കുകയും പ്രതീക്ഷയോടെ ഉറ്റുനോക്കുകയും ചെയ്യുന്നു എന്നതില്‍ മലയാളത്തിന് അഭിമാനിക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ